INDIA

അറിയാം വികാസ് ദുബെയെ

ലഖ്നൗ : നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയുടെ ക്രൂര ചെയ്തികളില്‍ ഒന്നു കൂടി. .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ ദിക്രു ഗ്രാമത്തില്‍ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടെ എത്തി തെരച്ചില്‍ നടത്തുന്നതിനിടെ അക്രമികള്‍ സംഘം ചേര്‍ന്ന് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്. ആറ് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിതമായി ഉണ്ടായ വെടിവെപ്പില്‍ ഡിഎസ്പി ദേവേന്ദ്ര മിശ്ര, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് കോണ്‍സ്റ്റബിളുകള്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് എസ്എസ്പിയും ഐജിയും സ്ഥലത്തെത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാണ്‍പൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പ്രതികള്‍ക്കായി സംസ്ഥാനത്തുടനീളം അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം പിടികൂടാനും, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാണ്‍പൂര്‍ ബില്‍ഹോര്‍, ശിവരാജ്പൂര്‍, റിന്യാന്‍, ചൗപപൂര്‍ എന്നീ പ്രദേശങ്ങളിലെ അധോലോക രാജകുമാരനാണ് വികാസ് ദുബെ. 2001 ല്‍ കാണ്‍പൂരിലെ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപി മന്ത്രിസഭയിലെ അംഗമായിരുന്ന സന്തോഷ് ശുക്ല എന്ന ബിജെപി നേതാവിനെ പോലീസ് സ്റ്റേഷനില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഇതോടു കൂടിയാണ് വികാസ് ദുബെയുടെ ക്രൂരചെയ്തികളെക്കുറിച്ച് ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ഈ കൊലപാതകം നടക്കുമ്പോള്‍ ദുബെ യു.പി മന്ത്രിസഭയിലെ ആംഗമായിരുന്നു. ചുരുങ്ങിയത് അറുപത് കേസുകളിലെ പ്രതിയാണ് ദുബെ. കേസുകളിലധികവും കവര്‍ച്ച തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയവയാണ്. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയാണ് ഇയാള്‍ക്കുളളതെന്നു പറയപ്പെടുന്നു. ജയിലില്‍ കഴിയുമ്പോഴാണ് ശിവരാജ്പൂരിലെ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വികാസ് ദുബെ വിജയിച്ചിരുന്നു അനധികൃതമായി വന്‍തോതില്‍ ഭൂമി പിടിച്ചെടുക്കുകയും അത്തരം മാര്‍ഗങ്ങളിലൂടെ ധാരാളം സ്വത്ത് സമ്പാദിക്കുകയും ചെയ്തു.

2000 ല്‍ കാണ്‍പൂരിലെ ശിവ്ലി പോലീസ് സ്റ്റേഷന്‍ പ്രദേശത്തുള്ള താരചന്ദ് ഇന്റര്‍ കോളേജിലെ അസിസ്റ്റന്റ് മാനേജര്‍ സിദ്ധേശ്വര്‍ പാണ്ഡെയുടെ കൊലയ്ക്കു പിന്നിലും ദുബെയുടെ കൈകളായിരുന്നു. അതേ വര്‍ഷം ജയിലില്‍ കഴിയുമ്പോള്‍ കാണ്‍പൂരിലെ റംബാബു യാദവിന്റെ കൊലപാതകക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.

2004 ല്‍ വികാസ് ദുബെ കേബിള്‍ വ്യവസായി ദിനേശ് ദുബെയെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായിരുന്നു. 2018 ല്‍ വികാസ് ദുബെ സഹോദരന്‍ അനുരാഗിന് നേരെ മാരക ആക്രമണം നടത്തി. ഈ സമയത്ത് വികാസ് ജയിലിലായിരുന്നു. ജയിലിനുള്ളില്‍ ഇരിക്കുമ്പോഴാണ് ഗൂഢാലോചന നടത്തിയത്. അധോലോകം അധികാരം കൈയ്യാളുമ്പോള്‍ നിരവധി സാധാരണ മനുഷ്യ ജീവനുകളാണ് അവരുടെ ക്രൂര ചെയ്തികളിലില്‍ ഇല്ലാതാകുന്നത്. ദുബെയുടെ അക്രമണ ചരിത്രത്തില്‍ ഇന്നലെ നാടുകാക്കാന്‍ വിനിയോഗിക്കപ്പെട്ട എട്ടു പോലീസുകാര്‍ക്കാണ് മരണം സംഭവിച്ചത്. ഇത്തരം വികാസ് ദുബെയ്മാര്‍ക്കു നേരെ ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും കണ്ണടയ്ക്കുന്നിടത്തോളം മരണങ്ങള്‍ ഇനിയും സംഭവിക്കാം

Tags
Show More

Related Articles

Back to top button
Close