അവസാന പന്തില്‍ പഞ്ചാബിന് ജയം

ഷാര്‍ജ:റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിനു തകര്‍പ്പന്‍ ജയം. 172 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അവസാന പന്തിലാണ് ജയിച്ചത്. 8 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത കിംഗ്സ് ഇലവന് സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. കിംഗ്സ് ഇലവന്റെ സീസണിലെ ആദ്യ ജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. പഞ്ചാബിനായി ക്രിസ് ഗെയില്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ അര്‍ദ്ധസെഞ്ചുറി തികച്ചു. മായങ്ക് അഗര്‍വാള്‍ 45 റണ്‍സ് നേടി പുറത്തായി. 61 റണ്‍സെടുത്ത രാഹുലാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍.
ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ കിംഗ്സ് ഇലവന്റെ ആധിപത്യം കണ്ടു. മായങ്ക് അഗര്‍വാള്‍ അടിച്ചു തകര്‍ത്തപ്പോള്‍ ലോകേഷ് രാഹുല്‍ സെക്കന്‍ഡ് ഫിഡിലിന്റെ റോള്‍ ഗംഭീരമായി കെട്ടിയാടി. അതിവേഗത്തില്‍ സ്കോര്‍ ചെയ്ത അഗര്‍വാള്‍ അര്‍ഹതപ്പെട്ട ഫിഫ്റ്റിക്ക് അഞ്ച് റണ്‍സകലെ പുറത്തായി. 25 പന്തുകളില്‍ 45 റണ്‍സെടുത്ത താരം യുസ്വേന്ദ്ര ചഹാലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പുറത്താവുമ്പോള്‍ ലോകേഷ് രാഹുലുമായി ആദ്യ വിക്കറ്റില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ടും അഗര്‍വാള്‍ പടുത്തുയര്‍ത്തിയിരുന്നു.
അഗര്‍വാള്‍ പുറത്തായതിനു പിന്നാലെ രാഹുല്‍ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 37 പന്തുകളില്‍ രാഹുല്‍ ഫിഫ്റ്റി തികച്ചു. അപ്പോഴേക്കും ഗെയിലും ഫോമിലെത്തി. ഇരുവരും സിക്സറടിക്കാന്‍ മത്സരിച്ചപ്പോള്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് മറുപടി ഉണ്ടായില്ല. 36 പന്തുകളില്‍ ഗെയില്‍ ഫിഫ്റ്റിയിലെത്തി. അവസാന ഓവറില്‍ 4 റണ്‍സായിരുന്നു വിജയലക്ഷ്യം. ചഹാല്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ഗെയില്‍ റണ്ണൗട്ടായി. 45 പന്തുകളില്‍ 53 റണ്‍സെടുത്താണ് താരം പുറത്തായത്. രാഹുലുമായി 93 റണ്‍സിന്റെ കൂട്ടുകെട്ടും ഗെയില്‍ പടുത്തുയര്‍ത്തിയിരുന്നു. അവസാന പന്തില്‍ ഒരു റണ്‍ ആയിരുന്നു വേണ്ടത്. ആ പന്തില്‍ സിക്സര്‍ നേടിയ പൂരാന് കിംഗ്സ് ഇലവന് ജയം സമ്മാനിച്ചു. ലോകേഷ് രാഹുല്‍ (61), നിക്കോളാസ് പൂരാന് (6) എന്നിവര്‍ പുറത്താവാതെ നിന്നു.