ലക്ഷ്മി വാസുദേവന്‍
സച്ചി… ഈ ഒരു പേര് മാത്രം മതി മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഈ സംവിധായകനെ മനസ്സിലാക്കാന്‍. അനാര്‍ക്കലിയില്‍ തുടങ്ങി അയ്യപ്പനെയും കോശിയെയും വരെ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ.
വെള്ളിത്തിരയിലേക്ക് എത്തുന്ന കാലത്ത് അരവിന്ദന്റെയും അടൂരിന്റെയുമൊക്കെ ക്ലാസ്സിക് സിനിമകളെ സ്‌നേഹിച്ച, ആരാധിച്ച ആളായിരുന്നു സച്ചി. പക്ഷേ അതില്‍ നിന്ന് വിട്ടകന്ന് കച്ചവട സിനിമകളിലേക്ക് അദ്ദേഹം ചുവടു മാറി. വ്യക്തിപരമായി താന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ അല്ല തനിക്ക് ചെയ്യേണ്ടി വരുക മറിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന സിനിമകളാണ് വേണ്ടതെന്ന് മനസ്സില്‍ തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ മനസാക്ഷി തന്നെ പരാതി പറഞ്ഞു. ആ പരാതിയൊരു നെടുവീര്‍പ്പായും നിരാശയായും മനസ്സിനെ കീറിമുറിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചില വരികള്‍ കുറിച്ചിട്ടു…
‘കഥാന്ത്യത്തില്‍ കലങ്ങിതെളിയണം…. കണ്ണീരു നീങ്ങി കളി ചിരിയിലാവണം ശുഭം…
കയ്യടി പുറകെ വരണം…. എന്തിനാണു ഹേ ചോദ്യമോ കണ്ണുനീരോ ബാക്കി വയ്ക്കുന്നത് ?
തിരശ്ശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി…’
ഈ വരികളില്‍ പോലുമുണ്ട് കടലിന്റെ ആഴം. ആഴത്തില്‍ പതിയുന്ന കഥകള്‍ തന്നെയായിരുന്നു സച്ചിയുടെ സിനിമകളും. പക്ഷേ ഒരു കൂട്ടം സിനിമാ സ്‌നേഹികളെ കണ്ണീരിലാഴ്ത്തി സച്ചി എന്ന സംവിധായകന്‍ അരങ്ങൊഴിഞ്ഞതും ഇതുപോലെയൊരു ആഴക്കടലിലേക്കാണ്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പകല്‍. അനാര്‍ക്കലിയെന്ന സിനിമ തീയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന സമയത്താണ് മംഗളം പബ്ലി ക്കേഷന്റെ സ്ത്രീ പ്രസിദ്ധീകരണമായ കന്യക ദ്വൈവാരികയ്ക്ക് വേണ്ടി ഞാന്‍ സച്ചിദാനന്ദന്‍ എന്ന സച്ചിയെ കാണാന്‍ പോയത്. ക്ലാസ്സിക് സിനിമകളെ സ്‌നേഹിക്കുന്ന ആളായതു കൊണ്ടും പ്രത്യേകിച്ച് ഒരു വക്കീല്‍ ആയതു കൊണ്ടും അല്പം ടെന്‍ഷനോടെയാണ് അഭിമുഖത്തിന് സമീപിച്ചത്. പക്ഷേ വീട്ടിലേക്കുള്ള വഴി ചോദിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ മനസിലുള്ള ആശങ്കകള്‍ മാറി. തികച്ചും സാധാരണക്കാരനായ ഒരു വ്യക്തി. നിറഞ്ഞ ചിരിയോടെ യാണ് വീട്ടിലേക്ക് ക്ഷണിച്ചത്.
സര്‍ എന്ന സംബോധനയില്‍ സംസാരം തുടങ്ങിയപ്പോള്‍ എന്തോ ഒരു അരോചകം ഉണ്ടെന്നും ചേട്ടാ എന്ന വിളിയാണ് ഉചിതമെന്നും പറഞ്ഞു. അതോടെ അഭിമുഖത്തിന്റെ ഫോര്‍മല്‍ വശം മാറി, പകരം സിനിമയെ സ്‌നേഹിക്കുന്ന ആരാധിക്കുന്ന ഒരു സിനിമ സ്‌നേഹിയുടെ ചിന്തകളും സ്വപ്നങ്ങളും അനുഭവങ്ങളും മാത്രമായിരുന്നു പിന്നീട് കേട്ടതെല്ലാം…
അനാര്‍ക്കലിയുടെ വിശേഷങ്ങള്‍ ആയിരുന്നു അധികവും. ലക്ഷദ്വീപിലെ കടലിന്റെ വിവിധ ഭാവങ്ങള്‍, ആരെയും ആകര്‍ഷിക്കുന്ന ആഴക്കടല്‍, അതിന്റെ വിവിധ നിറങ്ങള്‍… അങ്ങനെ കടലിന്റെ സൗന്ദര്യം തന്നെയായിരുന്നു തുടക്കത്തില്‍. പിന്നെ ലക്ഷദ്വീപിലെ ഷൂട്ടിംഗില്‍ നേരിട്ട പ്രതിസന്ധികള്‍, ബുദ്ധിമുട്ടുകള്‍, അങ്ങനെ ആദൃമായി സംവിധായക കുപ്പായമണിഞ്ഞപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എല്ലാം പറഞ്ഞു.
