CULTURALNEWS

അവകാശങ്ങളെ ഓര്‍മിക്കാം,ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. മനുഷ്യന്റെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും ഇന്നും കോടിക്കണക്കിനാളുകളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്.രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്തു തുടങ്ങിയത്.

നാസിസത്തിന്റെയും ഫാസിസത്തിന്റെയും കാലത്ത് ഭരണകൂടം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ 1946 യുഎന്‍ ഒരു കമ്മീഷന് രൂപം നല്‍കി. കമ്മീഷന്‍ അന്താരഷ്ട്ര തലത്തില്‍ ബാധകമായ ഒരു അവകാശ പത്രികയും തയ്യാറാക്കി.തുടര്‍ന്ന് 1948 ഡിസം 10നാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.മത-ഭാഷാ-ലിംഗ- വര്‍ണ-രാഷ്ട്രീയ – ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അവകാശങ്ങളായിരുന്നു അതിന്റെ കാതല്‍. യു.എന്‍ അംഗരാജ്യങ്ങള്‍ക്ക് ഈ മനുഷ്യാവകാശ രേഖയെ അംഗീകരിച്ചു.എന്നാല്‍ യു.എന്‍ വിളംബരത്തിന് 72 വയസ്സ് തികയുന്ന 2020ലും കോടിക്കണക്കിനാളുകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നരക തുല്യ ജീവിതം നയിക്കുന്നത്. സ്വന്തം രാജ്യത്ത് നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വരുന്ന റോഹിങ്ക്യകള്‍, അഫ്ഗാനിസ്താനില്‍ താലിബാനും അധിനിവേശ സൈന്യത്തിനുമിടയില്‍ കൊന്നൊടുക്കപ്പെടുന്ന അഫ്ഗാന്‍ പൗരന്മാര്‍, സിറിയയില്‍ ഭരണകൂടത്തിന്റെയും തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന ലക്ഷക്കണക്കിന് പേര്‍, ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശത്തില്‍ പിറന്നതിന്റെ പേരില്‍ ഭരണകൂടത്തിന്റെ തടവറകളില്‍ പീഡനത്തിനിരയാവുന്നവര്‍. അങ്ങനെ നീളുന്നു ആ നിര. എങ്കിലും മനുഷ്യാവകാശത്തെ കുറിച്ച അവബോധം ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നത് പ്രതീക്ഷയുണര്‍ത്തുന്നതാണ്.വ്യക്തികളുടെ സ്വയംനിര്‍ണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച മതാന്ധതയുടെയും രാഷ്ട്രീയാധികാരത്തിന്റയും ഇടപെടലുകള്‍ ഇരുള്‍നിറഞ്ഞതും ദുരിതം വിതയ്ക്കുന്നവയുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അടിമകളില്‍ നിന്ന് വ്യക്തികളിലേയ്ക് മനുഷ്യജീവി പരിണമിച്ചത് വ്യക്തിബോധത്തിന്റെ അന്തസ്സ് സമൂഹത്തിന്റെ തുറസ്സുകളില്‍ അംഗീകരിച്ചെടുക്കുവാന്‍ ആയതിനാലാണ്.അടിച്ചേല്പിക്കപ്പെട്ട സാമൂഹ്യക്രമങ്ങളേക്കാള്‍, മാനവികതയിലൂന്നിയ ജനാധിപത്യബോധം മുദ്രാവാക്യങ്ങളായി പടര്‍ന്നതുകൊണ്ടാണ് ഇന്നാട്ടില്‍ അയിത്താചാരങ്ങള്‍ അവസാനിച്ചത്.അങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യബോധം ഉള്‍ക്കൊണ്ടതുകൊണ്ടാണ് ഈ ലോകം ഇന്നുകാണുംവിധം പരിണമിച്ചെത്തിയത്.ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ഇന്നും നമ്മുടെ സമൂഹത്തില്‍ പരിപൂര്‍ണ്ണമായും വ്യക്തികളിന്മേല്‍ വന്നിട്ടില്ല.ജാതിയുടെ,മതത്തിന്റെ,കുടുംബ മഹിമയുടെ,ആഹാര സൗന്ദര്യത്തിന്റെ,പാരമ്പര്യ സ്വത്തിന്റെ തുടങ്ങിയ അനവധി സാമുദായിക മാനദണ്ഡങ്ങളാല്‍ ഇക്കാര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യം ചുരുക്കപ്പെട്ടിരിക്കുന്നു.

