
വേറിട്ട സംഗീത പാടവം കൊണ്ട് ചലച്ചിത്ര ലോകത്ത് പുതിയ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനാണ് കെ രാഘവന് എന്ന രാഘവന് മാസ്റ്റര്‍. തമിഴ്, ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ ഈണങ്ങള്‍ അപ്പാടെ പകര്‍ത്തി ഗാനങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലത്ത് , പാരമ്പര്യമായി പകര്‍ന്നു കിട്ടിയ മലയാളനാടിന്റെ തനത് പാട്ടു ശീലങ്ങള്‍ പിന്തുടര്ന്ന് അരങ്ങേറ്റ ചിത്രമായ നീലക്കുയിലില്‍ ഒമ്പത് ഗാനങ്ങള്‍ പി ഭാസ്ക്കരന്‍ – കെ രാഘവന് കൂട്ടുകെട്ടില്‍ പിറന്നു.1954ല്‍ ഇറങ്ങിയ നീലക്കുയില്‍,ദേശീയ തലത്തില്‍ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ആദ്യ മലയാളചിത്രം കൂടിയാണ്.
ഓര്‍ക്കാന്‍ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് രാഘവന് മാസ്റ്റര്‍ കടന്നുപോയിട്ട് ഇന്ന് ഏഴു വര്‍ഷം പിന്നിടുന്നു.തലശേരിയിലെ ജഗന്നാഥ ക്ഷേത്രവും പരിസരവും തലായി കടപ്പുറവുമെല്ലാം കെ രാഘവന് മാസ്റ്ററുടെ മാഷിന്റെ ഓര്‍മ്മയിലാണ് .ശാസ്ത്രീയ സംഗീതം മാത്രമായിരുന്നു തുടക്കത്തില്‍ മാഷിന്റെ മ്യൂസിക് . ലളിത സംഗീതത്തിന്റെ ലോകത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങാത്ത മാഷ് 1950ല്‍ കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറിയെത്തിയതാണ് ജീവിതത്തെ മാറ്റി മറിച്ച ഘടകം.
പി. ഭാസ്കരന്, എന്‍എന്‍. കക്കാട്, ഉറൂബ്, തിക്കോടിയന് എന്നിങ്ങനെ പ്രതിഭകളാല്‍ സമ്പന്നമായിരുന്നു അന്ന് കോഴിക്കോട് എഐആര്‍. അവിടേക്ക് കെ. രാഘവന് എന്ന പ്രതിഭ കൂടി വന്നെത്തിയതോടെ കോഴിക്കോട് ആകാശവാണിയുടെ സുവര്‍ണ കാലഘട്ടം അയി അമ്പതുകള്‍ . പി. ഭാസ്കരനുമായുള്ള ചങ്ങാത്തം കെ. രാഘവനെ ലളിതസംഗീതത്തിലേക്കേ് നയിച്ചു.പി. ഭാസ്കരന് തന്റെ ആദ്യ സിനിമയായ കതിരുകാണാക്കിളിക്ക് വേണ്ടി എഴുതിയ പാട്ടുകള്‍ക്കാണ് കെ. രാഘവന് സംഗീതം പകര്‍ന്നത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് പി. ഭാസ്കരന്റെ രണ്ടാമത്തെ സിനിമായായ പുള്ളിമാനിലെ ഏഴ് ഗാനങ്ങള്‍ക്ക് ഇണം പകര്‍ന്നു. നിര്ഭാഗവശാല് ആ സിനിമയും വെളിച്ചം കണ്ടില്ല. പി. ഭാസകരന്റെ തന്നെ നീലക്കുയില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ കെ. രാഘവന് എന്ന സഗീത സംവിധായകന് മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടി. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനത്തിന് ഈണം പകര്‍ന്നതും പാടിയതും രാഘവന് മാസ്റ്ററാണ്. ഇത് ആകസ്മികയമായിരുന്നു. അബുദുള്‍ ഖാദര്‍ എന്ന ഗായകനെയായിരുന്നു കായലരികത്ത് എന്ന ഗാനം പാടാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ നിര്‍മാതാവ് എ. പരീക്കുട്ടിക്ക് ആ ശബ്ദം ഇഷ്ടപ്പെട്ടില്ല. ഈ ഗാനം മാഷ് തന്നെ പാടിയാല്‍ മതിയെന്ന് പരീക്കുട്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു.
