INSIGHTNEWS

അമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങുന്ന പഹാഡികള്‍… താഴ് വാരത്തില്‍ അന്തിയുറങ്ങുന്ന പൂക്കളുടെ പ്രിയ കൂട്ടുകാരി ! നിറങ്ങള്‍ ചേര്‍ത്ത ചിത്രത്തിനപ്പുറം ഇവിടെയുണ്ടൊരു ഹിമവാന്‍. ജീവിതത്തിന്റെ സത്യം തേടിയൊരു സഞ്ചാരി

അശ്വതി ബാലചന്ദ്രന്‍

ചരസുപുകച്ച് തുംഗനാഥിനെ വാഴ്ത്തി അടുത്തയാള്‍ക്ക് പാത്രം കൈമാറുന്ന സന്യാസികള്‍. ഇരുട്ടിന്റെ പുതപ്പിനുള്ളില്‍ മഴയുടെ പ്രഹരത്തില്‍ ആ പുകച്ചുരുളുകള്‍ പകര്‍ന്ന ഊറ്റത്തിനൊപ്പം പകല്‍യാത്രയുടെ അവശതകള്‍ കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകളില്‍ നിദ്ര നിറഞ്ഞു. ഉറക്കത്തിന്റെ ആലസ്യം ബ്രാഹ്‌മമുഹൂര്‍ത്തത്തിലേ വിട്ടൊഴിഞ്ഞപ്പോള്‍ മഞ്ഞുരുകിയ നദീജലത്തില്‍ മുങ്ങി നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയ യാത്രികന്‍. കൈയ്യില്‍ ഓട്ടക്കാലണപോലുമില്ല. പുതച്ചിരുക്കുന്ന പുതപ്പുമുതല്‍ പശിയടക്കിയ ഭക്ഷണം വരെ വഴിയിലെ സന്മനസ്സുകളുടെ സംഭാവന. അതെ ഇതുമൊരു യാത്രയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് രാജന്‍ കാക്കനാടന്‍ ചാര്‍ഥാമുള്‍പ്പെടെയുള്ള ഹിമശിഖരങ്ങളിലൂടെ അലഞ്ഞപ്പോള്‍ കൂടെ കൂട്ടായുണ്ടായിരുന്നത് നിഴല്‍ പോലെ മരണവും പാതി വയറും മാത്രമായിരുന്നു.

അവനവനെ കണ്ടെത്തുന്ന സത്യത്തിലേക്കുള്ള മനുഷ്യന്റെ മിഥ്യാഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും യാത്രയാണ് ഹിമാലയത്തിലേക്കുള്ളത്. അവനവനിലെ ഈശ്വരനെ കണ്ടെത്തല്‍ എന്ന് ചുരുക്കിപ്പറയാം. തൊട്ടു മുന്നില്‍ നീങ്ങിയ വണ്ടി ആഴങ്ങളിലേക്ക് പതിക്കുന്ന കാഴ്ച ഭീതിക്കപ്പുറം മരവിപ്പോടെ നോക്കി നില്‍ക്കേണ്ടി വരുമ്പോള്‍ തിരിച്ചറിയുന്നൊരു സത്യമുണ്ട്. മനുഷ്യന്റെ ആദ്യാവസാന സഹചാരി മരണമാണ്. പിന്നില്‍ നടന്ന തോഴന്‍ മുന്നിലെത്തുമ്പോള്‍ പിന്നെ അവന് അനുയായി ആയി മറ്റൊന്നിലേക്ക് നടന്നു കയറുന്നു. സ്വര്‍ഗ്ഗാരോഹിണിയിലേക്ക് പണ്ട് പാണ്ഡവരും പാഞ്ചാലിയും മറഞ്ഞതുപോലെ.

യാത്രികര്‍ അവരുടെ വിശാലമായ കാഴ്ചപ്പാടുകളും മുഖം മൂടികളും ബഡായികളും നിറച്ചിരിക്കുന്ന യാത്രാവിവരണങ്ങള്‍ക്കപ്പുറം ഒരു ഹിമാലയമുണ്ട്. കാളിദാസ വര്‍ണനകള്‍പ്പുറം ജീവിതം തൊട്ടറിഞ്ഞ ചില സത്യങ്ങള്‍. അതില്‍ ഭൂമിക്കടിയില്‍ ഒളിച്ച സരസ്വതി നദിയും മാനസസരസ്സില്‍ രാവിന്റെ അറിയായാമങ്ങളില്‍ എത്തുന്ന അപ്സരരൂപങ്ങളും ഇല്ല.

