KERALA

അവിശ്വാസ പ്രമേയം, അഴിമതി, ആരോപണങ്ങള്‍, ജോസ് കെ. മാണിയുടെ നിലപാട്; കലുഷിതമായി നിയമസഭാ സമ്മേളനം

തിരുവനന്തപുരം: എല്ലാ നിയമസഭാ സമ്മേളനങ്ങളും കലുഷിതമാകാറുണ്ടെങ്കിലും ഇക്കുറി ചേരുന്ന നിയമസഭാ സമ്മേളനം അല്‍പ്പം പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഈ സര്‍ക്കാരിന് ഒരിക്കലും നേരിടേണ്ടി വരില്ലെന്ന് കരുതിയിരുന്ന അവിശ്വാസ പ്രമേയം, ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച. രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ചര്‍ച്ച നടക്കുക. പാര്‍ട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുക.കേരള നിയമസഭയുടെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് വി ഡി സതീശന്‍ അവതരിപ്പിക്കുന്നത്. 2005ലാണ് അവസാനമായി അവിശ്വാസ പ്രമേയം കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്.
വിപ്പിനെച്ചൊല്ലിയുളള കേരള കോണ്‍ഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങള്‍ക്കും ഇന്ന് സഭാതലം വേദിയാകും. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.പി.ജെ.ജോസഫ് എംഎല്‍എയുടെ റൂമിനു മുന്നിലും വിപ്പ് പതിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈമെയില്‍ വഴിയും സ്പീഡ് പോസ്റ്റ് മുഖേനയും വിപ്പ് നല്‍കിയിട്ടുണ്ട്.എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും മത്സരിക്കും. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്ന് ജോസഫ് പക്ഷവും വിപ്പ് നല്‍കിയിട്ടുണ്ട്.യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളിയിരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി കഴിഞ്ഞദിവസം പ്രതികരിച്ചു.നിലവില്‍ അച്ചടക്കലംഘനത്തിനുള്ള സസ്പെന്‍ഷനിലാണ് കേരള കോണ്‍ഗ്രസ്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തെറ്റായ തീരുമാനം തിരുത്താന്‍ ഇനിയും അവസരമുണ്ട്. ഞങ്ങള്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നാണ് യുഡിഎഫ് പക്ഷം.അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

Tags
Show More

Related Articles

Back to top button
Close