https://www.youtube.com/watch?v=zZBuOajx-yc&list=PLD8J0-dKvBifcX1k56dUDsSD-rG35Wedr
തിക്കോടിന്റെ കവിതയുടെ ചലച്ചിത്രാവിഷ്കാരമായ കടമ്പിലെ ‘അപ്പോഴും പറഞ്ഞില്ല ‘.. യാണ് രാഘവന്മാഷ് പാടിയ മറ്റൊരു പാട്ട്.പി. ഭാസ്കരനുമായുള്ള ബന്ധത്തെക്കുറിത്ത് തന്റെ ആത്മകഥയില്‍ രാഘവന്മാഷ് ഇങ്ങനെ പറയുന്നു. ‘ സിനിമയില്‍ എനിക്ക് മറ്റാരെക്കാളും കൂടുതല്‍ അടുപ്പവും ആത്മബന്ധവും ഭാസ്കരനോടായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളായി. അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ അതിഭാവുകത്വമില്ലാതെ മികച്ച താളബോധത്തോടെ എഴുതാന്‍ ഭാസ്കരന് മിടുക്കനായിരുന്നു. ആ വരികളില്‍ നിറഞ്ഞു നില്ക്കുന്ന സംഗീതത്തിന്റെ ആത്മാവ് കണ്ടെത്താന്‍ എനിക്കും എളുപ്പമായിരുന്നു. പരസ്പരം മനസിലാക്കിയും സഹകരിച്ചുമുള്ള സംഗീതം ചിട്ടപ്പെടുത്തലായിരുന്നു ഞങ്ങളുടേത്.മനസു നിറയെ സ്നേഹമായിരുന്നു മാഷിന്. ആരുവന്നാലും ചിരിച്ചുകൊണ്ട് എതിരേല്ക്കുന്ന പ്രകൃതം. അവിടെ വലുപ്പച്ചെറുപ്പമൊന്നുമില്ല. എല്ലാവരും സമന്മാര്. തോളില്‍ കൈവച്ച് ക്ഷേമാന്വേഷണങ്ങള്‍ തിരക്കി മാഷ് തുടങ്ങും. രാഘവന്മാഷ് കാലയവനികക്കുള്ളില്‍ മാഞ്ഞെങ്കിലും അദ്ദേഹം തന്നിട്ടു പോയ ഗാനങ്ങള്‍, അവയോരോന്നും കലാതിവര്‍ത്തിയാണ്.
https://www.youtube.com/watch?v=cCirfw14tbw
മലയാള സിനിമ നാടക -ഗാന കാവ്യങ്ങള്‍ക്കു സംഗീതത്തിന്റെ തേന്‍ പകര്‍ന്നു കൊടുക്കുന്ന താളഭാവത്തിന്റെ കേരളത്തിലെ വലിയ പ്രതിഭാവിലാസമാണ് കെ രാഘവന് മാസ്റ്റര്‍.എത്ര പഴകിയാലും തുരുമ്പെടുക്കാത്തതാണ് അദ്ദേഹത്തിന്റെ ഗാനങ്ങളെന്നു ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു.തലശ്ശേരി താലൂക്കില്‍ തലായി എന്ന പ്രദേശത്തു കുഞ്ഞിന് വീട്ടില്‍ കൃഷ്ണന്റെയും പാര്‍വതിയുടെയും മകനായ രാഘവന് മലയാളകാവ്യഗാനങ്ങള്ക്കു താളരാഗങ്ങള്‍ മാത്രമേ ചിട്ടപ്പെടുത്താവു എന്ന വാശിക്കാരന്‍ ആയിരുന്നു.ഓടിനടന്നോ അധികം ഒച്ചവെച്ചൊ ഈണം നല്കുന്ന സ്വഭാവം രാഘവനില്ല.ഏതാണ്ട് അറുപത്തിയഞ്ചോളം സിനിമയ്ക്കും നാടകങ്ങള്‍ക്കുമാണ് അദ്ദേഹം സംഗീതം നല്‍കിയിട്ടുള്ളത്.