INDIANEWS

അസ്സമിന്റെ ദുഃഖം കരകവിയുമ്പോള്‍ അപ്രത്യക്ഷമാകുന്ന ജൈവവൈവിധ്യങ്ങള്‍

ഗുഹാവത്തി: പെയ്‌തൊഴിയുന്ന പേമാരിക്കു മുന്നില്‍ അടി പതറുന്ന അവസ്ഥയെകുറിച്ചു കേരളം കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടതാണ്. കര കവിഞ്ഞൊഴുകുന്ന പുഴയും തീരം പറ്റാനോടുന്ന മനുഷ്യ ജീവനും കേരള ജനതയേക്കാള്‍ ഏറെ പരിചിതമായിരിക്കുക അസമിനും ബിഹാറിനും നേപ്പാളിനുമൊക്കെയാവണം, കാരണം ബ്രഹ്മപുത്രയുടെ രൗദ്രഭാവത്തിന് എല്ലാ വര്‍ഷകാലവും ആ ജനത സാക്ഷിയാവാറുണ്ട്. അസമിന്റെ ദുഖഃമെന്ന് ബ്രഹ്മപുത്രയെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്. കൈവഴികളെയും ചെറുനദികളെയും നിറച്ച് ബ്രഹ്മപുത്ര ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുമ്പോഴേക്കും അസമും ബിഹാറും അയല്‍ രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശുമെല്ലാം പ്രളയ പ്രഹരത്തില്‍ ദുരന്തത്തിലാഴ്ന്നിരിക്കും. ദശലക്ഷങ്ങളാണ് ഈ ദുരന്തമുഖത്ത് അകപ്പെടുക. വാസസ്ഥലങ്ങളും കൃഷിയിടങ്ങളും തുടങ്ങി ജീവനാവശ്യമായ അടിസ്ഥാന ആവശ്യങ്ങളെല്ലാം പ്രളയ ജലത്താല്‍ മുങ്ങിയിരിക്കും. എന്നാല്‍ ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴയില്‍ പാര്‍ക്കിന്റെ 85 ശതമാനവും വെള്ളത്തിനടിയിലാണ്. ഇത്തവണ വെള്ളപ്പൊക്കത്തിന്റെ ഏറ്റവും ഭയാനകമായ മുഖമാണ് ഈ ജനത കണ്ടത്. വെള്ളപ്പൊക്കത്തില്‍ 200 ലധികം പേര്‍ മരണപ്പെടുകയും അസം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