പഹാഡികള്‍ ..പുണ്യ ഭൂമിയുടെ അവകാശികള്‍

സുശാന്ത് സിംഗിന്റെ കേദാര്‍നാഥ് എന്ന സിനിമയില്‍ നിറഞ്ഞ ഒരു ജീവിതമുണ്ട് … ഹിമാലയത്തിന്റെ മലമടക്കുകളില്‍ കൃഷിയും മൃഗങ്ങളെ വളര്‍ത്തിയും കഴിയുന്ന കൂട്ടരാണിവര്‍. തീര്‍ത്ഥാടനകാലത്തും അല്ലാതെയും അവര്‍ യാത്രക്കാരുടെ സഹായികളായെത്തുന്നു. തങ്ങളുടെ ജീവന്‍ കളഞ്ഞും യാത്രക്കാരനെ കാക്കുക അവരുടെ ഓരോ ചുവടിലും കരുതലോടെ കാവലായി കണ്ണുനട്ട് നടക്കുന്ന ഈ കുഞ്ഞുമനുഷ്യരാണ് ഹിമാലയം പോലെ മറ്റൊരു സത്യം. ഇവരില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല. കയറും മറ്റുമായി കാല്‍നടയാത്രികര്‍ക്കൊപ്പവും യാക്കുകളുമായി നടക്കാന്‍ ബുദ്ധിമൂട്ടുള്ളവര്‍ക്കൊപ്പവും അവര്‍ എത്തുന്നു. പര്‍വ്വത നിരകളെ സ്വന്തം പിതാവിനെ എന്ന പോലെ അവര്‍ ആരാധിക്കുന്നു. അമ്മയുടെ മടിത്തട്ടുപോലെ മലമടക്കുകള്‍ ഇവിടം തങ്ങളെ കാത്തുകൊള്ളുമെന്ന് കരുതുന്നു. ശരിക്കും ഇവരല്ലേ യഥാര്‍ത്തമനുഷ്യര്‍. ഓരോ തീര്‍ത്ഥാടനകാലം പൊഴിയുമ്പോഴും അപകടത്തില്‍ മരിക്കുന്ന യാത്രികരുടെ എണ്ണം നമ്മളുടെ കണ്ണില്‍ പെടാറുണ്ട്. പക്ഷെ ഈ പഹാഡികളെ ആര് കാണാന്‍. ഇവര്‍ക്കൊപ്പം മലമടക്കുകളില്‍ മഞ്ഞില്‍ ഉറഞ്ഞു മരിച്ച യാക്കുകളുടെ ശരീരം മാത്രം യജമാനനോടൊപ്പം അന്ത്യത്തിലും കൂട്ട് പോകുന്നു. പക്ഷെ കുടുംബത്തില്‍ എത്രജീവന്‍ പൊലിഞ്ഞാലും അടുത്ത സീസണില്‍ അതേ കുടുംബത്തിലെ മറ്റൊരാള്‍ എത്തും യാത്രികര്‍ക്ക് കാവലാളാകാന്‍. കാരണം ഒന്നു മാത്രം. അവര്‍ വരുന്നത് അവരുടെ അമ്മയുടെ മടിത്തട്ടിലേക്കാണ്. അവിടുത്തെ വിഗ്രഹങ്ങളേക്കാള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ നിറയുന്നത് മഴയും മഞ്ഞും കാടും അവരുടെ പൈക്കളും മാത്രം.

കാലാ കമ്പിളിവാല…….

പണ്ട് പണ്ട് തണുത്തുറഞ്ഞ മലമടക്കുകള്‍ക്കിടയില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. ആരാലുമറിയാതെ ആരെയും അറിയിക്കാതെ അയാള്‍ കറുത്ത കമ്പിളിയും പുതച്ച് ഹിമാലയന്‍ വഴികളിലൂടെ നടന്നു. വഴിതെറ്റിയവര്‍ക്കയാള്‍ വഴികാട്ടിയായിരുന്നു. വിശക്കുന്നവന് അന്നവും തണുക്കുന്നവന് ചൂടും ആയി മാറി. ആവശ്യക്കാരന് മുന്നില്‍ ചിത്രകഥകളില്‍ നിന്നിറങ്ങി വന്നതുപോലെ അയാള്‍ സഹായവുമായി എത്തി. വാര്‍ത്ഥക്യത്തിന്റെ ആവലാതികള്‍ പോലും തളര്‍ത്താത്ത പേരറിയാത്ത ആ മനുഷ്യനെ വിളിക്കാന്‍ യാത്രികര്‍ക്കൊരു പേരേ ഉണ്ടായിരുന്നുള്ളു കാലാ കമ്പിളി വാലാ … കറുത്ത കമ്പിളി ചുറ്റിയ മനുഷ്യന്‍.

