Breaking NewsKERALANEWS

അവസാനനീരോഴുക്കില്‍ ശാസ്താംകോട്ട തടാകം

കൊല്ലം: ധാരണകളെല്ലാം തെറ്റിധാരണകളാക്കി ശാസ്താംകോട്ട തടാകം.ശാസ്താംകോട്ട തടാകത്തിന്റെ ആഴം അളക്കാനാകില്ലെന്ന് വിശ്വസിച്ചിരുന്ന ജനതയ്ക്ക് മുമ്പില്‍ തടാകം വരണ്ട് തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍.തടാകത്തോട് ചേര്‍ന്ന് കിടന്നിരുന്ന സ്വഭാവിക ജലസ്രോതസുകളായിരുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പുഞ്ചപ്പാടങ്ങളില്‍ രണ്ട് പതിറ്റാണ്ട് മുമ്പു മുതല്‍ ് യന്ത്രവല്‍കൃത മണല്‍ഖനനം ആരംഭിച്ചതോടെയാണ് ശാസ്താംകോട്ട തടാകത്തിന്റെ ദുരവസ്ഥ ആരംഭിക്കുന്നത്.പുഞ്ചപ്പാടങ്ങളില്‍ മണല്‍ഖനനം തുടങ്ങിയതു മുതല്‍ തടാകത്തിലേക്ക് ഊറി നിറഞ്ഞിരുന്ന ഭൂഗര്‍ഭജലം കല്ലടയിലെ മണല്‍ കുഴികളിലേക്കൊതുങ്ങി.
തടാകത്തെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന മൊട്ടക്കുന്നുകളെല്ലാം ചെത്തി നിരത്തിയതോടെ, പ്രകൃതിയുടെ സ്വഭാവിക സംരക്ഷണ വലയങ്ങള്‍ തകര്‍ന്ന് 2010 ഓടെ തടാകം രൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങി.തടാകം കിലോമീറ്ററുകളോളം ഉള്‍വലിഞ്ഞപ്പോള്‍, ആഴമളക്കാനാകില്ലെന്ന് പഴമക്കാര്‍ വിശ്വസിച്ച തടാകത്തില്‍ നിരവധി ഫുട്‌ബോള്‍ മൈതാനങ്ങള്‍ രൂപമെടുത്തു.

തടാകം രൂക്ഷമായ വരള്‍ച്ചയിലായിട്ടും കൊല്ലം നഗരത്തിലേക്കുള്ള 3.25 കോടി ലിറ്ററുള്‍പ്പെടെ 4.35 കോടി ലിറ്ററിന്റെ പമ്പിംഗ് കുറയ്ക്കാന്‍ ജലവിഭവ വകുപ്പ് തയ്യാറായില്ല. പമ്പിംഗ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജനങ്ങള്‍ക്കുള്ള മറുപടിയായി 1.10 കോടി ലിറ്റര്‍ പമ്പ് ചെയ്യുന്ന പന്മന – ചവറ കുടിവെള്ള പദ്ധതിയും കൂടി തടാകത്തില്‍ നിന്നാരംഭിച്ചു. ഇന്ത്യയിലെ സംരക്ഷണം അനിവാര്യമായ 27 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായ ശാസ്താംകോട്ട തടാകം അനുദിനം പിറവിയിലേക്ക് ഉള്‍വലിയുമ്പോഴും സംരക്ഷണ പദ്ധതികള്‍ തീരം തൊടുന്നില്ല. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ലോകരാഷ്ട്രങ്ങള്‍ ഒപ്പ് വെച്ച റാംസര്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 2002 ഫെബ്രുവരിയിലാണ് ശാസ്താംകോട്ട തടാകം റാംസര്‍ പട്ടികയില്‍ ഇടം നേടുന്നത്.

കൃത്യമായ സംരക്ഷണ പദ്ധതി ആവശ്യപ്പെട്ട് 2010ല്‍ തടാക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുപ്പതിലധികം സംഘടനകളുടെ പങ്കാളിത്തത്തോടെ ബഹുജന സമരം ശക്തിയാര്‍ജിച്ചിരുന്നു മാസങ്ങളോളം നീണ്ട അനിശ്ചിതകാല സത്യഗ്രഹത്തിനൊടുവില്‍ അന്നത്തെ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെട്ട് ഉന്നത തല യോഗം നടത്തി പുതിയ തീരുമാനങ്ങളെടുത്തു. മുമ്പ് പ്രഖ്യാപിച്ച പദ്ധതികളൊക്കെ മാറ്റി വച്ച് 4.92 കോടിയുടെ പുതിയ മാനേജ്‌മെന്റ് ആക്ഷന്‍ പ്‌ളാന്‍ നടപ്പാക്കാന്‍ ധാരണയായി. സര്‍ക്കാര്‍ അതംഗീകരിച്ചെങ്കിലും തുടര്‍നടപടികള്‍ ഇന്നും എങ്ങുമെത്തിയിട്ടില്ല.

2013 ല്‍ തടാകത്തിന്റെ അവസ്ഥ വീണ്ടും ശോചനീയമായി.അതോടെ വീണ്ടും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തടകാത്തിന്റെ നാടിന് പിന്തുണയുമായെത്തി. നാലേമുക്കാല്‍ ചതുരശ്ര കിലോമീറ്ററില്‍ നിന്ന് മുന്നേമുക്കാല്‍ ചതുരശ്ര കിലോമീറ്ററിലേക്ക് തടാകത്തിന്റെ വിസ്തൃതി ചുരുങ്ങി. സമര നേതാക്കളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 2013 ജൂണ്‍ 14ന് മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും തടാക തീരത്തെത്തി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. 2010 ലെ മാനേജ്‌മെന്റ് ആക്ഷന്‍ പ്‌ളാന്‍ 24.8 കോടിയുടേതാക്കി വിപുലപ്പെടുത്തിയാണ് മുഖ്യമന്ത്രി എത്തിയത്. കൊല്ലം നഗരത്തിന് കുടിവെള്ളത്തിനായി കല്ലടയാറ്റിലെ കടപുഴ ഭാഗത്ത് നിന്ന് ശാസ്താംകോട്ടയില്‍ വെള്ളമെത്തിച്ച് ശുദ്ധീകരിക്കും എന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.

കൊല്ലം നഗരത്തിന് ബദല്‍ കുടിവെള്ള പദ്ധതിയൊരുക്കാന്‍ കല്ലടയാറ്റിലെ കടപുഴഭാഗത്ത് തടയണ നിര്‍മിക്കാന്‍ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ 14.5 കോടിയും സര്‍ക്കാര്‍ അനുവദിച്ചു. ശാസ്താംകോട്ട ഭാഗത്ത് കോടികള്‍ ചിലവിട്ട് പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും നിലവിലെ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചു. കോടികള്‍ നഷ്ടമായതല്ലാതെ പദ്ധതി എങ്ങുമെത്തിയില്ല. കടപുഴയിലെ ബദല്‍ കുടിവെള്ള പദ്ധതി പകുതി വഴിയില്‍ ഉപേക്ഷിച്ചതിലൂടെ നഷ്ടമായത് 6.93 കോടി രൂപയാണ്. 24.8 കോടി രൂപയുടെ മാനേജ്‌മെന്റ് ആക്ഷന്‍ പ്‌ളാനും ഇതിനിടയില്‍ എവിടെയോ ഒഴുകിപ്പോയി.

പദ്ധതികളെല്ലാം പാതി വഴിയില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ അവശേഷിക്കുന്നത് ഒരു ചോദ്യംമാത്രമാണ്,’കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന് ആയുസ്സ് ഇനി എത്രനാള്‍’.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close