KERALANEWS

അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചതോടെ പറഞ്ഞത് ദൈവംപോലും പൊറുക്കാത്ത കള്ളം; പെറ്റമ്മക്കെതിരെ പതിമൂന്നുകാരൻ നൽകിയ പരാതിയും മൊഴിയും ഞെട്ടിച്ചത് കേരള സമൂഹത്തെയാകെ; അ​ഗ്നിപരീക്ഷകൾക്കൊടുവിൽ യുവതി നിരപരാധിയെന്ന് തെളിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടതോടെ രക്ഷപെടാൻ 13കാരൻ പറഞ്ഞ കള്ളക്കഥ പെറ്റമ്മക്ക് സമ്മാനിച്ചത് ഒരിക്കലും മായാത്ത വേദനകളും കാരാ​ഗൃഹ വാസവും. ഒടുവിൽ മുൾക്കിരീടം അണിയേണ്ടിവന്ന യുവതിക്ക് തുണയാകുന്നത് കേരള പൊലീസിന്റെ സത്യസന്ധമായ അന്വേഷണ മികവും. മകനായ 13കാരന്റെ കളവും ആദ്യഭർത്താവിന്റെ പ്രതികാരദാഹവും കൂടിയായപ്പോൾ നിസ്സഹായായ ഒരു സ്ത്രീ അകാരണമായി ജയിലിൽ കിടന്നത് ഒരു മാസക്കാലം. കോളജ് വിദ്യാഭ്യാസ കാലത്തെ പ്രണയം ഈ യുവതിക്ക് സമ്മാനിച്ചത് തീരാവേനകൾ മാത്രം. ഒടുവിൽ എല്ലാ ആരോപണങ്ങളെയും ആക്ഷേപ ശരങ്ങളെയും അതിജീവിച്ച് ഇനി ഈ സ്ത്രീക്ക് തലയുയർത്തി നിൽക്കാം. അപ്പോഴും നൊന്തുപ്രസവിച്ച മകൻ തനിക്കെതിരെ നൽകിയ കള്ളമൊഴിയുടെ തീക്ഷ്ണത ആ മാതൃഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടേയിരിക്കും.

പതിമൂന്നുകാരനെ പെറ്റമ്മ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തിരുവനന്തപുരം കടയ്ക്കാവൂരിൽ നാല് മക്കളുടെ അമ്മക്കെതിരെ മകൻ നൽകിയ പരാതിയും മൊഴിയും അവിശ്വസനീയമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതോടെ വ്യക്തിവൈരാ​ഗ്യം തീർക്കാൻ മുൻ ഭർത്താവ് കെട്ടിച്ചമച്ച കഥയാണെന്ന യുവതിയുടെ വിശദീകരണം സത്യമെന്ന് തെളിയുകയാണ്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി കേസിന്റെ വിചാരണാ നടപടികൾ നടക്കുക.

അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന്‍ നല്‍കിയ മൊഴി അവിശ്വസനീയമെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിന്റെ വാദം.

അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയിൽ ഉറച്ച് നിൽക്കുന്നെന്നായിരുന്നു മൂത്ത സഹോദരൻ പറഞ്ഞത്. നേരത്തെ ഈ കേസിൽ കോടതി മാതാവിന് ജാമ്യം അനുവദിച്ചിരുന്നു. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ കേസിലെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.

കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും നേരത്തെ കോടതി നിർദ്ദേശിക്കുകയുണ്ടായി.

അതേസമയം, മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. ”മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല”, കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടികാട്ടിയത് ഇതൊക്കെയായിരുന്നു.

പ്രണയ വിവാഹം യുവതിക്കൊരുക്കിയത് ചതിക്കുഴി

ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.

മൂന്നു വർഷമായി കുടുംബം വേർപ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിർത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. 2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്. ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം.

മകൾ നിരപരാധിയാണെന്ന് മാതാപിതാക്കൾ

മകൾ നിരപരാധിയെന്ന് വ്യക്തമാക്കി അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കൾ പലതവണ രം​ഗത്ത് വന്നിരുന്നു. ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കുട്ടിക്ക് മയക്കുമരുന്നു നൽകിയെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീധനത്തിനാണ് വേണ്ടിയാണ് മകൾക്കെതിരെ കള്ളക്കേസ് നൽകിയതെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.

മകളുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷമായി. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. നൽകാമെന്നേറ്റതല്ലാതെ കൂടുതൽ തുക ആവശ്യപ്പെടരുതെന്ന് നിക്കാഹിന്റെ സമയത്ത് എഴുതി വാങ്ങിയതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് മകളുടെ ഭർത്താവിന്റെ അമ്മ കൂടുതൽ തുക ആവശ്യപ്പെട്ടു തുടങ്ങിയെന്ന് മാതാപിതാക്കൾ പറഞ്ഞു.

അതേസമയം, ഭാര്യ മകനെ പീഡിപ്പിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. കുട്ടിയിൽ ചില വൈകല്യങ്ങൾ കണ്ടതോടെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കുട്ടിയോട് എസ്ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിന് ശേഷം കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close