INSIGHTNEWSTop News

അമ്മയെ കാണാൻ ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല; കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു; ആവേശത്തോടെ പറയുമ്പോഴും കണ്ണീരോടെ മാത്രം ഓർക്കാൻ കഴിയുന്ന ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് ഓർമ്മയായിട്ട് 17 വർഷങ്ങൾ; ഇന്ന് ശൂരനാട് സമരനായകൻ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ ദിനം

ദീപ പ്രദീപ്

കൊല്ലം: ഇന്ന് ശൂരനാട് സമരനായകൻ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ ദിനം. ശൂരനാട് സംഭവത്തിന് ശേഷം പൊലീസിന്റെ കിരാത പീഡനങ്ങൾ ഏറ്റുവാങ്ങിയ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ 2004 മെയ് 26നാണ് അന്തരിച്ചത്. ഒരുപക്ഷേ, തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇത്രയേറെ ത്യാ​ഗങ്ങൾ സഹിച്ച മറ്റൊരു മനുഷ്യൻ ഉണ്ടാകില്ലെന്ന് തന്നെ പറയാം. തന്റെ 99മത്തെ വയസ്സിൽ മരിക്കുന്നത് വരെ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ഇന്ന് രാവിലെയും സഖാക്കൾ അദ്ദേഹത്തിന്റെ വള്ളികുന്നത്തെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി.

ചേലക്കോട്ടേത്ത് കുഞ്ഞുരാമനെ കുറിച്ച് തോപ്പിൽ ഭാസി എഴുതിയത് ഇങ്ങനെ..

സ്നേഹിതരെ, മൂലധനം എന്ന എന്റെ നാടകത്തിന് ഞാനെഴുതിയ സമർപ്പണം എനിക്കു വേണ്ടി നിങ്ങൾ ഒരാവർത്തി കൂടി വായിക്കൂ:

1949-51 കാലഘട്ടം! അത്രയേറെ പ്രശസ്തനല്ലാത്ത ചേലക്കോട്ടേത്തു കുഞ്ഞുരാമൻ ശൂരനാട്ടു കേസിൽ പ്രതിയായി. അന്നത്തെ ഭരണത്തിന്റെ ‘സുരക്ഷിതത്വത്തിൽ’ അയാളുടെ കൊച്ചു വീട് തകർന്നു വീണു! 6 കുഞ്ഞുങ്ങളും ഭാര്യയുമായി ജീവൻ കാക്കാൻ കുഞ്ഞുരാമൻ ഒളിവിൽ പോയി!

സംഭവബഹുലമായ ആ ഒളിച്ചോട്ടത്തിൽ അഞ്ച് കുഞ്ഞുങ്ങളും കൈവിട്ട് പോയി. പത്തു വയസ്സുള്ള ഭാർഗ്ഗവി മൂന്ന് വയസ്സുള്ള കൊച്ചനുജനുമായി തെണ്ടിത്തിരിഞ്ഞു. കുഞ്ഞുങ്ങളെ തേടി പരതി നടന്ന ആ പിതാവ് ആയിരം തെങ്ങ് കടപ്പുറത്ത് ഒരു കാഴ്ച്ച കണ്ടു. സന്നിപാത ജ്വരം പിടിപെട്ട് പ്രജ്ഞയറ്റു കിടക്കുന്ന ഭാർഗ്ഗവിയുടെ മുഖത്തു നിന്ന് കൊച്ചനുജൻ ഈച്ചയാട്ടി അകറ്റുകയാണ്. അവൾ അമ്മയെ വിളിച്ചു.

കുളത്തൂപ്പുഴ മലയിൽ ഒളിവിൽ താമസിച്ചിരുന്ന ഭാര്യയുടെ അടുത്തേക്ക് കുഞ്ഞുരാമൻ മകളേയും തോളിലിട്ടു നടന്നു. രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ആ ധീരൻ അവിടെയെത്തി. പക്ഷെ, അമ്മയെ കാണാൻ ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല – അത് എന്നെന്നേക്കുമായി അടഞ്ഞു പോയി.
ആ മലയടിവാരത്തിൽ ആ പിതാവ് ആഴത്തിൽ ഒരു കുഴിവെട്ടി. ആ കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു. കുളത്തൂപ്പുഴ മലയിലെ കാട്ടുചെടികൾക്കുള്ളിൽ മറഞ്ഞു കിടക്കുന്ന ആ കുഞ്ഞോമനയുടെ – ഭാർഗ്ഗവിയുടെ ശവമാടത്തിൽ ഒരിളം കരിക്കിനു പകരം കരള് നൊന്തെഴുതിയ ഈ നാടകം കാണിക്കവെക്കുന്നു.

