അമേരിക്ക ഭയന്ന ആ ഇറാന് നയതന്ത്രജ്ഞന് ആരാണ് ?

‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയും ശേഷിയും എന്തെന്ന് അറിയാം. ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് യുദ്ധം ആരംഭിക്കാം. എന്നാല്‍ അതിന്റെ അവസാനം തീരുമാനിക്കുന്നത് ഞങ്ങളായിരിക്കും. കഴിഞ്ഞവര്‍ഷം തെഹ്റാനനില്നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹംദാന്‍ നഗരത്തില്‍ നിന്നാണ് കാസിം സുലൈമാനിയുടെ ഈ ശബ്ദം ഉയര്‍ന്നു കേട്ടത്. ഇറാന്റെ ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും കൂടി സ്വരമായിരുന്നു. ആ സ്വരത്തെയാണ് അമേരിക്ക ഇപ്പോള്‍ നിശബ്ദമാക്കിയിരിക്കുന്നത്. കാസെം സുലൈമാനിയുടെ മരണത്തോടെ ഇറാന് നഷ്ടമായത്ത് റവല്യൂഷണറി ഗാര്‍ഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവിയെ മാത്രമല്ല ഇറാന്റെ കരുത്തുറ്റ രണ്ടാമത്തെ നേതാവു കൂടിയാണ്. അമേരിക്ക ഭയന്ന മേജര്‍ ജനറല്‍ കാസെം സുലൈമാനി ആരായിരുന്നു.രാജ്യത്തെ നിര്‍മ്മാണതൊഴിലാളിയായി ജീവിതം ആരംഭിച്ച് പിന്നെ രാജ്യത്തിന്റെ നയതന്ത്രതീരുമാനത്തിന്റെ ആണിക്കല്ലായി മാറിയ വ്യക്തി.
3ാം വയസ്സില്‍ കുടുംബത്തെ സഹായിക്കാന്‍ ജോലിക്കു പോയിത്തുടങ്ങി. നിര്‍മാണത്തൊഴിലാളിയായി ജോലി തുടങ്ങിയ ആ പ്രായത്തില്‍, പിന്നീട് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. 1979ല്‍ ഇറാനിയന്‍ വിപ്ലവകാലത്ത് യുവാവായിരുന്ന സൊലൈമാനി സൈന്യത്തില്‍ ചേര്‍ന്നു. വെറും ആറ് ആഴ്ചത്തെ പരിശീലനം നേടി ഇറാന്റെ പടിഞ്ഞാറന്‍ അസര്ബൈജാന് പ്രവിശ്യയില്‍ പോരാട്ടത്തിനിറങ്ങി. ഇറാന് ഇറാഖ് യുദ്ധസമയത്ത് ഇറാഖ് അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങള്‍ രാജ്യത്ത് നായക പരിവേഷമാണു സൊലൈമാനിക്കു നല്‍കിയത്. സൊലൈമാനി ഇറാന്റെ പ്രസിഡന്റ് പദത്തിലേക്കു വരെ എത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ പോലും ഉണ്ടായിരുന്നു. അദ്ദേഹം അതു തള്ളിക്കളഞ്ഞിരുന്നെങ്കില്പ്പോലും.ട്രംപ് അധികാരത്തില്‍ എത്തിയത്തുമുതല് വഷളായ ഇറാന് അമേരിക്ക ബന്ധം കാസെം സുലൈമാനി വധത്തോടെ ഒരു പൊട്ടിത്തെറിയുടെ വക്കത്തെതിയിരിക്കുകയാണ്.

