KERALA

അലന്റെ അമ്മയക്കു മറുപടിയുമായി പി ജയരാജന്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് എന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചായിരുന്നു പി ജയരാജന്റെ പ്രസ്താവന. ഇതിനെതിരെ അലന്‍ മാവോയിസ്റ്റ് ആക്കിയ ഒരു എസ്എഫ്‌ഐക്കാരനെയെങ്കിലും കാണിച്ച് തരുമോയെന്ന ചോദ്യവുമായി അലന്റെ അമ്മ സബിത ശേഖറും രംഗത്തെത്തിയിരുന്നു.ഇപ്പോള്‍ സബിത ശേഖറിന് മറുപടിയുമായി തുറന്ന കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ജയരാജന്‍.

അലന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നത് പോലീസ് പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്ല മറിച്ച് അലന്റെ സഹപാഠികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പോസ്റ്റില്‍ പറയുന്നു.അലന്റെ അമ്മ വായിച്ചറിയുവാന്‍…..കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട്‌ഫേസ്ബുക്കിലിട്ട പോസ്റ്റ് മീഡിയാവണ്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റ്ദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്.

മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.അലന്‍ എസ്.എഫ്.ഐ യുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സി.പി.എം മെമ്പറാണ്.

പാര്‍ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല.പോലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. എന്‍.ഐ.എ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സി.പി.ഐ(എം) പ്രവര്‍ത്തകരെയടക്കം യു.എ.പി.എ കേസില്‍പ്പെടുത്തി പീഢിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍…!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close