ഇന്നത്തെ കാലത്തു പീടിക്കപെടുന്നവരില്‍ മിക്കവാറും കുട്ടികളാണ്.പിതാവടക്കമുള്ള ബന്ധുക്കളും അയല്പക്കകാരും അധ്യാപകരുമടക്കമുള്ളവര്‍ ഏതു നിമിഷവും പീഡകരാകുന്ന അവസ്ഥ.അവരാണ് കൂടുതല്‍ കേസുകളിലും പ്രതികള്‍.അതിനാലാണ് ഇങ്ങനെ വരുന്ന കേസുകളില്‍ കുട്ടികള്‍ക്ക് നീതികിട്ടാത്തതു .പീഡനത്തിന് ശേഷം ഇരകളെ കൊന്നുകളയുന്ന പ്രവണതയും രൂക്ഷമായിരിക്കുകയാണ്.പോക്സോ പോലുള്ള നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും കുറ്റകൃത്ത്യങ്ങള്‍ പേരുകയാണ്.കേസുകള്‍ അനന്തമായി നീളുന്നു.കുറ്റവാളികള്‍ രക്ഷപെടുന്നു.നിര്‍ഭാഗ്യവശാല്‍ ഈ സാഹചര്യത്തില്‍ പോലീസ്നിയമങ്ങള്‍ കയ്യിലെടുക്കുന്ന അവസ്ഥയിലേക്കും നാം എത്തുന്നു എന്നത് മറ്റൊരു ദുരന്തമാണ്.

ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ തുടക്കമായി കരുതുന്നത് മാഗ്നാ കാര്‍ട്ടയാണല്ലോ? 1215ല്‍ ഒപ്പുവച്ച ഈ പൌരാവകാശ പ്രമാണരേഖയാണ് ആധുനിക കാലഘട്ടത്തിലെ മനുഷ്യാവകാശനിയമങ്ങളുടെ തുടക്കം. രാഷ്ട്രത്തിന്റെ നിയമപരമായ വിധിയില്ലാതെ വ്യക്തികളുടെ സ്വാതന്ത്യ്രത്തിന് തടസ്സം വരുത്തിക്കൂടാ എന്ന മാഗ്നാകാര്‍ട്ടയിലെ സുപ്രസിദ്ധമായ 39-ാം അനുച്ഛേദം വ്യക്തിസ്വാതന്ത്യ്രം എന്ന ആശയത്തിന് തുടക്കമിട്ടു. 1688 മഹത്തായ വിപ്ളവത്തിലൂടെ ഇംഗ്ളീഷ് ജനതയും 1776ലെ അമേരിക്കന്‍ സ്വാതന്ത്യ്ര പ്രഖ്യാപനത്തിലൂടെ ആ രാജ്യവും മനുഷ്യാവകാശ സംരക്ഷണം രാഷ്ട്രത്തിന്റെ ചുമതലയെന്ന ബോധം ലോകത്തിന് നല്‍കി. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന ചരിത്രത്തിലാദ്യമായി മനുഷ്യരുടെ അവകാശങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തി. സ്വാതന്ത്യ്രം,സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ചുവിപ്ളവവും 1789ല്‍ഹ ഫ്രാന്‍സിലെ ജനപ്രതിനിധിസഭ പുറത്തിറക്കിയ മനുഷ്യന്റെ അവകാശങ്ങളും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തോടെ മനുഷ്യാവകാശ സംരക്ഷണമെന്നത് ഓരോ രാഷ്ട്രത്തിന്റെയും ചുമതലയായി.

ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ജാതി, മതം, വര്‍ഗം, ഭാഷ, പൌരത്വം, വിശ്വാസം, സംസ്‌കാരം, സ്ത്രീ പുരുഷഭേദം തുടങ്ങിയ ഒരു വിധത്തിലുള്ള വിവേചനവും കൂടാതെ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാനരേഖയാണ് ആഗോള അവകാശപ്രഖ്യാപനം. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് പ്രഖ്യാപനം. കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍,കുഞ്ഞുങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ്. അവര്‍ എങ്ങനെ വളരുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും രാഷ്ട്രത്തിന്റെ പുരോഗതിയും വികസനവും. ഏതൊരു സമൂഹത്തിലും സംഭവിക്കുന്ന മോശം പ്രവൃത്തികളുടെ ഫലം അനുഭവിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. വേണ്ടത്ര ആഹാരം ലഭിക്കാതിരിക്കല്‍, വിദ്യാഭ്യാസ സൌകര്യങ്ങളുടെ അപര്യാപ്തത, ആവശ്യമായ സംരക്ഷണവും ലാളനയും ലഭിക്കാതിരിക്കല്‍, ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിങ്ങനെ വിവിധങ്ങളായ പ്രശ്നങ്ങള്‍ കുട്ടികള്‍ അനുഭവിക്കുന്നു.ഐക്യരാഷ്ട്രസഭ 1984ല്‍ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രൂപപ്പെടുത്തിയിരിക്കുന്നവയാണ്. കുട്ടി എന്ന നിര്‍വചനത്തില്‍ പതിനെട്ട് വയസിന് താഴെയുള്ള മനുഷ്യവംശത്തിലെ എല്ലാവരും ഉള്‍പ്പെട്ടിരിക്കുന്നു.ഇന്നത്തെ ക്രൂരമായ ഈ ലോകത്തില്‍ കൂടുതലും ക്രൂരകൃത്യങ്ങള്‍ക്കു ഇരയാകേണ്ടി വരുന്നത് കുഞ്ഞുങ്ങളാണ് അതും 10 വയസ്സിനു താഴെ ഉള്ളവര്‍.ബാലപീഡനങ്ങള്‍ കൂടുതലും സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.

