Breaking NewsKERALANEWSTrending

അമ്പത് കോടി റെഡിയാക്കാൻ സാബു ജേക്കബിനോട് പറഞ്ഞ പി ടി തോമസ് കണ്ടംവഴി ഓടി; രണ്ട് ദിവസം മുമ്പ് പറഞ്ഞത് പണം കൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുമെന്ന്; ഇന്ന് പറയുന്നത് ആ പണം വേണ്ടെന്നും; കിറ്റെക്സി നെ പൂട്ടാൻ വന്ന കോൺ​ഗ്രസ് നേതാവ് പിടിച്ചത് പുലിവാല്

കൊച്ചി: അമ്പത് കോടി രൂപ റെഡിയാക്കി വെക്കാൻ രണ്ട് ദിവസം മുമ്പ് പറഞ്ഞ പി ടി തോമസ് മലക്കം മറിഞ്ഞു. സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ പി ടി തോമസ് എംഎൽഎയുടെം വാർത്താ സമ്മേളനം. പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ 50 കോടി രൂപ നൽകുമെന്നായിരുന്നു കിറ്റെക്സ് മേധാവി സാബു ജേക്കബ് വെല്ലുവിളിച്ചത്. എന്നാൽ, ആ പണം വേണ്ടെന്നായിരുന്നു പി ടി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 50 കോടി രൂപ തരാമെന്ന് പറഞ്ഞത് തെറ്റായ മാർഗങ്ങളിലൂടെ ആയതിനാൽ തനിക്ക് ആ തുക ആവശ്യമില്ലെന്നായിരുന്നു പി ടി തോമസിന്റെ നിലപാട്. അതേസമയം, സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് തന്റെ ആരോപണങ്ങൾക്ക് തെളിവ് നൽകാനും അദ്ദേഹം തയ്യാറായില്ല.

ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്നമാണിതെന്നും അതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ പി ടി തോമസിന്റെ നിലപാട്. കിറ്റെക്‌സ് കമ്പനി മാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കി നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരില്‍ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്‌സ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നിയമസഭയിലായിരുന്നു അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.

തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് എന്ന സൂചനയാണ് പി ടി തോമസ് നൽകുന്നത്. 13 വർഷം കഴഞ്ഞിട്ടും കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, ആരോപണങ്ങൾ തെളിയിക്കാൻ തക്ക രേഖകളൊന്നും ഹാജരാക്കാൻ അദ്ദേഹത്തിന് കഴി‍ഞ്ഞില്ല. പഴയ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

തിരഞ്ഞെടുപ്പിനും മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഈ നടപടികളിലേക്ക് ഞാൻ കടന്നത്. എന്നാൽ കമ്പനിക്കെതിരേ ഞാൻ പ്രവർത്തിച്ചതുകൊണ്ടാണ് എനിക്കെതിരേ സ്ഥാനാർഥിയെ നിർത്തി പ്രതികാരം ചെയ്യാൻ നോക്കിയത്. എന്നാൽ ഇപ്പോൾ പറയുന്നത് തിരഞ്ഞെടുപ്പിൽ എനിക്കെതിരേ സ്ഥാനാർഥിയെ നിർത്തിയതുകൊണ്ട് ഞാൻ വിരോധം തീർക്കുകയാണെന്നാണ്. 250 പേർ മാത്രം ജോലി ചെയ്യുന്ന ഡൈയിംഗ് ആൻഡ് ബ്ലീച്ചിംഗ് കമ്പനി അടച്ചുപൂട്ടാനല്ല പകരം രാജ്യത്തെ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായാണ് പ്രവർത്തിക്കുന്നത്.- അദ്ദേഹം പറഞ്ഞു.എറണാകുളത്താണ് യു ഡി എഫിന് ഏറ്റവും കൂടുതൽ സീറ്റ് കിട്ടാറുള്ളത്. ആ സീറ്റുകളിലേക്കാണ് ട്വന്റി ട്വന്റി ആൾക്കാരെ നിർത്തിയത്. ട്വന്റി ട്വന്റി ഇത് പിണറായി വിജയന്റെ ബി ടീം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് ചൂണ്ടിക്കാണിച്ചു.

