KERALA

അവയവക്കച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ ആഭ്യന്തരവകുപ്പ് രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വന്‍മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവയവക്കച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ ആഭ്യന്തരവകുപ്പ് രൂപീകരിച്ചു. സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി പ്രത്യേകസംഘം രൂപീകരിക്കും. തൃശ്ശൂര്‍ എസ്പിയുടെ എസ് സുദര്‍ശന്റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ഇടനിലക്കാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് നിരവധിപ്പേര്‍ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. ജീവിക്കുമ്പോഴോ, അല്ലങ്കില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങള്‍ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി. നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജന്റുമാര്‍ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി പാവങ്ങളായ ആളുകള്‍ ചൂഷണത്തിന് ഇരയായെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനത്ത് എവിടെയുള്ളവരാണെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോര്‍ട്ടിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവര്‍ത്തിച്ചതായി സംശയിക്കുന്നുണ്ടന്നും ഐജി പറയുന്നു. ആരെയും പ്രതിയാക്കാതെയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അവയവ കച്ചവടത്തിലൂടെ വഞ്ചിതരായ കൊടുങ്ങല്ലൂരിലെ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിവരം. ചില സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള അവയവ ഏജന്റുമാരുടെ പ്രവര്‍ത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വന്നിരുന്നു. കോളനികള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം. പാവങ്ങളെ പണം നല്‍കിയ പ്രലോഭിപ്പിച്ച് ആശുപത്രിയിലെത്തിച്ച് സമ്മതപത്രം വാങ്ങിയ വൃക്ക തട്ടിയെടുക്കുന്ന മാഫിയ സംസ്ഥാനത്തെ സജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെയുമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് സംസ്ഥാന അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.









Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close