സ്വന്തം ജീവിതംപോലെ തന്നെ താന്‍ സ്വരപ്പെടുത്തുന്ന ഈണങ്ങള്‍ക്കു അധികം വാദ്യോപകരണങ്ങളുടെ ആര്‍ഭാടം ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.ഓര്‍ക്കസ്ട്രയുടെ അധിക കോലാഹലം ഗാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കാവ്യഭംഗി നഷ്ടപെടുമെന്നാണ് അദ്ദേഹം വിശ്വസിച്ചു പോന്നിരുന്നത്.തലായിലെ ഒരു ഭജന സംഘത്തിലെ പാട്ടുകാരനായിരുന്ന അച്ഛനില്‍ നിന്നാണ് ആദ്യ സംഗീതം അദ്ദേഹം പഠിക്കുന്നത്.അധ്യാപകനായിരുന്ന സുബ്രമണ്യ അയ്യരാണ് രാഘവനിലെ സംഗീത വാസന തിരിച്ചറിഞ്ഞത്.നിന്റെ വഴി സംഗീതമാണെന്ന അയ്യരുടെ വാക്കുകള്‍ രാഘവന് മാസ്റ്ററുടെ ഉള്ളില്‍ തട്ടി.സംഗീതോപാസനയ്ക്കായി ഫോര്‍ത്ത് ഫോറത്തില്‍ വെച്ച് പഠനം നിര്‍ത്തി.നേരെ പോയത് തുരുവങ്ങൂരിലെ പി.എസ് നാരായണ അയ്യരുടെയടുത്തേക്ക്. അവിടെ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തലശേരിയിലെ തെയ്യവും തിറയുമുള്പ്പെട്ട നാടന്‍ കലാരൂപങ്ങളുമെല്ലം കെ. രാഘവന് മാസ്റ്ററെന്ന സംഗീതജ്ഞനെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിച്ചിട്ടുണ്ട്.സംഗീതത്തോടൊപ്പം തന്നെ കാല്പന്തുകളിയെയും മാസ്റ്റര്‍ നെഞ്ചേറ്റിയിരുന്നു.കാല്ടെക്സിനുവേണ്ടി മുംബൈ കൊളാബ പോയിന്റില്‍ നടന്ന മത്സരത്തില്‍ രാഘവന് ജേഴ്സിയണിഞ്ഞു.ബൂട്ടിടാതെ നഗ്നപാദവുമായി മികച്ച പ്രകടനം കാഴ്ചവെച്ച ആ മിഡ്ഫീല്‍ഡറെ എല്ലാവരും ശ്രദ്ധിച്ചു.കാല്പന്തുകളിയിലെ മികച്ച പ്രകടനം ജോലിവാഗ്ദാനത്തിനു വഴിയൊരുക്കി.എന്നാല്‍ തന്റെ ഇടം ഇതല്ലെന്ന തിരിച്ചറിവില്‍ മദിരാശിയിലേക്കു വണ്ടി കയറി.1940ല്‍ ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത് ജീവിതത്തില്‍ വഴിത്തരിവായി. തംബുരു ആര്‍ട്ടിസ്റ്റായി മദിരാശി നിലയത്തിലും സൗത്ത് ഇന്ത്യന്‍ സര്‍വീസിന്റെ ചുമതലയുമായി ഡല്‍ഹി നിലയത്തിലും പ്രവര്‍ത്തിച്ചു.കോഴിക്കോട് നിലയവുമായി ബന്ധപെട്ടു കഴിയുമ്പോളായിരുന്നു മാസ്റ്റര്‍ക്ക് തന്റെ ഉയര്‍ച്ചയുടെ ഏണിപ്പടി കിട്ടുന്നത്.നിലയത്തില്‍ പി ഭാസ്കരന് ഉണ്ടായിരുന്നു.അദ്ദേഹം കവിത എഴുതും..മാസ്റ്റര്‍ ഈണമിട്ടു പാടും.1945 കറാച്ചിയില്‍ വിമന്‍സ് ഓര്‍ക്കസ്ട്രയില്‍ ഉദ്യോസ്ഥയായ തലശേരി സ്വദേശനി യശോദയെ വിവാഹം കഴിച്ചു.