രണ്ട് ദിവസം മുമ്പാണ് സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി പി ടി പ്രഖ്യാപിച്ചത്. 50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണ്. വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു എന്നുമായിരുന്നു പിടിയുടെ പ്രഖ്യാപനം.

കിറ്റെക്സ് ഗാര്‍മെന്റ്സിന് എതിരെ പി ടി തോമസ് ഉന്നിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ അമ്പതുകോടി രൂപ നല്‍കാമെന്നായിരുന്നു മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബിന്റെ വെല്ലുവിളി. കമ്പനിക്കെതിരായി ഉന്നയിച്ച് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാബു പറഞ്ഞു.എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍, വളരെ സാങ്കേതികമായ മറുപടികളാണ് കിറ്റെക്സ് നല്‍കിയതെന്നും തെളിവുകളുമായി വരുമെന്നും പി ടി തോമസ് പ്രതികരിച്ചു.

2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്‌സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.എന്നാല്‍, ട്വന്റി-20 സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പി ടി തോമസ് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് സാബുവിന്റെ പ്രത്യാരോപണം.

2016-21 വരെ പി ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎല്‍എ. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് പി ടി തോമസിന് ഇങ്ങനെയൊരു ബോധോദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 26 വര്‍ഷമായി നിയമപരമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നും സാബു ജേക്കബ് പ്രസ്്താവനയില്‍ പറഞ്ഞു.

ട്വന്റി – 20യുടെ വളർച്ചയെ മുരടിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളെ ഉപയോ​ഗിച്ച് പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആദ്യമാസം തന്നെ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോ​ഗസ്ഥരാണ് കിറ്റെക്സിൽ പരിശോധനക്കെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 നേടിയ അമ്പരപ്പിക്കുന്ന വിജയവും നിയമസഭാ തെരഞ്ഞെടുപ്പിലുയർത്തിയ വെല്ലുവിളിയുമാണ് കിറ്റെക്സിനെയും സാബു ജേക്കബിനെയും സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.

എറണാകുളം ജില്ലയിലെ ആലുവ, കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ അത്ഭുതം സൃഷ്ടിച്ച് ഭരണം നേടിയ ട്വന്റി ട്വന്റി ശ്രദ്ധേയ പ്രകടനവുമായി 2020ൽ ഏവരേയും ഞെട്ടിച്ചു. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെ ഭരണമാണ് അവർ ഇത്തവണ പിടിച്ചത്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികൾ ഒരുമിച്ച് മത്സരിക്കുകപോലും ചെയ്തിട്ടും കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയെ ഒന്നും ചെയ്യനായില്ലെന്നത് സിപിഎമ്മിനെ തെല്ലൊന്നുമല്ല വിളറി പിടിപ്പിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷ രഹിത ഭരണസമിതിയായാണ് ട്വന്റി 20 അധികാരം നേടിയത്. കുന്നത്തുനാട്, മുഴുവന്നൂർ പഞ്ചായത്തുകളിലും ട്വന്റി ട്വന്റി ഭൂരിപക്ഷം നേടിയിരുന്നു.

എട്ടു സീറ്റുകളിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിച്ചത്. വിജയിക്കാനായില്ലെങ്കിലും ഇടത് – വലത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ് ഈ മണ്ഡലങ്ങളിൽ ട്വന്റി – 20 സ്ഥാനാർത്ഥികൾ ഉയർത്തിയത്. എറണാകുളം ജില്ലയിൽ മൽസരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തി. കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. എന്നാൽ, ട്വന്റി 20 യുടെ വളർച്ച ഇനിയും തടഞ്ഞില്ലെങ്കിൽ‌ തങ്ങൾക്ക് ഭാവിയിൽ വലിയ ഭീഷണിയാകും പാർട്ടി ഉയർത്തുക എന്ന തിരിച്ചറിവിലാണ് സിപിഎം. അതിന്റെ ഭാ​ഗമായാണ് കിറ്റെക്സിൽ നടക്കുന്ന റെയ്ഡുകൾ.

