അമ്പതാമത് ലോക സാമ്പത്തിക ഫോറം; ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പീയുഷ് ഗോയല്‍ നയിക്കും

ന്യൂഡല്‍ഹി: ജനുവരി 20 മുതല്‍ 24 വരെ ദാവോസില്‍ നടക്കുന്ന അമ്പതാമത് ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നയിക്കും. ഈ കാലയളവില്‍ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് അനൗപചാരിക സമ്മേളനത്തിലും ഗോയല്‍ പങ്കെടുക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, റഷ്യ, സൗദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായുള്ള ഉഭയകക്ഷി യോഗത്തില്‍ പീയുഷ് ഗോയല്‍ പങ്കെടുക്കും.
വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറലിനെയും ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡവലപ്മെന്റിന്റെ (ഒഇസിഡി) സെക്രട്ടറി ജനറലിനെയും അദ്ദേഹം സന്ദര്‍ശിക്കും.ഡബ്ല്യുഇഎഫ് സെഷനുകളിലും ഇന്ത്യന്‍ റെയില്‍വേയുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമുള്ള സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.