
അയോദ്ധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തുടക്കമായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലാ സ്ഥാപനം നടത്തി. 40 കിലോയോളം ഭാരമുള്ള വെള്ളി ഇഷ്ടികയാണ് സ്ഥാപിച്ചത്. പത്ത് മണിയോടെ അയോദ്ധ്യയില്‍ എത്തിയ പ്രധാനമന്ത്രി ഹനുമാന് ഗുഡിയിലും രാം ലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശിലാ സ്ഥാപന സ്ഥലത്ത് എത്തിയത്. പുരോഹിതരുടെ പൂജാ നടപടികള്‍ക്ക് ശേഷം 12.45 ഓടെ പൂജിച്ച് നല്കിയ ശില പാകി. ചരിത്ര നിമിഷം കുറിച്ച ശേഷം പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഭൂമിയില്‍ തൊഴുതു മടങ്ങി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമേ 135 പുരോഹിതരും ചടങ്ങിനുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. മൂന്നര വര്‍ഷം കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാനാണ് നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് ലക്ഷ്യമിടുന്നത്. 84,000 അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ് നടന്നത്. 167 അടി ഉയരമാണ് ക്ഷേത്രത്തിന് ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ ക്ഷേത്രമായി ഇത് നിര്‍മ്മിക്കാനാണ് ഉദ്ദേശം. 30 കോടി രൂപയോളം ആദ്യ ഘട്ടത്തിനായി കിട്ടിയിട്ടുണ്ട്.
29 വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ചായക്കൂട്ടുകളാല്‍ വര്‍ണ്ണാഭമാക്കിയിരുന്നു. പൂക്കളാലും പലവിധം കലാ പ്രദര്‍ശനങ്ങളാലും അലങ്കരിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടന്നു വരികയായിരുന്നു. വാരണാസി മുതല്‍ തമിഴ്നാട് വരെയുള്ള അനേകം ഭക്തരാണ് ചടങ്ങിലേക്ക് വെള്ളിക്കട്ടകളും നാണയങ്ങളും ഉള്‍പ്പെടെ സമ്മാനങ്ങള്‍ അയച്ചത്. വര്‍ഷങ്ങളായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ് നരേന്ദ്രമോഡി നടത്തിയത്. 1990 കളില്‍ രാമക്ഷേത്രത്തിന് വേണ്ടി നടന്ന പ്രചരണങ്ങളില്‍ പ്രധാനിയായിരുന്നു നരേന്ദ്രമോഡി. അയോദ്ധ്യയില്‍ വലിയ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ചടങ്ങിനായി യുപി സര്‍ക്കാരും വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. സംസ്ഥാന പോലീസിന് പുറമേ എന്‍എസ്ജി കമാന്റോകളും നിലയുറപ്പിച്ചിരുന്നു. ദശകങ്ങള്‍ നീണ്ട തര്‍ക്കത്തിനും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സുപ്രീംകോടതി അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് തീര്‍പ്പ് കല്‍പ്പിച്ചത്. 1992 ഡിസംബര്‍ 6 നായിരുന്നു അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ നില നില്ക്കുന്നതിനാല് 1990 ലെ പ്രചരണങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാവ് എല്‍ കെ അദ്ധ്വാനി വീഡിയോ വഴിയായിരുന്നു ചടങ്ങുകള്‍ കണ്ടത്. മുരളി മനോഹര്‍ ജോഷിയെയും അദ്ധ്വാനിയെയും അവസാന നിമിഷമാണ് ക്ഷേത്ര നിര്‍മ്മാണ ചുമതലയുള്ള രാം ജന്മഭുമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്. 1990 ലെ അദ്ധ്വാനിയുടെ രഥയാത്രയോടെയാണ് രാമക്ഷേത്രം പ്രചരണം ശക്തമായത്. പ്രധാനമന്ത്രിക്ക് പുറമേ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെ 50 വിഐപികള്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. 175 പേര്‍ക്കായിരുന്നു മൊത്തത്തില്‍ ക്ഷണം. തര്‍ക്കത്തില്‍ കക്ഷിയായിരുന്ന ഇഖ്ബാല്‍ അന്‍സാരിയായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വ്യക്തി. നേരത്തേ ചടങ്ങിന് എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പ്രിയങ്കാ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആശംസയുമായി രംഗത്ത് വന്നിരുന്നു. ഭൂമി പൂജാ വേളയില്‍ രാജ്യത്തിന് മുഴുവന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും എല്ലാവര്ക്കും രാമന്റെ കൃപാകടാക്ഷം ഉണ്ടാകട്ടെയെന്നും കെജ്രിവാള് ട്വീറ്റ് ചെയ്തു. ശ്രീരാമന്റെ അനുഗ്രഹം ദാരിദ്ര്യത്തില്‍ നിന്നും വിശപ്പില്‍ നിന്നും രക്ഷിച്ച് രാജ്യത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റട്ടെ എന്നും ലോകത്തിന്റെ പാത ഇന്ത്യ തെളിക്കട്ടെയെന്നും ഹിന്ദിയില്‍ നടത്തിയ ട്വീറ്റില്‍ പറയുന്നു.