ഇന്നും പാതയോരങ്ങളില്‍ സൗജന്യസേവനത്തിന്റെ സത്രങ്ങള്‍ ഈ കമ്പിളി വാലയുടെ പേരിലുണ്ട്. ചാരിറ്റി എന്ന ഓമനപ്പേരില്‍ ഓടി നടക്കുന്നവര്‍ അറിയേണ്ട പേരാണിത് കാരണം മനുഷ്യന് ദൈവമാകാന്‍ കഴിയുന്നത് മനസ്സു കൈവിട്ട് അത്താണിയില്ലാതാകുന്ന ഏകാന്തമായ യാത്രകളിലാണ്. അതെ വിശക്കുന്നവനു മുന്നില്‍ അന്നമാണ് ദൈവം. അങ്ങനെ മനുഷ്യ മനസ്സിന് ദൈവമായി മാറിയ പേരുപോലുമില്ലാത്തൊരു വൃദ്ധനും ഇവിടെ ജീവിച്ചിരുന്നു.

പൂക്കള്‍ക്കിടയില്‍ ഇന്നും മരിക്കാതെ അവള്‍

മയങ്ങുന്നുമത്തുപിടിപ്പിക്കുന്ന സമ്മിശ്രഗന്ധങ്ങള്‍ മനുഷ്യന് തിരിച്ചറിയാനാകുന്നതിനപ്പുറം വസന്തം ആ താഴ്വരയില്‍ പടര്‍ന്ന് കിടന്നിരുന്നു. ആ നിറങ്ങളുടെ കടലിലേക്ക് ഇറങ്ങി ഗന്ധത്തില്‍ അലിഞ്ഞ് അവിടെ ലയിച്ച പലരുമുണ്ടായിരുന്നിരിക്കാം , പക്ഷെ അവള്‍ അങ്ങനെയായിരുന്നില്ല. അവള്‍ അവിടെത്തന്നെ ഇന്നും മയങ്ങുകയാണ്. ആ ഗന്ധത്തിനൊപ്പം ആ വര്‍ണപ്രപഞ്ചത്തില്‍ . അവള്‍ ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ, ലണ്ടനിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് പഠനത്തിനായി സാമ്പിള്‍ ശേഖരിക്കാനെത്തിയതായിരുന്നു ജൊവാന്‍. വര്‍ണപ്രപഞ്ചത്തില്‍ അഭിരമിച്ച് മണിക്കൂറുകള്‍ ദിവസത്തിന് വഴിമാറി. ഏകാന്തമായി ആ സൗന്ദര്യത്തില്‍ മയങ്ങിയ അവള്‍ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് ചെടികള്‍ ശേഖരിച്ചു തുടങ്ങി. പക്ഷെ അവളുടെ മനസ്സ് കണ്ട ഹിമവാന്‍ അവളെ എന്നേക്കുമായി ചേര്‍ത്തുപിടിച്ചു.

പാറയില്‍ നിന്ന് വഴുക്കി ആ പൂക്കള്‍ക്കിടയില്‍ മറയുമ്പോഴും അവളുടെ ക്യാമറ അവിടെ അവശേഷിച്ചു. അവള്‍ വന്നതിന് ഒരു തെളിവെന്ന പോലെ. ഇന്നും ജൊവാന്റെ സ്മാരകം അവിടെയുണ്ട്, വരുന്ന സഞ്ചാരികള്‍ അവളുടെ സ്മൃതിയിലാവില്ല അവളുടെ ഭാഗ്യത്തിലാവും അസൂയപ്പെടുക. കാരണം അവള്‍ മറഞ്ഞതും ഇപ്പോള്‍ മയങ്ങുന്നതും അത്യന്തം സന്തോഷത്തോടെയാകും.

മഞ്ഞും മഴയും പച്ചപ്പിനോട് ഒളിച്ചുകളിക്കുന്ന അത്ഭുതങ്ങളുടെ ഭൂമിക സഞ്ചാരികളുടെ മാത്രമല്ല അറിയുന്ന ഏതൊരാളുടെയും നെഞ്ചിലെ സ്വപ്നമാണ് ഈ ഭൂമി. ആ സ്വപ്നത്തില്‍ നിറം പിടിപ്പിച്ച കഥകള്‍ ചേര്‍ക്കാനാണ് ഏവരും ശ്രമിക്കുക. പക്ഷെ നിറങ്ങള്‍ ചേര്‍ത്ത ചിത്രത്തിനപ്പുറം ഹിമവാന്‍ ഒരു സത്യമാണ്. ജീവിതത്തിന്റെ സത്യം കാട്ടിത്തരുന്ന അഹന്തയുടെ മഞ്ഞുരുക്കുന്ന പ്രകൃതിയും പുരുഷനും ഒന്നാകുന്ന ഭൂമിക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close