https://www.youtube.com/channel/UCC85L1ZTp5eY-bhd7QBfmgw
ഓര്‍ക്കാന്‍, ഒന്നു മൂളാന്‍, മനസില്‍ താലോലിക്കാന്‍ രാഘവന്മാസ്റ്റര് തന്നിട്ടുപോയ ഗാനങ്ങള്‍ ഏറെ. കായലരികത്ത്, കുയിലിനെത്തേടി, എല്ലാരും ചൊല്ലണ്, എങ്ങിനെ നീമറക്കും കുയിലേ, കരിമുകില്‍ കാട്ടിലെ, മാനെന്നും വിളിക്കില്ല, മാനത്തെ കായലില്‍, മാദളത്തേനുണ്ണാന്, ഉണരുണരൂ ഉണ്ണിപ്പൂവേ, അപ്പോഴും പറഞ്ഞില്ലെ, സ്വപ്നമാലിനി തീരത്തുണ്ടൊരു, കാനനച്ഛായയില്‍, ഏകാന്ത കാമുകാ, മഞ്ഞണി പൂനാലാവ്, ശ്യാമ സുന്ദര പുഷ്പമേ, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, നാഴൂരിപ്പാലുകൊണ്ട്, ഏകാന്ത പഥികന് ഞാന്‍, നാദാപുരം പള്ളിയിലെ, നിലാവിന്റെ പൂന്തോപ്പില്‍…. ആ പട്ടിക അങ്ങനെ നീളും. ദക്ഷിണാമൂര്‍ത്തിയുടെയും ബാബുരാജിന്റെയും ദേവരാജന്റെയും വജ്രശോഭയില്‍ മങ്ങിപ്പോകാതെ തന്റേതായ ഇടം നേടിയിട്ടുണ്ട് കെ. രാഘവന് എന്ന സംഗീത സംവിധായകന്.ജാനമ്മ ഡേവിഡ് പാടിയ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ എന്ന ഗാനം നാടന്‍ പാട്ടിന്റെ ലാളിത്യവും ഒരു പരുക്കന്‍ താളമേളവും കൊണ്ട് മലയാളിയുടെ ചുണ്ടില്‍ അരനൂറ്റാണ്ടിലേറെയായി തത്തിക്കളിക്കുന്നു. കിളിവാലന്‍ വെറ്റില തിന്ന്ചുണ്ടൊന്നു ചോപ്പിച്ചോണ്ട് എന്ന പാട്ടു പാടി നാം സ്വയം മറന്നങ്ങനെ നടക്കുന്നു. കരിങ്കല്ലായ നെഞ്ചില്‍ ഒരു തൂവല്‍ സ്പര്‍ശമായി ഒരു ഗാനം പകരുന്ന അനുഭൂതി നാം അനുഭവിച്ചറിയുന്നു.രാഘവന് മാസ്റ്റര്‍ തന്നെ ആലപിച്ച ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ ‘എന്ന ഗാനം മാപ്പിളപ്പാട്ടിന്റെ മൊഞ്ചും മലബാറിന്റെ കെട്ടും മട്ടും കൊണ്ട് പടുത്തുയര്‍ത്തിയ ഒരു അനശ്വര ഗാനമായി മലയാളിയുടെ ഹൃദയത്തില്‍ നിന്ന് അനര്‍ഗ്ഗള നിര്‍ഗ്ഗളമായി പ്രവഹിയ്ക്കുന്നു. ശാന്താ പി നായര്‍ പാടിയ കൃഷ്ണഭക്തിഗാനം ‘ഉണരുണരു ഉണ്ണിക്കണ്ണാ ശ്രീധരാ’, കെ രാഘവനും സംഘവും ആലപിച്ച കൊയ്ത്തുപാട്ട്’ ജിഞ്ചക്കം താരോ’ എന്നിവയും കാതിന് പൊന്‍കണി നല്കുന്ന പാട്ടുകള്‍ തന്നെ.അതുപോലെതന്നെ ജാനമ്മ ഡേവിഡ് പാടിയ ‘കുയിലിനെത്തേടി’ എന്ന ഗാനത്തോളം ജനകീയമായ ഒരു പ്രേമഗാനം മലയാള ചലച്ചിത്ര രംഗത്ത് വിരളമാണെന്നു പറയാം.
