KERALA

അലനും താഹയും സിപിഎം അംഗങ്ങള്‍;മുഖ്യമന്ത്രിയെ തള്ളി പി.മോഹനന്‍

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ പരസ്യമായി തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നും അവര്‍ക്കെതിരേ പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മോഹനന്‍ പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല. അവരുടെ ഭാഗം കേട്ട ശേഷമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയൂ. ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലല്ലേ എന്നും മോഹനന്‍ ചോദിച്ചു.പക്വതയില്ലായ്മകൊണ്ടോ ഭ്രമംകൊണ്ടോ ചില സ്വാധീന വലയങ്ങളില്‍ കുട്ടികള്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരുത്തിയെടുക്കുകയല്ലേ വേണ്ടതെന്നായിരുന്നു മോഹനന്റെ ചോദ്യം.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചാല്‍ അക്കാര്യം മാധ്യമങ്ങളെ അറിയിക്കും. നടപടിയെക്കുറിച്ച് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല എന്നതിന്റെ അര്‍ഥം നടപടിയെടുത്തിട്ടില്ല എന്നത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അറസ്റ്റിലായ അലനും താഹയും എസ്എഫ്‌ഐ സംഘടനാ സംവിധാനം ഉള്‍പ്പടെ മാവോയിസ്റ്റ് ആശയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന പി.ജയരാജന്റെ വാദവും മോഹനന്‍ തള്ളി. പി.ജയരാജന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. ജയരാജനോട് ചോദിച്ചിട്ട് ഇക്കാര്യത്തില്‍ പ്രതികരിക്കാം. കുട്ടികളെ അറസ്റ്റ് ചെയ്തതിലുള്ള രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുന്നുവെന്നും മോഹനന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close