വള്ളിക്കുന്നം

26-09-1958 തോപ്പിൽ ഭാസി

ഭാർഗ്ഗവി കത്തിച്ചു വെച്ച ആ പൊട്ട് മണ്ണെണ്ണ വിളക്കിന്റെ മുൻപിൽ ഇരുന്ന് ഞങ്ങൾ വളളികുന്നത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പുണ്ടാക്കി….

( തോപ്പിൽ ഭാസിയുടെ ”ഒളിവിലെ ഓർമ്മകൾ ” എന്ന തന്റെ ആത്മകഥയിൽ നിന്നും)

എരൂരിൽ വെച്ചാണ് സി കെ കുഞ്ഞുരാമൻ പോലീസിൻറെ പിടിയിലാകുന്നത്. ലോക്കപ്പിൽ ക്രൂരമായ മർദ്ദനമാണ് അദ്ദേഹം‍ ഏറ്റുവാങ്ങിയത്. അടിയിലെ രാജാവാണ് “കവിട്ട അടി”. അര അടി പൊക്കമുള്ള തടികഷ്ണം ഭിത്തിയോടു ചേർത്തിടും. ചോദ്യം ചെയ്യാൻ കൊണ്ടുവരുന്നവനെ നൂൽ ബന്ധം ഇല്ലാതെ അതിൽ ഇരുത്തും. കൈകൾ ഇരുവശത്തേക്കും അകത്തി ഭിത്തിയോടു ചേർത്തു രണ്ടു പേർ പിടിക്കും. എന്നിട്ട് രണ്ടു കാലും വലിച്ചകത്തി ഭിത്തിയോടു ചേർത്ത് വെക്കും. എന്നിട്ട് രണ്ടു കാലിലും ഭാരം വെച്ച് താഴ്ത്തും. അല്ലെങ്കിൽ പോലീസുകാർ തന്നെ കാലിൽ കയറി നിൽക്കും. കാലു രണ്ടും തറയിൽ തൊടും. ഞരമ്പ് കോച്ചി വലിക്കും, കണ്ണ് തളും. മിണ്ടാനോ, കരയാനോ പറ്റില്ല. പതിനഞ്ചു മിനിട്ട് നേരം ഉള്ള ഈ മർദ്ദനമുറ കഴിയുമ്പോൾ എഴുന്നേറ്റുനിൽക്കാൻ പറ്റില്ല. രണ്ടുപേർ ചേർന്ന് കുറെ നേരം പിടിച്ചുനടത്തിയിട്ട് ലോക്കപ്പിൽ കൊണ്ട് കിടത്തും.

ഇതിനിടയിൽ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നീട് അവനിൽ നിന്ന് ഒന്നും കിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. കുഞ്ഞുരാമനെ രണ്ടു തവണയാണ് ഇത് ചെയ്തത്. എന്നിട്ടും പോലീസിനു വേണ്ടതൊന്നും കുഞ്ഞുരാമനിൽ നിന്ന് കിട്ടിയില്ല. നാളുകൾ ഏറെ കഴിഞ്ഞു. ശൂരനാട്‌ കേസിൽ നിരപരാധി ആണെന്ന് കണ്ടു കോടതി കുഞ്ഞുരാമനെ വെറുതെ വിട്ടു. ജയിലിൽ നിന്നിറങ്ങിയ കുഞ്ഞുരാമൻ, നേരേ പോയത് വീട്ടിലേക്കല്ല. വളരെ ക്ലേശിച്ച് ഒളിവിലിരുന്ന പാർട്ടി നേതാക്കളെ കണ്ടു.

തോപ്പിൽ ഭാസി എഴുതി,

‘കുഞ്ഞുരാമനെ നേരിടാൻ ഞങ്ങൾക്ക് പ്രയാസമുണ്ടായിരുന്നു. പക്ഷെ ആ സഖാവ് അൽഭുതപൂർവ്വം നില കൊണ്ടു. അദ്ദേഹം ചോദിച്ചു, “നിങ്ങൾ എന്നെ ഓർത്തോ…?”

ഞാൻ പറഞ്ഞു, “ഓർത്തു…”

“ഞാനിനി എന്ത് വേണം?….”

“വീട്ടിലേക്കു പോകണം…”

കുറച്ചു നിമിഷം എൻറെ മുഖത്തേക്ക് നോക്കിനിന്നിട്ട് ആ സഖാവ് നെഞ്ചുപൊട്ടി പറഞ്ഞു, “എനിക്കെന്റെ പാർട്ടിയേക്കാൾ വലുതായി വേറൊന്നുമില്ല.”