ഇറാഖുമായുള്ള യുദ്ധത്തിന് ശേഷമാണ് രാജ്യത്ത് ശ്രദ്ധിക്കെപെടുന്ന നായകനായി കാസ്സേം സുലൈമനി മാറുന്നത്. ഇറാഖില്‍ 2005 ല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വാധീനം ആ രാജ്യത്തും പ്രകടമായി. ഇറാഖിലെ ഷിയ സേനാ വിഭാഗമായി അറിയപ്പെടുന്ന ബദര്‍ സംഘടനയെ അവിടുത്തെ ഔദ്യോഗിക സംവിധാനത്തിന്റെ മാറ്റിയത് സുലൈമാനിയുടെ സ്വാധീനഫലമായാണ്. പിന്നീടാണ് സിറിയയില്‍ ഇടപെടുന്നത്. സിറിയയിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസിനെ സംഘടിപ്പിക്കുന്നതിലും ഐഎസിനെതിരായ പോരാട്ടത്തില്‍ അസദിനെ മേല്‍ക്കൈ നേടികൊടുക്കുന്നതിലും ഇത് സഹായകരമായി. താലിബാനെ പരാജയപ്പെടുത്താനായി അമേരിക്കയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയാണ് കാസെം സുലൈമാനി.താലിബാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന് അമേരിക്കയ്ക്കു കൈമാറിയതിനു പിന്നില്‍ കാസെം സുലൈമാനിയുടെ ബുദ്ധിയായിരുന്നു. എന്നാല്‍ ഏറെകാലം ആ ബന്ധം നിലനിന്നില്ല.അമേരിക്കയായിട്ടു തന്നെ അത് അവസാനിപ്പിക്കുകയായിരുന്നു.മധ്യപൂര്‍വദേശത്തെ ഷിയ വിഭാഗക്കാര്‍ സൊലൈമാനിയെ കാണുന്നത് ജയിംസ് ബോണ്ട്, ഇര്വിന് റോമ്മെല്‍, ലേഡി ഗാഗ എന്നിവരുടെ പ്രതിരൂപമായിട്ടാണ്’ യുഎസിന്റെ ചാരസംഘടനയായ സിഐഎയിലെ വിദഗ്ധന്‍ കെന്നത്ത് പൊള്ളാക്ക് ഒരിക്കന്‍ ടൈംസ് മാഗസിനില്‍ എഴുതി. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സൊലൈമാനി എന്നാല്‍ ഭീകരരെ പിന്തുണയ്ക്കുന്ന, സര്‍ക്കാരുകളെ അട്ടിമറിക്കുന്ന, ഇറാന്റെ രഹസ്യ വിദേശ യുദ്ധങ്ങള്ക്കുപിന്നിലെ ശക്തി മാത്രമാണ്, പൊള്ളാക്ക് എഴുതി.ഇറാന്റെ ഇസ്ലാമിക് റെവലൂഷനി ഗാര്‍ഡ് കോറിന്റെ മേജര്‍ ജനറലായിരുന്ന സൊലൈമാനി 1998 മുതല്‍ ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറുമായിരുന്നു. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സേനയാണ് ഇറാന്റെ ഖുദ്സ് ഫോഴ്സ്. ഈ ചീത്തപ്പേരുള്ളതിനാല്‍ ഖുദ്സ് ഫോഴ്സിനെ ഭീകരസംഘടനയായാണ് യുഎസ് കാണുന്നത്. സൊലൈമാനിയെ ഭീകരനായും. അദ്ദേഹവുമായി വ്യാപാര വ്യവസായ ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് പൗരന്മാരെ യുഎസ് വിലക്കിയിട്ടുമുണ്ട്.

1980കളിലെ ഇറാന് ഇറാഖ് യുദ്ധത്തോട് അനുബന്ധിച്ചാണ് സൊലൈമാനി തന്റെ സൈനിക ജീവിതം ആരംഭിക്കുന്നത്. യുദ്ധകാലത്ത് 41ാം ഡിവിഷന്റെ കമാന്‍ഡറായിരുന്നു. പിന്നീട് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെതിരായി ഷിയ, കുര്‍ദ് സംഘങ്ങളെ സഹായിക്കുകയും ആയുധങ്ങള്‍ നല്കി പരിശീലിപ്പിക്കുകയും ചെയ്തു.ലബനനില്‍ ഹിസ്ബുല്ല, പലസ്തീനില്‍ ഹമാസ് എന്നീ സംഘടനകള്‍ക്കും സഹായം നല്കുന്നതില് മുന്നിട്ടിറങ്ങി. ഇറാന്റെ പ്രധാന പങ്കാളിയായ സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന് ആഭ്യന്തര യുദ്ധകാലത്ത് നിര്‍ണായക സഹായം നല്കി. 201415 കാലത്ത് ഭീകരസംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ ഇറാഖ് സര്‍ക്കാരുമായും ഷിയ സേനകളുമായും കൈകോര്‍ത്തു.
2007 മാര്‍ച്ചില്‍ യുഎന്‍ സുരക്ഷാ സമിതി ഉപരോധം ഏര്‍പ്പെടുത്തിയ ഇറാന് പൗരന്മാരില് ഒരാളായി. 2011 മേയിലും വീണ്ടും യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തി രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്തി.ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകവെ വ്യോമാക്രമണത്തിലാണ് സൊലൈമാനി കൊല്ലപ്പെടുന്നത്. നിരവധി തവണ സൊലൈമാനിക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും പ്രചരിച്ചു. 2006ല്‍ വടക്കു പടിഞ്ഞാറന്‍ ഇറാനിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നു. സൈനിക േനതൃനിരയിലുള്ള മറ്റുപലരും അന്നു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.പിന്നീട് സിറിയന്‍ പ്രസിഡന്റ് അസദിന്റെ ഉന്നത സൈനിക നേതൃത്വത്തിനുനേരെ 2012ല്‍ ഡമാസ്കസില്‍ ഉണ്ടായ ബോംബ് ആക്രമണത്തിലും സൊലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു. 2015 നവംബറില്‍ സിറിയയിലെ അലപ്പോയിലെ ആഭ്യന്തര യുദ്ധത്തില്‍ സൊലൈമാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇസ്രയേലി, അറബ് ചാരസംഘടനകളും സൊലൈമാനിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.