കുഞ്ഞുങ്ങള്‍ ഒരുതരത്തിലും സുരക്ഷിതരല്ലാത്ത ഒരു സാഹചര്യം.അവരുടെ അവകാശങ്ങള്‍ ഇപ്പൊ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്.തീര്‍ച്ചയായിട്ടും പാലിക്കപ്പെടുന്നില്ല എന്ന് തന്നെ പറയാം.എന്നാണു ഇതിനൊതൊരു പരിഹാരം കാണുവാന്‍ സാധിക്കുക.എന്നാണു കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ പരിപാലിക്കപ്പെടുക.ഇന്നും ഒരു ചോദ്യ ചിഹ്നമാണ്.അതുപോലെതന്നെ,യുഎന്‍ ഒ അംഗീകരിച്ച സുപ്രധാന ഉടമ്പടികളിലൊന്നാണ് സിവില്‍ രാഷ്ട്രീയ അവകാശ ഇടമ്പടി. ഓരോ പൌരനും ഉപാധിരഹിതമായ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ളതാണ് ഈ കരാര്‍. ജനതയുടെ സ്വയം നിര്‍ണായവകാശം, ചിന്ത, മനഃസാക്ഷി, മതസാതന്ത്യ്രം, ജീവിക്കാനുള്ള അവകാശം, നിയമത്തിന്റെ മുമ്പിലെ സമത്വവും തുല്യതയും തുടങ്ങി ഇരുപതില്‍പരം അവകാശങ്ങള്‍ ഈ ഉടമ്പടി ഉറപ്പാക്കുന്നു. ഉടമ്പടി അംഗീകരിച്ച രാജ്യങ്ങള്‍ സിവില്‍, രാഷ്ട്രീയ അധികാരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും നിരുപാധികം ഉറപ്പുനല്‍കണം. അന്തര്‍ദേശീയ മനുഷ്യാവകാശ കമ്മിറ്റി ഈ ഉടമ്പടിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് തടയാനും അംഗരാഷ്ട്രങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും മനുഷ്യാവകാശ കമ്മിറ്റി ഇടപെടുന്നു.ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ പൗരാവകാശ ധ്വംസനത്തിന് ഇരയാവേണ്ടിവന്ന ദേശീയ നേതാക്കളാണ് നന്മുടെ ഭരണഘടനയക്ക് രൂപം നല്‍കിയത്. അതുകൊണ്ടുതന്നെ ഭരണഘടനയില്‍ മനുഷ്യാവകാശ സംരക്ഷണത്തിന് മുഖ്യസ്ഥാനം നല്‍കിയിരുന്നു.

നമ്മുടെ ഭരണഘടനയുടെ ആമുഖം ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നു. നീതി, സ്വാതന്ത്യ്രം, സമത്വം, സാഹോദര്യങ്ങള്‍ എന്നീ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്ന ഭരണഘടന മൌലികാവശങ്ങളിലും നിര്‍ദേശക തത്വങ്ങളിലുമായി മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നു. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്യ്രത്തിനുള്ള അവകാശം, കുറ്റകൃത്യം സംബന്ധിച്ച സംരക്ഷണം, ജീവിക്കാനും വ്യക്തി സ്വാതന്ത്യ്രം അനുഭവിക്കുവാനുമുള്ള അവകാശം, അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം, മതസ്വാതന്ത്യ്രം, ചൂഷണത്തിനെതിരെയുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം തുടങ്ങിയവ നമ്മുടെ ഭരണഘടനയിലെ മനുഷ്യവകാശ സംരക്ഷണ നിയമങ്ങളാണ്.മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍രൂപം നല്‍കിയിട്ടുള്ള സമിതിയാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍. 1993ല്‍ ഗവണ്‍മെന്റ് പാസാക്കിയ മനുഷ്യവകാശ സംരക്ഷണ നിയമം അനുസരിച്ചാണ് കമീഷന്റെ പ്രവര്‍ത്തനം ദേശീയ മനുഷ്യവകാശ കമീഷന്റെ ചെയര്‍മാന്‍ പദവി ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാള്‍ക്ക് മാത്രമേ വഹിക്കാന്‍ കഴിയൂ. ജസ്റ്റിസ് രംഗനാഥ മിശ്രയായിരുന്നു ദേശീയ മനുഷ്യാവകാശ കമീഷന്റെ പ്രഥമ അധ്യക്ഷന്‍. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അഞ്ചംഗ സമിതിയാണ് കമീഷന്‍. സ്ഥാനമേറ്റെടുക്കുന്ന തിയതി മുതല്‍ അഞ്ച് വര്‍ഷമോ 70 വയസ് പൂര്‍ത്തിയാക്കുന്നതുവരെയോ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെ കമീഷന്‍ അംഗങ്ങള്‍ക്ക് സ്ഥാനത്ത് തുടരാം. ദേശീയ മനുഷ്യാവകാശ കമീഷന്റെ ആസ്ഥാനം ഡല്‍ഹിയാണ്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉറപ്പുവരുത്തി മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ കമീഷന്‍ മുഖ്യപങ്കുവഹിക്കുന്നു.

