Breaking NewsKERALATop News

അയോധ്യരാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസും മുസ്ലിം ലീഗും ഇടയുന്നു

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് യുഡിഎഫില്‍ ഭിന്നതയ്ക്ക് വഴിവച്ചിരിക്കുന്നു. പ്രിയങ്കഗാന്ധി, കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയത്. ഇതോടെ മുസ്ലിം ലീഗും പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണം എന്നു ചര്‍ച്ച ചെയ്യാന്‍ നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് ലീഗ് അടിയന്തരമായി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്ന് ലീഗ് നേനതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി നിലപാട് നാളെ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു ബഷീര്‍ അറിയിച്ചു.സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധുവായ രാമന്‍ എന്ന പേരിന്റെ സാരം. രാമന്‍ എല്ലാവരുടെയും ഉള്ളിലാണ്, രാമന്‍ എല്ലാവരോടും ഒപ്പമുണ്ട്. അവര്‍ വ്യക്തമാക്കി.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരംഗം രാമ ക്ഷേത്ര സംബന്ധമായി അഭിപ്രായം പരസ്യമായി പറയുന്നത്. ദിഗ്വിജയ് സിങ്, മനീഷ് തിവാരി, കമല്‍നാഥ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റ് അഞ്ച് ബുധനാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ. ഇതിന്റെ ഭാഗമായി എല്ലാ പ്രാദേശിക ക്ഷേത്രങ്ങളിലും തുടര്‍ച്ചയായ അഖണ്ഡ രാമായണ പാരായണം നടക്കുന്നുണ്ട്. ഇന്നും നാളെയും വീടുകളിലും ക്ഷേത്രങ്ങളിലും സരയു നദിയിലും എണ്ണ വിളക്കുകള്‍ കത്തിച്ച് ദീപാഞ്ജലി നടത്തും. നഗരത്തിലെ പ്രധാനഭാഗങ്ങളില്‍ മഞ്ഞ നിറത്തില്‍ പെയിന്റ് അടിച്ചിട്ടുണ്ട്. സമൃദ്ധിയുടെയും വിജ്ഞാനത്തിന്റെയും നിറമെന്ന തരത്തിലാണ് ഇത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി 260 ത്തിലധികം ക്ഷണിതാക്കളുടെ പട്ടിക 175 ആയി ചുരുക്കിയിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകരായ ശ്രീരാം ജനംഭൂമി തീര്‍ത്ഥ ക്ഷത്ര ട്രസ്റ്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളില്‍ നിന്നുള്ള 133 സന്യാസികള്‍ ചടങ്ങിനെത്തും. ബിജെപി നേതാക്കള്‍, ആര്‍എസ്എസ് ഭാരവാഹികള്‍, വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധമുള്ള അതിഥികള്‍ എന്നിവരും ചടങ്ങിലെത്തും. പ്രധാനമന്ത്രി മോദിയെ കൂടാതെ യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ട്രസ്റ്റ് പ്രസിഡന്റ് മഹാന്ത് നൃത്ത ഗോപാല്‍ ദാസ് എന്നിവരും ചടങ്ങിനെത്തും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിദ്ധമായ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ഏഴ് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ചിലവഴിക്കുക. മരവും ഗ്ലാസും കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക രാം ലല്ലാ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

Tags
Show More

Related Articles

Back to top button
Close