KERALATop News

അവധിയിലായ പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയാല്‍ വകുപ്പുതല നടപടി: ഉത്തരവ് വിവാദമാവുന്നു

കൊച്ചി ബ്യൂറോ
എറണാകുളം : ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഉത്തരവാദികളായ സംസ്ഥാനത്തെ പൊലീസുകാരെ മഹാമാരിക്കാലത്ത് കൈയൊഴിഞ്ഞു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അഹോരാത്രം വിശ്രമം പോലുമില്ലാതെ സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ അവധിയിലോ ഡ്യൂട്ടി റെസ്റ്റിനോ പോകുമ്പോള്‍ ക്വാറന്റൈനില്‍ പോകേണ്ടിവന്നാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് തൊടുപുഴ ഡിവൈഎസ്പിയുടെ ഉത്തരവില്‍ പറയുന്നത്.ഈ ഉത്തരവ് മുന്‍ ഡിജിപി കൂടിയായ ഡോ. ജേക്കബ് തോമസ് സാമൂഹിക മാധ്യമം വഴി പങ്കുവെച്ചതോടെയാണ് വിവാദമായത്.

വിവാദമായ ഉത്തരവ്

ഡ്യൂട്ടിയെടുത്തു തളരുന്ന പൊലീസുകാര്‍ അവധിയെടുക്കുമ്പോഴോ, തുടര്‍ച്ചയായ ഡ്യൂട്ടിക്കു ശേഷം വിശ്രമാവധിയില്‍ പോകുമ്പോഴോ ഏതെങ്കിലും കാരണവശാല്‍ ക്വാറന്റൈനിലാവുകയാണെങ്കില്‍ അതിനുള്ള ചെലവ് സ്വന്തം നിലയ്ക്കു വഹിക്കണമെന്നു മാത്രമല്ല, അവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് തീയതിയോ റഫറന്‍സ് നമ്പരോ കൂടാതെ തൊടുപുഴ ഡിവൈ.എസ്.പി കാര്യാലയത്തില്‍ നിന്ന് ഡിവൈഎസ്.പി കെ.കെ സജീവിന്റെ പേരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുള്ള ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവധിയില്‍പ്പോകുന്ന പൊലീസുകാര്‍ കോവിഡ് പ്രോട്ടോക്കോളും സാമൂഹികഅകലവും മറ്റും കൃത്യമായി പാലിക്കണമെന്നും ക്വാറന്റൈനില്‍ പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നും, അവശ്യസാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങണമെന്നുമടക്കം മൂന്നു നിര്‍ദ്ദേശങ്ങളാണിതിലുള്ളത്. സബ് ഡിവിഷനിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറിയിച്ച് 27ന് ഉച്ചയ്ക്ക് 12 നു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടുള്ളതാണ് ഈ കത്ത്.

കോവിഡ് പോലൊരു മഹാമാരിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൊലീസും പട്ടാളവും അഗ്നിസേനയും അടക്കമുള്ള സേവനങ്ങള്‍. ഡ്യൂട്ടിയിലായാലും അല്ലെങ്കിലും കോവിഡ് പോലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളില്‍ ആവശ്യക്കാരെ കണ്ടറിഞ്ഞു സഹായിക്കേണ്ടിവരിക അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. അത്തരത്തില്‍ അവരുടേതല്ലാത്ത കാരണത്താലും പല ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ നിസ്വാര്‍ത്ഥ സേവനത്തിന് സന്നദ്ധനാവുന്ന ഒരുദ്യോഗസ്ഥനെ പോലും അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പൊലീസ് ഉന്നതങ്ങളില്‍ നിന്നുള്ള ഈ ഉത്തരവ്. സ്വയം നിരീക്ഷണത്തില്‍ പോകാന്‍ വേണ്ട പണം സ്വയം കണ്ടെത്തണമെന്നതു പോകട്ടെ, പകരം അങ്ങനെവന്നാല്‍ അച്ചടക്കനടപടി നേരേണ്ടിവരുമെന്നതുപോലെ മനുഷ്യത്വരഹിതമായ തീരുമാനം പൊലീസുകാര്‍ക്കെതിരേ മാത്രമല്ല, ജനങ്ങള്‍ക്കു കൂടി എതിരായ നിലപാടാണെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.

Tags
Show More

Related Articles

Back to top button
Close