SPORTSTop News

അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവര്‍

വസന്ത് കമല്‍

സൂര്യകുമാര്‍ യാദവ്

ഐപിഎല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര ഷെഡ്യൂളിനു തുടക്കമാകുകയാണ്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ പതിവിലേറെ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ പല താരങ്ങളും അവഗണിക്കപ്പെട്ടത് വിവാദങ്ങള്‍ക്കും വഴി തെളിച്ചു. ദേശീയ ടീം സെലക്ഷന് ഐപിഎല്‍ അല്ല മാനദണ്ഡം എന്നു മനസിലായാല്‍ ഉത്തരം കിട്ടുന്നതാണ് ഇക്കൂട്ടത്തില്‍ ഉയര്‍ന്ന രണ്ടു സംശയങ്ങള്‍. സൂര്യകുമാര്‍ യാദവ് എന്തുകൊണ്ട് ടീമില്‍ ഇല്ല, മുഹമ്മദ് സിറാജ് എങ്ങനെ ടീമില്‍ വന്നു, ഇവയാണ് ആ ചോദ്യങ്ങള്‍. ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം സ്ഥിരതയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും കരണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ഒക്കെ ഉള്‍പ്പെടുന്ന മുംബൈ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഈ മുപ്പതുകാരന്‍ പലപ്പോഴും മാച്ച് വിന്നറാകുന്നു എന്നത് അയാളുടെ മികവിനു തെളിവുമാണ്. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ ഈ പ്രകടന സ്ഥിരത പ്രകടിപ്പിക്കാന്‍ സൂര്യയ്ക്കു സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

മുഹമ്മദ് സിറാജ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44, ലിസ്റ്റ് എ മത്സരങ്ങളില്‍ 35, ആഭ്യന്തര ട്വന്റി 20 മത്സരങ്ങളില്‍ 32 എന്നിങ്ങനെയാണ് സൂര്യയുടെ ബാറ്റിങ് ശരാശരി. ഐപിഎല്‍ നടക്കുന്ന സമയത്തു മാത്രം ക്രിക്കറ്റ് കളി കാണാന്‍ ഇരിക്കുന്നവര്‍ക്ക് സൂര്യ പ്രിയപ്പെട്ടവനായിരിക്കാം. പക്ഷേ, ആഭ്യന്തര സീസണില്‍ ഉടനീളം ഏജ് ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിരന്തരം നിരീക്ഷിക്കുന്ന ദേശീയ സെലക്റ്റര്‍മാരെ സംബന്ധിച്ച് അനവധി സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ ഒന്നു മാത്രമാണ് ഐപിഎല്‍ പ്രകടനങ്ങള്‍. ഐപിഎല്ലില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത മുഹമ്മദ് സിറാജ് എങ്ങനെ ടെസ്റ്റ് കളിക്കുന്നു എന്ന ചോദ്യം പോലും വിഡ്ഢിത്തമാണ്. ഹൈദരാബാദിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനു വേണ്ടി വിദേശ പര്യടനങ്ങളിലും പുറത്തെടുത്ത മികവാണ് ഈ പേസ് ബൗളറെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തിച്ചത്. ഓസ്ട്രേലിയ എ ടീമിനെതിരായ സിറാജിന്റെ എട്ടു വിക്കറ്റ് പ്രകടനമൊന്നും ഐപിഎല്‍ പ്രേമികള്‍ക്കു കേട്ടുകേള്‍വി പോലുമുണ്ടാകില്ല.

ഋഷഭ് പന്ത്

ടീം സെലക്ഷനില്‍ ഇത്തരം വിവാദങ്ങള്‍ക്കപ്പുറം ശ്രദ്ധിക്കാന്‍ മറ്റു ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഋഷഭ് പന്ത് പരിമിത ഓവര്‍ ടീമുകളില്‍ നിന്ന് പുറത്തായതാണ് അതിലൊന്ന്. ബിഗ് ഹിറ്റിങ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട ഋഷഭിന്റെ മറ്റൊരു മുഖമാണ് ഈ സീസണില്‍ ഇതുവരെ കാണാന്‍ സാധിച്ചിട്ടുള്ളത്. കരുതലോടെ കളിക്കുന്ന ഋഷഭ് ഇതുവരെ വമ്പന്‍ സ്‌കോറുകള്‍ നേടിയില്ലെങ്കിലും ഡല്‍ഹി ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുന്നുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതിരിക്കുക കൂടി ചെയ്തതോടെ ഋഷഭ് ടെസ്റ്റ് ടീമില്‍ മാത്രമായി ഒതുക്കപ്പെടുകയായിരുന്നു. വൃദ്ധിമാന്‍ സാഹ കൂടി ടെസ്റ്റ് ടീമിലുള്ള സാഹചര്യത്തില്‍ അവിടെയും ഫസ്റ്റ് ഇലവനില്‍ ഋഷഭിന് സ്ഥാനം ഉറപ്പില്ല. ഏകദിന, ട്വന്റി20 ടീമുകളില്‍ ഒന്നാം വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുല്‍ തന്നെ പരിഗണിക്കപ്പെടാനാണ് സാധ്യത.

