KERALANEWS

അസുഖ ബാധിതനായി തിരുനക്കര ശിവന്‍; വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് ആരോപണം

കോട്ടയം: അക്ഷര നഗരിയുടെ അഭിമാനമാണ് തിരുനക്കരയപ്പനും പ്രിയപ്പെട്ട തിരുനക്കര ശിവന്‍. കോന്നി ആനക്കൂട്ടില്‍ നിന്നും തിരുനക്കരയപ്പന്റെ കൈപിടിച്ചു വന്നുകയറിയ സുന്ദരക്കൊമ്പന്‍. പക്ഷേ ഇന്ന് ശിവനെ കണ്ടാല്‍ ആരുടെ കണ്ണില്‍ നിന്നും കണ്ണീരിറ്റുവീഴും. തൃശൂര്‍ പൂരത്തിന് തിരുനക്കര ശിവനെ എഴുന്നള്ളിക്കാതിരുന്നതും, ശിവന്റെ പുറത്തു നിന്നും അബദ്ധത്തില്‍ പാപ്പാന്‍ താഴെ വീണ് കൊല്ലപ്പെട്ട സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ശിവനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തിയതെന്ന ആരോപണമാണ് ആന പ്രേമികള്‍ ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് ശിവന്റെ പാപ്പാന്മാരെ അടിയ്ക്കടി മാറ്റുക പോലും ചെയ്യുന്നതെന്നും ആരോപണമുണ്ട്.

ശിവനെപ്പറ്റി ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. തിരുനക്കര ക്ഷേത്രത്തിന്റെ കെട്ട് തറയിലാണ് ശിവനെ കെട്ടിയിരിക്കുന്നത്. ശിവന്‍ തല താഴ്ത്തി നില്‍ക്കുന്ന കാഴ്ച്ചയാണ് തിരുനക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് കാണാന്‍ സാധിച്ചത്. ശിവന്റെ നട്ടെല്ലിന്റെ ഭാഗം മുന്‍പ് നല്ലപോലെ മാംസളമായി നിന്നിരുന്നു. എന്നാല്‍ ഇന്ന് ആ ഭാഗം കുഴിഞ്ഞ് എല്ലും തോലുമായ അവസ്ഥയാണ്.
ഇടതു കാലിന്റെ മുകളിലായി ഒരു വ്രണം പൊട്ടി അതില്‍ ഈച്ചകള്‍ വന്നിരിക്കുന്നത് വേദനാജനകമായ കാഴ്ചയാണ്. ഇടതു കാലില്‍ തന്നെ മൂന്നിടത്താണ് ഇത്തരത്തില്‍ മുറിവുണ്ടായിരിക്കുന്നത്. ആനയുടെ ശരീരത്തിലുണ്ടായിരുന്ന പരുപൊട്ടിയൊലിച്ചാണ് ഇത്തരത്തില്‍ പുഴുവരിച്ചതെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ മുറിവ് കൃത്യമായി പരിപാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമാകുന്നത്. ഈ മുറിവിന്റെ വേദനകൊണ്ടു തന്നെയാകാം, ആന ഇപ്പോള്‍ അവശനാണ് . തിരുനക്കര ശിവനെ ക്രൂരമായ രീതിയില്‍, മതിയായ പരിപാലനം നല്‍കാതെ സ്വകാര്യ ആന ലോബിയ്ക്ക് അടിയറ വയ്ക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ആന പ്രേമികള്‍ തന്നെ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close