കേരള സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രൂപീകൃതമായത് 1993ലെ ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിച്ചയാളാവണം കമീഷന്‍ ചെയര്‍മാന്‍. ഒരു ഹൈക്കോടതി ജഡ്ജി, മനുഷ്യാവകാശ വിഷയങ്ങളില്‍ അറിവും പ്രയോഗിക പരിചയവുമുള്ളയാള്‍ എന്നിങ്ങനെ മൂന്ന്പേര്‍ അടങ്ങുന്നതാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കമീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഇപ്പോള്‍ ജസ്റ്റിസ് എം എം പ്രദീപ് പിള്ളയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍.അന്തര്‍ ദേശീയ സാമ്പത്തിക,സാമൂഹിക, സാംസ്‌കാരിക അവകാശ ഉടമ്പടി അംഗീകരിക്കുന്ന രാഷ്ട്രങ്ങള്‍ പൌരന്മാര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു. തൊഴില്‍ അവകാശം, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍, മാതൃത്വം, ശൈശവം ഇവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍, വിദ്യാഭ്യാസ അവകാശം, കായികവും മാനസികവുമായ ആരോഗ്യം തുടങ്ങിയ അവകാശ സംരക്ഷണമാണ് ഈ ഉടമ്പടി ഉറപ്പാക്കുന്നത്. 1979 മാര്‍ച്ച് 27നാണ് ഇന്ത്യ ഈ രണ്ട് ഉടമ്പടികളും അംഗീകരിച്ചത്. ഇതിനനുബന്ധമായി ഏതാനും നിബന്ധനകള്‍ അടങ്ങിയ പ്രഖ്യാപനവും രാജ്യം നടത്തിയിരുന്നു. ‘നമ്മുടെ നിയമങ്ങള്‍ എല്ലായ്പ്പോയും നമ്മുടെ സ്വാതന്ത്യ്രങ്ങള്‍’ എക്കാലത്തെയും മനുഷ്യാവകാശദിന സന്ദേശം.നമുക്കു സംരക്ഷിക്കാം ഈ ജീവിതം.എന്തൊക്കെ അവകാശങ്ങളാണ് നമുക്ക് വേണ്ടത്?
* ജീവിക്കാനും സംരക്ഷിക്കപ്പെടാനും പൂര്‍ണ വികാസത്തിനുമുള്ള അവകാശം
* ബാലവേലയില്‍നിന്നും അപകടകരമായ ജോലികളില്‍നിന്നുമുള്ള സംരക്ഷണം
* ശൈശവ വിവാഹത്തില്‍ ഉള്‍പ്പെടാതിരിക്കാനുള അവകാശം.
* സ്വന്തം സംസ്‌കാരത്തെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി ജീവിക്കുന്നതിനുള്ള അവകാശം
* സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
* കളിക്കാനും പഠിക്കാനുമുള്ള അവകാശം
* സ്വകാര്യത സംരക്ഷിക്കുന്നതിനും സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തില്‍ ജീവിക്കുവാനുമുള്ള അവകാശം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിലെ സുപ്രധാന ഏടാണ് 2009ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം. ഇന്ത്യയില്‍ ജീവിക്കുന്ന 6-14 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതുണ്ട്.ഇന്ന് മനുഷ്യാവകാശ ദിനമായി ആചരിക്കുകയാണ്.പ്രതീക്ഷ നമുക്ക് പുലര്‍ത്താം.നല്ലൊരു നാളെ ഉണ്ടാകും എന്ന പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close