ആദ്യ സംവിധാന ത്തില്‍ ഇങ്ങനെയൊരു വെല്ലുവിളി വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി മാത്രം… ‘ഇഷ്ടമുള്ള മേഖല ഉപജീവനമായി കിട്ടുക എന്നത് കോടികളില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ്. കുഞ്ഞു നാള്‍ മുതല്‍ ഞാന്‍ ആഗ്രഹിച്ചു കൊതിച്ചു തേടി പിടിച്ചതാണ് സിനിമ. അപ്പൊള്‍ അതിനോട് നീതി പുലര്‍ത്താന്‍ കഴിയേണ്ട ‘…
തിരക്കഥാകൃത്ത് സംവിധായകന്‍ ആകുമ്പോള്‍ വളരെ എളുപ്പമുള്ള ഒരു വിഷയം അവതരിപ്പിക്കും എന്ന് മറ്റുള്ളവര്‍ക്ക് ഒരു വിചാരം ഉണ്ട്. അതൊന്നു മാറ്റാന്‍ വേണ്ടിയാണ് അല്പം കഷ്ടപെട്ടാണെങ്കിലും മികച്ച സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നെയുള്ള സംസാരം സിനിമയിലേക്ക് എത്തിയ വഴികളെ കുറിച്ചായിരുന്നു.
രണ്ടാം വയസ്സിലുള്ള അച്ഛന്റെ വേര്‍പാട്, പത്തു വയസ്സിനു മുതിര്‍ന്ന ചേട്ടന്‍ അച്ഛന് സമമായി വീട് ഏറ്റെടുത്തത്, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചത്… ഒരു സിനിമ റീല്‍ ചലിക്കുന്ന പോലെ ബാല്യ കൗമാര കാലഘട്ടത്തി ലൂടെ അല്പം പോലും നെടുവീര്‍പ്പില്ലാതെ അദ്ദേഹം കടന്നു പോയി.
‘ബികോം ന് ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെന്ന് ആഗ്രഹം മാറ്റി വച്ചത്, എനിക്ക് ഒരു സ്ഥിര വരുമാനമുള്ള ജോലി വേണമെന്നുള്ള ചേട്ടന്റെ ഉപദേശം കേട്ടാണ്. ഞാന്‍ സി.എ എടുക്കണമെന്ന ചേട്ടന്റെ ആവിശ്യത്തില് പ്രതിഷേധിച്ച ത് അത്താഴ പട്ടിണി കിടന്നാണ്. ഒരു ഡിഗ്രീ വേണമെന്ന് വീണ്ടും നിര്‍ദേശം വച്ച് ചേട്ടന്‍ അങ്ങനെ ചെറുപ്പം മുതല്‍ മനസ്സില്‍ താലോലിച്ച സിനിമ സ്വപ്നങ്ങള്‍ക്ക് വേണ്ടി മൂന്നു വര്‍ഷത്തെക്ക് ലോ കോളേജിലേക്ക് ചേക്കേറി. ‘
അവിടെ നിന്നാണ് വക്കീല്‍ ജോലിയിലേക്ക്. ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത അന്നെ ഉള്ളത് കൊണ്ട് ഏറ്റവും തിരക്കുള്ള അഭിഭാഷകനായി സച്ചി പെട്ടെന്ന് തന്നെ മാറി. അവിടെ നിന്ന് വീണ്ടും സിനിമയിലേക്ക് പരകായപ്രവേശം നടത്തിയതിനേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ‘ ഒരുപാട് തിരക്കുള്ള അഭിഭാഷകനായി ഞാന്‍ പെട്ടെന്ന് തന്നെ മാറി. പക്ഷേ ഒരു പ്രധാനപെട്ട കേസിന്റെ വിധി എന്റെ കക്ഷിക്ക് അനുകൂലമായി വന്ന ദിവസം ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, ഞാന്‍ ഇന്നത്തോടെ ജോലി അവസാനിപ്പിക്കുകയാണ്. അതോടെ വക്കീല്‍ കുപ്പയത്തോട് വിട പറഞ്ഞു. കാരണം എപ്പോഴെങ്കിലും ഞാന്‍ ആ തീരുമാനം എടുത്തില്ലെങ്കില്‍ പിന്നെ അത് നടക്കാതെ വന്നെനം. ‘
അഭിഭാഷക ജീവിതത്തിനിടയിലാണ് സച്ചി സേതുവിനെ പരിചയപ്പെട്ടത്. ആ സൗഹൃദമാണ് പിന്നെ റോബിന്‍ ഹുഡ് ചെയ്യാന്‍ കാരണം ‘റോബിന്‍ ഹുഡ് ഞങ്ങള്‍ സംവിധാനം ചെയ്യാനായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ അനുഭവങ്ങളുടെ പരിമിതികള്‍ ഉള്ളത് കൊണ്ട് വേണ്ടെന്ന് വച്ചു. സിനിമ ചെയ്യാന്‍ പ്രായോഗികമായ അറിവുകള്‍ വേണം. അന്നത് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ അന്നതോടെ ഗുഡ്‌ബൈ പറയേണ്ടി വന്നെനേം.’ പിന്നീടാണ് ചോക്ലേറ്റ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകള്‍ പിറന്നത്.