പ്രസ്ഥാനത്തിൽ കവിഞ്ഞ് ആ സഖാവിന് ഈ ലോകത്തിൽ മറ്റൊന്നും ഇല്ലായിരുന്നു….’

ശൂരനാട് സംഭവം ഇങ്ങനെ

1949 ഡിസംബർ 31ന് രാത്രിയാണ് ശൂരനാട് കലാപമുണ്ടായത്. കർഷകർ ജന്മിമാരുടെ പീഡനങ്ങളാൽ പൊറുതിമുട്ടിയിരുന്ന സാമൂഹികക്രമത്തിൽ ഉള്ളന്നൂർകുളത്തിലെ മൽസ്യലേലവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമാരംഭിച്ചത് നാട്ടുകാർ നേരിട്ട് മൽ്‌സ്യംപിടിച്ചിരുന്നതായിരുന്നു പതിവ്.

കുളം ജന്മിമാരുടെ ഒത്താശയോടെ ലേലം ചെയ്തു. ഇത് തടഞ്ഞതിന്റെ പേരിൽ വീടുവീടാന്തരം പൊലീസ് അതിക്രമം നടന്നു. ശൂരനാട് ആയിടക്ക് രൂപീകരിച്ചിരുന്ന ജനാധിപത്യ യുവജന സംഘത്തിന്റെ പ്രവർത്തകരായിരുന്നു പൊലീസിന്റെ ലക്ഷ്യം. പൊലീസിന്റെ വീടുകയറി മർദ്ദനത്തെ ചെറുത്ത നാട്ടുകാരും പൊലീസും കിഴകിടപാടത്ത് ഏറ്റുമുട്ടി. സബ്ഇൻസ്‌പെക്ടർ ഉൾപ്പെടെ നാലുപൊലീസുകാർ വെട്ടും കുത്തുമേറ്റ് മരിച്ചു. തുടർന്നു നടന്ന പൊലീസ് നായാട്ട് ശൂരനാട്ട് ജനജീവിതം താറുമാറാക്കി. സമരത്തിൽ പങ്കെടുത്തുവെന്ന് സംശയമുള്ള യുവാക്കളെയെല്ലം പൊലീസ് പിടികൂടി. പലരും ജീവനുവേണ്ടി പലായനം ചെയ്തു. വീടുകൾ തകർക്കപ്പെട്ടു. കുടുംബങ്ങൾ വഴിയാധാരമായി.

പിടികൂടിയവരിൽ തണ്ടാശേരി രാഘവനെ ജനുവരി 18ന് ലോക്കപ്പിൽ മർദ്ദിച്ച് കൊലപ്പെടുത്തി. അതിക്രൂരമായ മർദ്ദനവും പീഡനവുമേറ്റ കളയ്ക്കാട്ടുതറ പരമേശ്വരൻനായർ പായിക്കാലിൽ ഗോപാലപിള്ള, കാഞ്ഞിരപ്പള്ളിവടക്ക് പുരുഷോത്തമക്കുറുപ്പ്,മഠത്തിൽഭാസ്‌കരൻനായർ എന്നിവർ തടവിൽ മരിച്ചു. സംഭവത്തിനുശേഷം കാണാതായവർ അനേകരുണ്ട്. ഇവർ കൊല്ലപ്പെട്ടോ രക്ഷപ്പെട്ടോ എന്ന് രേഖകളില്ല.നിരവധി ജീവപര്യന്തങ്ങൾ വാങ്ങിയ ബാക്കി കുറേപേരെ ആദ്യകമ്യൂണിസ്റ്റ് സർക്കാർ ജയിൽമോചിതരാക്കി എന്ന പ്രത്യേകതയുണ്ട്. ജീവിച്ചിരിക്കുന്ന ര്കതസാക്ഷികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സികെ കുഞ്ഞുരാമൻ അയണിവിളകുഞ്ഞുപിള്ള നടേവടക്കതിൽ പരമുനായർ അമ്പിയിൽ ജനാർദ്ദനൻനായർ പോണാൽ തങ്കപ്പകുറുപ്പ്,ചിറപ്പാട്ട് ചാത്തൻകുട്ടി, പായിക്കാലിൽ പരമേശ്വരൻനായർ എന്നിവരെല്ലാം പിൽക്കാലത്ത് മരിച്ചു.
ഒരു സാമൂഹിക ക്രമത്തിനുവേണ്ടി പോരാടി ഇല്ലാതായ തലമുറയുടെ കഥയാണ് ശൂരനാടിന്റേത്. തണ്ടാശേരി രാഘവൻ ആദ്യ രക്തസാക്ഷിയായ ജനുവരി 18ന് നാട്ടുകാരും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും ശൂരനാട് രക്തസാക്ഷിദിനം ആചരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close