പരിശോധനകൾ തൊഴിലാളി ക്ഷേമത്തിന്റെ പേരിൽ

തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ എന്ന നിലയിലാണ് കിറ്റെക്സിൽ ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തുന്നത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ അവസ്ഥ ശോചനീയമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ലേബർ ഓഫീസർമാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കിറ്റെക്സ് ഗാർമെന്റ്സിലെ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച് ജില്ലാ കലക്ടർക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അഥോറിറ്റിക്കും ലേബർ കമ്മീഷണർക്കും ജില്ലാ തൊഴിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതായും വാർത്തകൾ വന്നു.

പൊട്ടിത്തെറിച്ച് സാബു ജേക്കബ്

കിറ്റക്‌സ് കമ്പനിയിൽ തുടർച്ചയായി നടക്കുന്ന റെയ്ഡുകൾക്കെതിരെ പൊട്ടിത്തെറിച്ച് എംഡിയും ട്വന്റി -20 കോർഡിനേറ്ററുമായ സാബു ജേക്കബ് രം​ഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സിൽ പരിശോധനയ്ക്ക് എത്തിയത്. ആർക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന ഒരു വർഗ്ഗമാണല്ലോ വ്യവസായികളെന്ന് കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെ വിമർശിച്ച് സാബു ജേക്കബ് പറഞ്ഞു.

15,000 പേർക്ക് തൊഴിൽ നൽകുന്നുവെന്നതാണ് തങ്ങൾ ചെയ്ത കുറ്റമെന്ന് സാബു ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയൊരാളെ വെറുതെ വിടരുത്, അകത്തിടണം, പൂട്ടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും മനോഭാവമെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ട് കിറ്റക്‌സിൽ മാത്രം പരിശോധന എന്നതാണ് ചോദ്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ വേണ്ടത്?

കിറ്റക്‌സിലെ തൊഴിലാളികൾ രാത്രി ഉറങ്ങിയോ, ബ്രേക്ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ, മുട്ടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കലും അത് സോഷ്യൽ മീഡിയയിൽ തട്ടിവിടലും മാത്രമാണ് ചിലർക്ക് പണിയെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. ഈ കുറ്റം പറയുന്നവർ ആരെങ്കിലും, സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ആർക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ എന്നും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്നതല്ലാതെ ഒരാൾക്കെങ്കിലും ഒരുദിവസത്തെ ജോലി കൊടുത്തിട്ടുണ്ടോ എന്നും സാബു ജേക്കബ് ചോദിച്ചു. ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിറ്റക്‌സ് ഫാക്ടറിയിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ പോരെന്ന് പറയുന്നവർ ഒരെണ്ണം തുടങ്ങി കാണിക്കട്ടെ എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു. ഒരുവ്യവസായം തുടങ്ങി 10 പേർക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും ശമ്പളവും ഒക്കെ കൊടുത്ത് നടത്തി കാണിച്ചിട്ടാവാം വാചകമടി.

25 ലക്ഷം മലയാളികൾ ആണ് ഇതരസംസ്ഥാനങ്ങളിൽ പോയി തൊഴിലെടുക്കുന്നതെന്നും ജീവിക്കണം എന്നുണ്ടെങ്കിൽ മലയാളിക്ക് ഇതരസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. എംആർഎഫും സിന്തൈറ്റും, വി-ഗാർഡ് തുടങ്ങിയ വൻകിട കമ്പനികൾ എന്തുകൊണ്ട് കേരളം വിട്ടുപോയി എന്നും സാബു ജേക്കബ് ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം 38 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നു. ഇതുകൊണ്ട് ആർക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആരും ഒട്ടും ആശ കൈവിടരുതെന്നും ഒത്തൊരുമിച്ച് ഉത്സാഹിച്ചാൽ ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാം, മാറ്റണം എന്ന പരിഹാസത്തോടെയാണ് സാബു ജേക്കബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close