റണ്‍ബേബി റണ്‍ എന്ന സിനിമയിലൂടെ ഇരട്ട തിരക്കഥാകൃത്തുക്കള്‍ പിരിഞ്ഞു എന്ന് കേട്ടിരുന്നല്ലോ എന്ന് പറഞ്ഞപ്പോള്‍ അതിനും അദ്ദേഹത്തിന്റെ കൃത്യമായ മറുപടി ഉണ്ടായിരുന്നു.
‘ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തന്ത്ര എഴുത്തിനേക്കുറിച്ച് ആലോചിച്ചത്. സച്ചിയുടെ സേതുവും പിരിഞ്ഞോ വഴക്കിട്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഞാനും കേട്ടിരുന്നു. എന്നും എപ്പോഴും ഞങ്ങള്‍ ഒരുമിച്ച് കഥ എഴുതുമെന്ന് പറഞ്ഞിട്ടില്ല. സ്വതന്ത്രമായി എഴുതണമെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തോന്നി. അത്രേയുള്ളൂ. അങ്ങനെയാണ് റണ്‍ ബേബി റണ്‍ ലേക്ക് എത്തിയത്.’
സുഹൃത്തുക്കളുടെ ഒരു വലിയ വലയം തന്നെയുണ്ടായിരുന്നു സച്ചിക്ക്. സിനിമക്ക് അകത്തും പുറത്തും ഏറ്റവും ശക്തമായി ആഴത്തിലുള്ള സൗഹൃദങ്ങള്‍… ബിജുമേനോന്‍, പൃഥ്വിരാജ്, സുരേഷ് കൃഷ്ണ, അങ്ങനെ ആ നിര നീളുന്നു. ‘ സൗഹൃദങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ എന്റെയൊരു സുഹൃത്ത് ആയത് കൊണ്ട് സിനിമയില്‍ കോമ്പ്‌റമൈസ് വേണമെന്ന് ഞാനൊരിക്കലും പറയാറില്ല. സൗഹൃദം സിനിമയുമായി കൂട്ടികുഴയ്ക്കന്‍ എനിക്കിഷ്ടമല്ല. എനിക്ക് തൃപ്തി വരാത്ത ഒരു തിരക്കഥയും ഞാന്‍ ആര്‍ക്കും എഴുതി കൊടുക്കാറില്ല. അതുപോലെ തൃപ്തി കിട്ടാത്ത സിനിമയില്‍, സുഹൃദത്തിന്റെ പേരില്‍ ആരെയും നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കാറുമില്ല.’
ലൊക്കേഷനില്‍പൊതുവെ ശാന്തശീലനായിരുന്നു സച്ചി. എല്ലാവരോടും അടുപ്പം കാണിക്കുന്ന വ്യക്തി. ആ അടുപ്പം തന്നെയാണ് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്ക് വിങ്ങുന്ന വേദനയായി സച്ചി മാറാനുള്ള കാരണം. പോയി എന്ന ഒറ്റ വാക്കില്‍ വേര്‍പാട് അറിയിച്ച പൃഥ്വിരാജും മുന്നറിയിപ്പുകള്‍ ഇല്ലാതെ വളരെ നേരത്തെ അകന്നു പോയെന്ന് ബിജുമേനോനും മുഖപുസ്തകത്തില്‍ കുറിച്ചത്.
ഒരുപാട് കഥകള്‍ മനസ്സില്‍ ഒളിപ്പിച്ച, ഇനിയുമേറെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ നല്‍കാതെ അരങ്ങൊഴിഞ്ഞ ത് ഒരു അതുല്യ പ്രതിഭയാണ്…
ഒരു തവണ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയൊരു പുണ്യമായി ഞാനിന്നും മനസ്സില്‍ സൂക്ഷിക്കുന്നു… സച്ചി ചേട്ടന് കണ്ണീരോടെ വിട…