Breaking NewsKERALANEWSTop News

അമ്പത് കോടി വേണ്ടെങ്കിൽ വേണ്ട അപവാദം പറഞ്ഞതിന് പി. ടി. തോമസ് എംഎൽഎ നൂറുകോടി നൽകേണ്ടി വരും; കോൺ​ഗ്രസ് നേതാവിന് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സിന്റെ വക്കീൽ നോട്ടീസ്; രണ്ടും കൽപ്പിച്ച് സാബു എം ജേക്കബ്

കൊച്ചി: അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പി. ടി. തോമസ് എംഎൽഎക്കെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സിന്റെ വക്കീൽ നോട്ടീസ്. കിറ്റെക്‌സ് കമ്പനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പി. ടി. തോമസിനെതിരെ കിറ്റെക്‌സ് ഗാർമെന്റസ് ലിമിറ്റഡ്, കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡ്, കിറ്റെക്‌സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ ചേർന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ ബ്ലെയ്‌സ് ജോസ് മുഖാന്തരം വക്കീൽ നോട്ടീസ് അയച്ചത്. കിറ്റെക്സ് എംഡി സാബു എം ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

52 വർഷമായിട്ട് അന്ന കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സൽപ്പേരിന് വളരെയധികം കളങ്കമുണ്ടാക്കിയ പ്രസ്താവനയാണ് പി. ടി നടത്തിയത്. കിറ്റെക്‌സ് കമ്പനി വിദേശ, ആഭ്യന്തര വിപണികളിലായി നിരവധി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് . ഇന്ത്യയിൽ 1980 മുതൽ ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ഉല്പന്നങ്ങൾക്ക് വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാൾമാർട്ട്, ടാർഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലെക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ ഉല്പന്നങ്ങളാണിവ.

പി.ടി. തോമസ് എംഎൽഎ ഉയർത്തിയ കുപ്രചരണങ്ങൾ വിദേശത്തും ഇന്ത്യയിലുമുള്ള ലക്ഷക്കണക്കിന് ഗുണഭോക്താക്കളിലടക്കം നൂറുകണക്കിന് ഉപഭോക്താക്കളിലും കമ്പനികളെ സംശയത്തിന്റെ നിഴലിലാക്കി. പബ്ലിക് ലിസ്റ്റഡ് കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾക്കിടയിലും പലവിധത്തിലുള്ള ആശങ്കയാണ് അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങൾ മൂലം സൃഷ്ടിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും കിറ്റെക്‌സിനെതിരെ നിരവധിയായ തെറ്റായ കാര്യങ്ങൾ പ്രചരിച്ചിരുന്നു. പി. ടി. തോമസ് ഉന്നയിച്ച നിരവധിയായ ആരോപണങ്ങളിൽ ഗുരുതരമായ 5 കാര്യങ്ങൾക്കാണ് തെളിവു ഹാജരാക്കാൻ സാബു ജേക്കബ് പി. ടി.ക്ക് 7 ദിവസം നൽകിയിരുന്നു. എന്നാൽ ഒരു ചോദ്യത്തിന് പോലും നിയമപരമായി യാതൊരു തെളിവും ഹാജരാക്കാൻ പി. ടി.ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിദേശത്തും സ്വദേശത്തുമായി ലക്ഷകണക്കിന് ഗുണഭോക്താക്കളും നൂറുകണക്കിന് ഉപഭോക്താക്കളുമുള്ള കമ്പനികളെ അപകീർത്തിപ്പെടുത്തിയതിന് സിവിലായും, ക്രിമിനലായും നിയമനടപടിയുടെ ഭാഗമായി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്.

സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കാതെയായിരുന്നു പി ടി തോമസ് എംഎൽഎയുടെ ഇന്നത്തെ വാർത്താ സമ്മേളനം. പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ 50 കോടി രൂപ നൽകുമെന്നായിരുന്നു കിറ്റെക്സ് മേധാവി സാബു ജേക്കബ് വെല്ലുവിളിച്ചത്. എന്നാൽ, ആ പണം വേണ്ടെന്നായിരുന്നു പി ടി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 50 കോടി രൂപ തരാമെന്ന് പറഞ്ഞത് തെറ്റായ മാർഗങ്ങളിലൂടെ ആയതിനാൽ തനിക്ക് ആ തുക ആവശ്യമില്ലെന്നായിരുന്നു പി ടി തോമസിന്റെ നിലപാട്. അതേസമയം, സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് തന്റെ ആരോപണങ്ങൾക്ക് തെളിവ് നൽകാനും അദ്ദേഹം തയ്യാറായില്ല.

ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്നമാണിതെന്നും അതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ പി ടി തോമസിന്റെ നിലപാട്. കിറ്റെക്‌സ് കമ്പനി മാലിന്യങ്ങള്‍ കടമ്പ്രയാറില്‍ ഒഴുക്കി നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരില്‍ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്‌സ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നിയമസഭയിലായിരുന്നു അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.

തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് എന്ന സൂചനയാണ് പി ടി തോമസ് നൽകുന്നത്. 13 വർഷം കഴഞ്ഞിട്ടും കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, ആരോപണങ്ങൾ തെളിയിക്കാൻ തക്ക രേഖകളൊന്നും ഹാജരാക്കാൻ അദ്ദേഹത്തിന് കഴി‍ഞ്ഞില്ല. പഴയ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി പി ടി പ്രഖ്യാപിച്ചത്. 50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ, അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണ്. വസ്തുതാപരമായ മറുപടിക്ക് ശേഷം ഈ തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു എന്നുമായിരുന്നു പിടിയുടെ പ്രഖ്യാപനം.

കിറ്റെക്സ് ഗാര്‍മെന്റ്സിന് എതിരെ പി ടി തോമസ് ഉന്നിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ അമ്പതുകോടി രൂപ നല്‍കാമെന്നായിരുന്നു മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബിന്റെ വെല്ലുവിളി. കമ്പനിക്കെതിരായി ഉന്നയിച്ച് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാബു പറഞ്ഞു.എന്നാല്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍, വളരെ സാങ്കേതികമായ മറുപടികളാണ് കിറ്റെക്സ് നല്‍കിയതെന്നും തെളിവുകളുമായി വരുമെന്നും പി ടി തോമസ് പ്രതികരിച്ചു.

2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്‌സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.എന്നാല്‍, ട്വന്റി-20 സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പി ടി തോമസ് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് സാബുവിന്റെ പ്രത്യാരോപണം.

2016-21 വരെ പി ടി തോമസ് ആയിരുന്നു തൃക്കാക്കര എംഎല്‍എ. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് പി ടി തോമസിന് ഇങ്ങനെയൊരു ബോധോദയമുണ്ടായത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 26 വര്‍ഷമായി നിയമപരമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നും സാബു ജേക്കബ് പ്രസ്്താവനയില്‍ പറഞ്ഞു.

അതേസമയം, ട്വന്റി – 20യുടെ വളർച്ചയെ മുരടിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളെ ഉപയോ​ഗിച്ച് പിണറായി വിജയനും രം​ഗത്തുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ആദ്യമാസം തന്നെ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോ​ഗസ്ഥരാണ് കിറ്റെക്സിൽ പരിശോധനക്കെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 നേടിയ അമ്പരപ്പിക്കുന്ന വിജയവും നിയമസഭാ തെരഞ്ഞെടുപ്പിലുയർത്തിയ വെല്ലുവിളിയുമാണ് കിറ്റെക്സിനെയും സാബു ജേക്കബിനെയും സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close