
തിരുവനന്തപുരം: അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ വാക്പോര്. തനിക്കിതുവരെ അവിശ്വാസപ്രമേയ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. ഈ മാസം 24 നാണ് നിയമസഭാ സമ്മേളനം നടക്കുക. പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്നാലും ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസിനു അവതരണാനുമതി നല്കാന് സാധിക്കൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കി.സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരണമെങ്കില്‍ വിജ്ഞാപനമിറങ്ങി, സമ്മേളനത്തിനു പതിനാല് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, അടിയന്തര സമ്മേളനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്. മാത്രമല്ല 14 ദിവസം മുന്‍പ് വിജ്ഞാപനം ഇറങ്ങിയിട്ടുമില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ചട്ടപ്രകാരം അവിശ്വാസപ്രമേയ നോട്ടീസിനു അനുമതി നല്കാന് സാധിക്കില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിനെതിരെയോ സ്പീക്കര്‍ക്കെതിരെയോ ഇതുവരെ അവിശ്വാസത്തിന് നോട്ടീസ് കിട്ടിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
സ്പീക്കര്‍ ഭീരുവിനെ പോലെ പെരുമാറരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു സ്പീക്കര്‍ അനുമതി നല്‍കണം. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോള്‍ അസാധാരണമായ പ്രമേയത്തിന് അനുമതി നല്‍കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിനു അനുമതി നല്‍കിയില്ലെങ്കില്‍ സഭാ ടിവി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 24-ന് നിയമസഭാ സമ്മേളനവും ചേരാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വളരെ എളുപ്പത്തില്‍ അവിശ്വാസപ്രമേയമെന്ന കടമ്പ തരണം ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കും.