മനുഷ്യനു മാത്രമല്ല, സര്‍വ്വ ജീവജാലങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ് ഈ വെള്ളപ്പൊക്കം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ അധിവാസ കേന്ദ്രമാണ് അസമില്‍ സ്ഥിതിചെയ്യുന്ന കാശിരംഗ പാര്‍ക്ക്. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ കാസിരംഗ പാര്‍ക്കില്‍ കുറഞ്ഞത് 2,400 ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്കുകള്‍. വംശനാശ ഭീഷിണി നേരിടുന്ന അപൂര്‍വ്വം ജീവവര്‍ഗ്ഗങ്ങളിലൊന്നാണ് ഇവിടുത്തെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍. 1,055 കിലോ മീറ്റര്‍ വിസ്തൃതിയിലുള്ള ഈ ദേശീയോദ്യാനത്തില്‍ കടുവകള്‍, ആനകള്‍, വിവിധയിനം മാന്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങി മറ്റനേകം ജീവവര്‍ഗ്ഗങ്ങളുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്തവണയുണ്ടായ വെള്ളപ്പൊക്കത്തില്‍ 9 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം മൃഗങ്ങള്‍ മരിച്ചിച്ചുണ്ട്. 80 ലധികം ഹോഗ് മാനുകളും ചത്തിട്ടുണ്ട്. 130 ഓളം മൃഗങ്ങളെയെങ്കിലും രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കം എല്ലാക്കൊല്ലവും ഇവിടെ ഉണ്ടാവാറുണ്ടെങ്കിലും ഈ ഇടത്തിന്അതൊരുതരത്തില്‍ അനുഗ്രഹമാണ്.
തണ്ണീര്‍ത്തടങ്ങള്‍, പുല്‍മേടുകള്‍, അര്‍ദ്ധ-നിത്യഹരിത ഇലപൊഴിയും വനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള ഇവിടെ ജലാശയങ്ങളെ നിറയ്ക്കാനും അതിന്റെ ഭൂപ്രകൃതി നിലനിര്‍ത്താനും എല്ലാവര്‍ഷവുമുണ്ടാകുന്ന വെള്ളപ്പൊക്കം സഹായിക്കുന്നുണ്ട്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും വെള്ളപ്പൊക്കം പ്രവര്‍ത്തിക്കുന്നു. ഒരുതരത്തില്‍ പാര്‍ക്കിലെ ജല സമ്പത്തും മത്സ്യ സമ്പത്തും വെള്ളപ്പൊക്കത്താലാണ് ഫലഭൂഷ്ടമാകുന്നത്. കാസിരംഗയുടെ പുല്‍മേടുകള്‍ വൃത്തിയാക്കാനും നദി സഹായിക്കുന്നുണ്ട്. എല്ലാ വെള്ളപ്പൊക്കത്തിലും പുല്‍മേടുകളില്‍ കൂടുതല്‍ ഫലഭൂഷ്ടമാകുന്നു. ഇതു വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് പോഷകാഹാരം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഏറ്റവും ആരോഗ്യകരമായ പുല്‍മേടുകളിലൊന്നായി കാശിരംഗയിലുള്ള പുല്‍മേടുകള്‍ മാറുന്നത്. സസ്യഭുക്കുകളുടെ ആധിപത്യമുള്ള ഈ പ്രദേശത്ത്, അതിന്റെ പുല്‍മേടുകളുടെ നില നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വാര്‍ഷിക വെള്ളപ്പൊക്കമുണ്ടായിരുന്നില്ലെങ്കില്‍ പ്രദേശം ഒരു വനഭൂമിയായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്ന ഇടമായിട്ടും മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തുപോകുന്ന പ്രവണത കൂടിയിട്ട് അധികകാലമായിട്ടില്ല. ഉയര്‍ന്ന തോതില്‍ വെള്ളപ്പൊക്കമുണ്ടാവുന്നതോടെ തണ്ണീര്‍തടങ്ങളിലും പുല്‍മേടുകളിലും വസിക്കുന്ന മൃഗങ്ങള്‍ മുങ്ങി മരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേക്കിറങ്ങുന്ന മൃഗങ്ങള്‍ പ്രദേശവാസികളുടെ അക്രമത്തിലും കൊല്ലപ്പെടുന്നുണ്ട്. അസമില്‍ വെള്ളപ്പൊക്കത്തില്‍ രക്ഷതേടി നാട്ടിലിറങ്ങിയ കടുവ ഒരു വീട്ടിലെ കട്ടിലില്‍ വിശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വൈറലായിരുന്നു. വന്യ ജീവികളുടെ ആവാസ വ്യസ്ഥയിലേക്കു മനുഷ്യരുടെ കൈയേറ്റവും ഇത്തരത്തില്‍ കൂട്ടത്തോടെ മൃഗങ്ങള്‍ ചത്തുപോകുന്നതിനു കാരണമാവുന്നുണ്ട്. ദേശീയ പാതപോലും ഈ ആവാസവ്യവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും റെസ്റ്റോറന്റുകളും മനുഷ്യ സ്വാധീനം ഈ മേഖലയില്‍ കൂട്ടുന്നുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ മനുഷ്യ ജീവനു മാത്രമല്ല നിരവധി ജന്തുജാലങ്ങളുടെ ഇല്ലാതാകലിനും കാരണമാകുന്നുണ്ട്. പ്രളയത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യനെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. വംശനാശത്തോടടുത്തു നില്‍ക്കുന്ന ജീവികളെ സംരക്ഷിക്കുന്ന ഇടങ്ങളില്‍ ഇത്തരം അപകടം വളരെ ഭീഷണിയാകും. മനുഷ്യന്റെ ബാഹ്യ ഇടപെടലുകള്‍ കൂടിയാകുമ്പോഴാണ് ഇതിന്റെ വ്യാപ്തി വളരെയധികം വര്‍ധിക്കുക.

Tags
Show More

Related Articles

Back to top button
Close