നീലക്കുയിലിലെ ഗാനങ്ങള്‍ മലയാളിയുടെ ഉള്ളില്ക്കടന്നു കരള്‍ കൊള്ളയടിച്ച് ഒരു കള്ളി പെണ്ണിനെ പോലെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു.ത്യാഗരാജ കൃതിയായ ‘സാരസ സാമദാനഭേദ’ എന്ന ശാസ്ത്രീയ കീര്‍ത്തനവും പാരമ്പര്യഗാനമായ ‘മിന്നും പൊന്നിന് കിരീടം തരിവള കടകം’ കോഴിക്കോട് പുഷ്പ പാടിയ ‘കടലാസുവഞ്ചിയേറി കടലും കടന്നു കേറി’ എന്നീ ഗാനങ്ങളും നീലക്കുയില്‍ എന്ന ചിത്രത്തിനെ ജനകീയമാക്കുന്നതില്‍ ഒത്തിരി സഹായിച്ചു. ഒപ്പം രാമായണത്തിലെ ശ്ലോകത്തിന്റെ ആലാപനവും.എന്താണ് നീലക്കുയില്‍ എന്ന ചിത്രത്തിന്റെ സുവര്‍ണ്ണ ഗാനങ്ങളുടെ നിത്യതക്കു പിന്നിലെ രസതന്ത്രം.മലയാളനാടിന്റെ തനിമയൂറുന്ന നാടന്‍ പാട്ടും,മാപ്പിളപ്പാട്ടും,കൊയ്ത്തുപാട്ടും,പാരമ്പര്യ പ്രാര്‍ത്ഥനാഗാനവും നാടന്‍ പ്രണയവും അങ്ങനെ എല്ലാം സന്നിവേശിപ്പിച്ച കടഞ്ഞെടുത്ത ഒരുപിടി ഗാനങ്ങള്‍.പശ്ചാത്തലത്തില്‍ നാടന്‍ വാദ്യോപകരണങ്ങളുടെ അമിതമല്ലാത്ത പ്രയോഗം.പരിമിതമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ശബ്ദലേഖനം ചെയ്ത ഗാനങ്ങള്‍.കേള്‍ക്കുംതോറും ഏറ്റു പാടുവാന്‍ കൊതിപ്പിക്കുന്ന ഈണങ്ങള്‍.കോഴിക്കോട് റേഡിയോ നിലയത്തിന്റെ ഈ കൂട്ടുകെട്ടില്‍ എത്രയോ കാവ്യകുമാരികളാണ് കാല്ച്ചിലങ്കകള് അണിഞ്ഞത്.ഒരിക്കല്‍ പി. ജയചന്ദ്രന് പറഞ്ഞു രാഘവന്മാഷ് എനിക്ക് ഒരു പിടി ഗാനങ്ങള്‍ തന്നിട്ടുണ്ട്. അതില്‍ ഏറെ പ്രസിദ്ധമായ പാട്ട് എകാന്തപഥികന്‍ ഞാന്‍ എന്നു തുടങ്ങുന്ന പാട്ടാണ്. പലരും എന്റെ ഐഡന്റിറ്റിയായി കാണുന്ന ഒരു ഗാനം. പതിവുപോലെ മാഷിന്റെ സ്നേഹസാന്നിധ്യം, ചിട്ടയായ പരിശീലനം, ഓര്‍മകളില്‍ എപ്പോളും ആ പാട്ട് നിറഞ്ഞു നില്ക്കുന്നു എകാന്ത പഥികന് ഞാന്‍… എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന നിസഃഹായനായ, നിസാരനായ മനുഷ്യന്റെ ജീവിതം എന്ന പ്രഹേളിക ഓര്‍ത്ത് … ജീവിതത്തിന്റെ വിജന വീഥികളില്‍ പലപ്പോഴും ഒറ്റപ്പെട്ടുപോയ എനിക്കുവേണ്ടി തന്നെ സൃഷ്ടിപ്പിക്കപ്പെട്ട ഗാനം.തീര്‍ച്ചയായും, പാടിപ്പതിഞ്ഞ ഗാനങ്ങള്‍…ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മദിവസത്തില്‍ അദ്ദേഹം നമുക്ക് സമ്മാനിച്ച ഗാനങ്ങളിലൂടെ യാത്ര ചെയ്യാം.