സഞ്ജു സാംസണ്‍

ഐപിഎല്ലിനു മുന്‍പുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും മധ്യനിര ബാറ്റ്സ്മാന്‍ എന്ന നിലയിലും രാഹുല്‍ നേടിയെടുത്ത ടീമിലെ സ്ഥാനം ദീര്‍ഘമായ ഇടവേളയില്‍ വിസ്മരിക്കപ്പെടുന്നില്ല. സഞ്ജു സാംസണ്‍ ആയിരിക്കും ട്വന്റി20 ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. നിലവിലുള്ള സാഹചര്യത്തില്‍ സഞ്ജുവിനും ഫസ്റ്റ് ഇലവനില്‍ ഇടം ഉറപ്പില്ല. അതേസമയം, ഏകദിന ടീമില്‍ ഒരു റിസര്‍വ് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കൗതുകരമാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിന് ഏതെങ്കിലും സാഹചര്യത്തില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റു ടീമുകളില്‍ നിന്ന് ഋഷഭിനോ സഞ്ജുവിനോ ഇതിലേക്കും നറുക്ക് വീഴാം. ഐപിഎല്‍ അല്ല സെലക്ഷന്‍ മാനദണ്ഡം എങ്കിലും, ഐപിഎല്‍ പ്രകടനത്തിന്റെ കൂടി വെളിച്ചത്തില്‍ ദേശീയ ടീമില്‍ ഇക്കുറി ഇടം പിടിച്ച താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ എന്ന ലേബലാണ് ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ട വരുണിനുള്ളത്. രാഹുലിന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനും ഐപിഎല്‍ പ്രകടനങ്ങള്‍ സഹായകമായി. എന്നാല്‍, മുന്‍പ് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പോയ അക്ഷര്‍ പട്ടേലിന് മറ്റൊരു അവസരം കിട്ടാതെയും പോയി.

ശിവം മാവി

ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, യുവ ഫാസ്റ്റ് ബൗളര്‍മാരായ കമലേഷ് നാഗര്‍കോടി, ടി. നടരാജന്‍, കാര്‍ത്തിക് ത്യാഗി, ഇശാന്‍ പോറല്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിനൊപ്പം ഓസ്ട്രേലിയയിലേക്കു പോകും. പരിശീലനത്തില്‍ സഹായിക്കുന്നതിനൊപ്പം ഇവര്‍ക്കും മികച്ച അനുഭവമായിരിക്കും ദേശീയ ടീമിനൊപ്പമുള്ള പര്യടനം. ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ എന്നിവര്‍ പരിക്കിന്റെ പിടിയിലായ സാഹചര്യത്തില്‍, ടീമിലുള്ള മറ്റേതെങ്കിലും പേസ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ ഇവരിലാരെങ്കിലും ദേശീയ ടീമില്‍ ഉള്‍പ്പെടാനും സാധ്യത ഏറെ. ഇക്കൂട്ടത്തിലും ഇടം കിട്ടാതെ പോയ യുവ പ്രതിഭയാണ് ശിവം മാവി എന്ന പേസ് ബൗളര്‍. ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ഇശാന്‍ കിഷന്‍, നിതീഷ് റാണ, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കു വേണ്ടി സൂര്യകുമാര്‍ യാദവിനു വേണ്ടി ഉയര്‍ന്നതു പോലുള്ള മുറവിളികള്‍ ഉയര്‍ന്നു കേട്ടതുമില്ല. ഇതിനിടെ, ഓപ്പണര്‍ രോഹിത് ശര്‍മയെ പരുക്ക് കാരണം ഒഴിവാക്കിയ സെലക്റ്റര്‍മാരുടെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പരുക്കുള്ള മായങ്ക് അഗര്‍വാള്‍ എല്ലാ ടീമുകളിലും ഉള്‍പ്പെടുകയും, കളിക്കാനിറങ്ങുന്നില്ലെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുന്ന രോഹിത് ശര്‍മ ഉള്‍പ്പെടാതിരിക്കുകയും ചെയ്തതിലാണ് സുനില്‍ ഗവാസ്‌കറെ പോലുള്ളവര്‍ സംശയം ഉന്നയിക്കുന്നത്.

