KERALA

അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ, ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂര്‍: അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.വൃദ്ധസദനത്തിലെ നേഴ്‌സ് നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്‌ന ജീവനൊടുക്കിയത്. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധ സദനം സൂപ്രണ്ട് മോഹനനെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മേട്രനെതിരായ പരാതി വ്യാജമായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും.അഴീക്കോട്ടെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ മേട്രനായിരുന്ന ജ്യോസ്‌ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

നഴ്‌സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നതായിരുന്നു പരാതി. വൃദ്ധ സദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്.ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തീയതി മേട്രനെ സസ്പന്റ് ചെയ്ത് അന്വേഷണം നടത്താന്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് ഐഎഎസ് ഉത്തരവിട്ടു. ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയാണെന്ന് ജ്യോസ്‌നയുടെ കുടുംബത്തിന്റെ ആരോപണം. 3 കൊല്ലം മുമ്പ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു പവിത്രന്‍. അന്ന് ജ്യോസ്‌നയും പവിത്രനും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വര്‍ഷമിപ്പുറം ജില്ലാ ഓഫീസറായി എത്തിയപ്പോള്‍ തീര്‍ത്തതെന്നാണ് ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close