
അയോദ്ധ്യ: അയോദ്ധ്യയിലുയരുന്ന പള്ളി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് ആദ്യ സംഭാവന ഹിന്ദു സമുദായാംഗത്തിന്റെ വക. ഇന്ത്യയുടെ മതേതര സ്വഭാവം കളങ്കപ്പെടുന്നുവെന്ന വാദങ്ങള്‍ ഉയരുമ്പോള്‍ അതിന് ആശ്വാസം നല്‍കുന്നതാണ് ഇത്തരം വാര്‍ത്തകള്‍. അയോദ്ധ്യയില്‍ 5 ഏക്കറിലായി പള്ളി, ലൈബ്രറി, മ്യൂസിയം, കമ്മ്യൂണിറ്റി അടുക്കള എന്നിവയാണ് ഉയരുന്നത്. സുന്നി വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫണ്ടേഷനാണ് (ഐഐസിഎഫ്) പള്ളിക്കായുള്ള ഫണ്ട് ശേഖരിക്കുന്നത്. പള്ളി നിര്‍മ്മാണത്തിനുള്ള ആദ്യ ഫണ്ട് നല്‍കിയത് ലഖ്നൗ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനായ രോഹിത് ശ്രീവാസ്തവയാണ്. 21,000 രൂപയാണ് പള്ളി നിര്‍മ്മാണത്തിനായി ഇയാള്‍ സംഭാവന ചെയ്തത്.
ഐഐസിഎഫ് സെക്രട്ടറി അഥര്‍ ഹുസൈന്, ട്രസ്റ്റിമാരായ മുഹമ്മദ് റാഷിദ്, ഇമ്രാന് അഹ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രസ്റ്റിന്റെ ലഖ്നൗ ഓഫീസില്‍ വെച്ചാണ് ചെക്ക് സ്വീകരിച്ചത്.
മതത്തിന്റെ പേരില്‍ വഴക്കടിക്കാന്‍ തന്റെ കുടുംബം ഒരിക്കലും തന്നെ പഠിപ്പിച്ചിട്ടില്ല എന്നും സമന്വയത്തില്‍ അടിയുറച്ച മത സൗഹാര്‍ദ്ധമാണ് ഇന്ത്യയുടെ അടിത്തറയെന്നും ശ്രീവാസ്തവ പറഞ്ഞു. മുസ്ലീങ്ങളും തങ്ങളുടെ സഹോദരങ്ങളാണെന്ന സന്ദേശം പകരാന്‍ ഹിന്ദുക്കള്‍ പള്ളിപണിയാന്‍ സംഭാവന ചെയ്യണമെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. ഈ മുസ്ലീം പള്ളിയുടെ പ്രാരംഭം ഒരു ഹിന്ദു സഹോദരനില്‍ നിന്നുമാണെന്നും
ഇത് ഇന്ത്യയിലെ മതസൗഹാര്‍ദ്ദ സംസ്കാരത്തിന്റെ ഉദാഹരണമാണെന്നും പള്ളി ട്രസ്റ്റ് സെക്രട്ടറി അഥര്‍ ഹുസൈന് പറഞ്ഞു.