ലൂയി ഹാമില്‍ട്ടണ്‍

നവംബര്‍ പന്ത്രണ്ടിനാണ് ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയില്‍ വിമാനമിറങ്ങുക. തുടര്‍ന്ന് പതിനാല് ദിവസത്തെ ക്വാറന്റൈന്‍. ഈ സമയത്തും പരിശീലനം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ഡേ-നൈറ്റ് മത്സരം കൂടി ഉള്‍പ്പെടുന്നതിനാല്‍ ഇതിനായി സമാന സാഹചര്യത്തില്‍ സന്നാഹ മത്സരവും ഇന്ത്യയ്ക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഫോര്‍മുല വണ്‍ റേസിങ് ട്രാക്കും സജീവമായിക്കഴിഞ്ഞു. ഈ സീസണില്‍ ഐതിഹാസിക താരം മൈക്കല്‍ ഷുമാക്കറുടെ അപരാജിതമെന്നു കരുതപ്പെട്ട ഒരു റെക്കോഡ് തിരുത്തപ്പെടുന്നതിനും റേസിങ് സര്‍ക്യൂട്ട് സാക്ഷ്യം വഹിച്ചു. പോര്‍ച്ചുഗല്‍ ഗ്രാന്റ്പ്രീയില്‍ ഒന്നാമനായ ലൂയി ഹാമില്‍ട്ടണ്‍ തൊണ്ണൂറ്റിരണ്ടാമത്തെ കരിയര്‍ വിജയം കുറിച്ചതോടെയാണിത്. 24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പോര്‍ച്ചുഗല്‍ ഫോര്‍മുല വണ്ണിനു വേദിയാകുന്നത്. ഇത് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു.

ക്രിസ്റ്റ്യന്‍ കോള്‍മാന്‍

അത്ലറ്റിക് ട്രാക്കുകള്‍ ഇനിയും സജീവമായിട്ടില്ലെങ്കിലും അത്ലറ്റിക് മേഖലയില്‍ നിന്ന് വലിയൊരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. നൂറു മീറ്റര്‍ ഓട്ടത്തില്‍ നിലവിലുള്ള ലോക ചാംപ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന് അത്ലറ്റിക് ഇന്റഗ്രിറ്റ് യൂണിറ്റ് വിലക്കേര്‍പ്പെടുത്തിയതാണ് അത്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. രണ്ടു വര്‍ഷമാണ് വിലക്കിന്റെ കാലാവധി. ഇതില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ കോള്‍മാന് പങ്കെടുക്കാന്‍ കഴിയില്ല. ക്ലബ് ഫുട്ബോളില്‍ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ ഹോം ഗ്രൗണ്ട് വേദിയായി. ഇവിടെ ഒന്നിനെതിരേ മൂന്നു ഗോളിന് ജയിച്ചു കയറിയത് റയല്‍ മാഡ്രിഡ്. ഫെഡറിക്കോ വാല്‍വെര്‍ദെ, സെര്‍ജിയോ റാമോസ്, ലൂക്ക മോഡ്രിച്ച് എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ഗോളുകള്‍ നേടിയത്.

കൗമാര താരം അന്‍സു ഫാറ്റി ബാഴ്സയുട ആശ്വാസ ഗോളും കണ്ടെത്തി. എന്നാല്‍, സ്പാനിഷ് ലീഗിലെ ഈ തോല്‍വിയുടെ ക്ഷീണം ചാംപ്യന്‍സ് ലീഗില്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ ബാഴ്സയ്ക്കു കഴിഞ്ഞു. ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍ കീഴടക്കിയപ്പോള്‍ ഉസ്മാന്‍ ഡെംബലെയും ലയണല്‍ മെസിയുമായിരുന്നു സ്‌കോറര്‍മാര്‍. മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമെന്നു പ്രതീക്ഷയുണ്ടായിരുന്ന മത്സരത്തില്‍ പക്ഷേ, ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയില്ല. കോവിഡ് മുക്തനായെങ്കിലും അദ്ദേഹം വിശ്രമത്തില്‍ തുടരുകയാണ്. അതേസമയം, ലീഗില്‍ ജര്‍മന്‍ ക്ലബ് ബോറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാഷിനെതിരേ സമനില വഴങ്ങിയ റയലാകട്ടെ, പ്രതിസന്ധിയിലുമായി. 87ാം മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നിലായിരുന്ന മുന്‍ ചാംപ്യന്‍മാര്‍ കരിം ബെന്‍സേമയുടെയും കാസിമിറോയുടെയും മികവില്‍ കഷ്ടിച്ച സമനിലയുമായി രക്ഷപെടുകയായിരുന്നു. ആദ്യ കളിയില്‍ യുക്രെയ്ന്‍ ക്ലബ് ഷക്തറിനോട് അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍ല് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, ചെല്‍സി, സെവിയ, ബോറൂസിയ ഡോര്‍ട്ട്മുണ്ട് എന്നീ ടീമുകളും വിജയം കണ്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close