INSIGHTKERALANEWSTrending

അ‍ഞ്ചു വർഷം മലയാളികളെ കരുതലോടെ കാത്ത ടീച്ചറമ്മ; നിപ്പയെന്ന മഹാമാരിയെ നിഷ്പ്രഭമാക്കിയ ഭരണാധികാരി; റോക്ക് സ്റ്റാറെന്ന് ​ഗാർഡിയൻ പുകഴ്ത്തിയ ആരോ​ഗ്യമന്ത്രി; കെ കെ ശൈലജ ടീച്ചറുടെ പുതിയ നിയോ​ഗമെന്തെന്ന് അറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

ദീപ പ്രദീപ്

കണ്ണൂർ: മട്ടന്നൂർ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ഇടത്തോട്ട് മാറി സബ്സ്റ്റേഷൻ റോഡിലൂടെ അൽപമൊന്ന് മുൻപോട്ട് പോയാൽ മന്ത്രി ശൈലജയുടെ വീട്ടിലെക്കെത്താം. നെൽപാടങ്ങളും വാഴത്തോട്ടവും മനം കുളിർപ്പിക്കുന്ന കാഴ്ച്ച കഴിയുമ്പോൾ തലയുയർത്തി പിടിച്ചു നിൽക്കുന്ന ഒരു ഇടത്തരം കോൺക്രീറ്റ് ഇരു നില വീടാണത്. മറ്റുവീടുകളിൽ നിന്നും വ്യത്യസ്തമായി ഈവീട്ടിനു മുൻപിലെ കവുങ്ങിൽ ഒന്നിലധികം ചെങ്കൊടികൾ കെട്ടിയിരിക്കുന്നു. ഉമ്മറത്തെ ചുവരിൽ വൃത്തത്തിൽ കൊത്തിയെടുത്ത അരിവാൾ ചുറ്റിക നക്ഷത്രമെന്ന സി.പി.എം ചിഹ്നവുമുണ്ട്. ഇവിടെയെല്ലാം പാർട്ടി മയമാണ്.

വൈദേശിക ഭരണത്തിനെതിരെ വീരപഴശിയുടെ പടയോട്ടങ്ങളും കർഷക സമര പോരാട്ടങ്ങളും ഒരു പാട് കണ്ട പഴശിയെന്ന കമ്മ്യൂണിസ്റ്റ് ​ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന വിപ്‌ളവ വനിതയാണ് കെ.കെ.ശൈലജ. അവരുടെ ആ മന:കരുത്തും ഭരണ നൈപുണ്യവും കേരളവും ലോകവും ഒരുപാട് കണ്ടതും കേട്ടതുമാണ്. നിപ്പയും കൊവിഡുമൊക്കെ കേരളം നേരിട്ടത് ശിവപുരം സ്‌കൂളിലെ ടീച്ചറായ കെ.കെ.ശൈലജയുടെ കൃത്യമായ കണക്കുകൂട്ടലിന്റെയും ചടുലനീക്കങ്ങളുടെയും കരുത്തിലാണ്. ഭർത്താവ് കെ.ഭാസ്‌കരൻ മാസ്റ്ററോടൊപ്പം കെ.എസ്.വൈ എഫിലൂടെ പ്രവർത്തിച്ച് സജീവ രാഷ്ട്രീയക്കാരിയായ കെ.കെ ശൈലജ ഇന്ന് കേരളം മുഴുവൻ കാതോർക്കുന്ന ഭരണാധികാരിയും വനിതാ നേതാവുമാണ്.

കേരളത്തിന്റെ ടീച്ചറമ്മയായി സോഷ്യൽ മീഡിയ വിശേഷിപിക്കുന്ന കെ.കെ ശൈലജയണ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റെക്കാർഡ് ഭൂരിപക്ഷമാണ് സ്വന്തം ജന്മനാടായ മട്ടന്നൂർ കഴിഞ്ഞ തെരഞ്ഞടുപ്പിൽ മനസറിഞ്ഞ് നൽകിയത്. തെരഞ്ഞെടുപ്പിൽ എപ് ളസ് നേടി ടീച്ചറമ്മ വിജയിച്ചു കഴിഞ്ഞു. ഇനി ഉപമുഖ്യമന്ത്രിയാകുമോയെന്നതാണ് മട്ടന്നുരുകാരുടെ ചോദ്യം. അർഹതപെട്ട സ്ഥാനമാണെങ്കിലും അതിന് പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കനിയണം.

മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം, ശോഭിത്ത്, ലസിത്ത് എന്നിവരുടെ അമ്മ, ശിവപുരം ഹൈസ്‌കൂൾ അധ്യാപിക എന്നീ വിശേഷങ്ങളെല്ലാം ശൈലജ ടീച്ചർക്ക് അവകാശപ്പെട്ടതാണ്. കേരളത്തിന്റെ രീതികളെ, ആരോഗ്യസംരംഭങ്ങളെ ലോകത്തിന്റെ മുൻപിലേക്ക് എത്തിച്ചു ഈ ആരോഗ്യ മന്ത്രി. ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി’ എന്നാണ് ഗാർഡിയൻ ടീച്ചറെ വിശേഷിപ്പിച്ചത്. ഏഷ്യൻ വനിതാ കൊറോണ പോരാളികൾക്കൊപ്പം ജംഗ് യുൻ-ക്യോങ് ,സൺ ചുൻലാൻ, ചെൻ വെയ്, ലി ലഞ്ചുവാൻ, ഐ ഫെൻ, സി ലിങ്ക എന്നിവരോടൊപ്പം ബിബിസി ന്യൂസിൽ ലോകത്തിന്റെ ആരോഗ്യചർച്ചകളിൽ സ്വാഗതം ചെയ്യപ്പെട്ടു. ചർച്ചകൾക്കായി കൊറോണ വാരിയർ ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു.

കമ്യൂണിസ്റ്റിന്റെ ജീവിതം ഒരുപാട് ത്യാഗങ്ങൾ നിറഞ്ഞതാണെന്ന പാഠം ശൈലജ ടീച്ചർ പഠിച്ചത് വല്യമ്മ എം.കെ. കല്യാണിയമ്മയിൽ നിന്നാണ്. പാർട്ടി നിരോധിക്കപ്പെട്ടക്കാലത്തും പാർട്ടിയുടെ ആശയങ്ങൾക്ക് വേണ്ടി പോരാടിയ കല്യാണിയമ്മയുടെ ജീവിതമൂല്യങ്ങളാണ് ശൈലജ ടീച്ചർ തന്റെ ജീവിതത്തിലും പകർത്തിയത്. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധത്തിന്റെ ഊർജവുമായി ശബ്ദമുയർത്തുന്ന ടീച്ചർക്കുളള അർഹിക്കുന്ന സമ്മാനമാണ് ഈ മന്ത്രി പദം. വ്യക്തമായ വിജയലക്ഷ്യത്തോടെയായിരുന്നു കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയെ ഇടതുമുന്നണി നിയോഗിച്ചത്.

രാജ്യവ്യാപകമായി ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയവർക്ക് പാർപ്പിടം, ഭക്ഷണം നൽകുക തുടങ്ങിയ കേരളത്തിന്റെ ശ്രമങ്ങളെ നയിക്കുന്നതിൽ ശൈലജ ടീച്ചറുടെ സാമർഥ്യവും, ശ്രദ്ധയും അതീവ ജാഗ്രതയുള്ളതായിരുന്നു.രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഓരോ ജില്ലയിലും 2 ആശുപത്രികൾ വീതം കോവിഡിന് വേണ്ടി മാറ്റിവെക്കൻ ആവശ്യപ്പെട്ടു. ഓരോ മെഡിക്കൽ കോളേജും 500 കിടക്കകൾ നീക്കിവച്ചു. ആശുപത്രികൾക്ക് പ്രത്യേക പ്രവേശന കവാടങ്ങളും എക്സിറ്റുകളും നിർബന്ധമാക്കി. രോഗനിർണയ പരിശോധനാ കിറ്റുകൾ കുറവായിരുന്നതിനാൽ, പ്രത്യേകിച്ചും ഈ രോഗം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ, പൊലീസ് സന്നദ്ധപ്രവർത്തകർ എന്നിവർക്കായി നീക്കി കരുതിവച്ചു.മേയ് അവസാന ആഴ്ചയോടെ, ശൈലജ ടീച്ചറും സംഘവും 4.3 ദശലക്ഷം ആളുകളുമായി ബന്ധപ്പെടുകയും ഒരു ‘കൺട്രോൾ റൂം’ സ്ഥാപിച്ച് അവരുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം അണുബാധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്തുപോലും കേരളത്തിലെ രോഗവളർച്ചാസുചിക താഴ്ന്നുതന്നെയാണ് നിന്നിരുന്നത്. കേരളത്തിലെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു.

2020 ജൂൺ 23 ന് ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു.ഷൈലജ ടീച്ചർ”മഞ്ജു എന്നെയല്ല, ഞാൻ മഞ്ജുവിനെയാണ് റോൾ മോഡൽ ആക്കിയിരിക്കുന്നത് ”എന്നാണ് ബ്രിട്ടാസിന്റെ ടോക്ക് ഷോയിൽ, വിടർന്ന സുന്ദരമായ ചിരിയോടെ ശൈലജ ടീച്ചർ ആവേശത്തോടെ പ്രഖ്യാപിച്ചത്. ഒന്നിലും തളരാതെ ജീവിതത്തെ നമ്മൾ അഭിമുഖീകരിക്കുക എന്നതാണ് എനിക്ക് മഞ്ജുവിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് ടീച്ചർ എടുത്തു പറഞ്ഞു. ആത്മാർത്ഥത സ്വയം പുഞ്ചിരിക്കുന്ന ടീച്ചറിന്റെ ചിരി എവിടെയും മായാതെ നിൽക്കുന്നു. ”കേരളത്തിലെ മാത്രമല്ല, ലോകത്തെവിടെയും ഉള്ള മലയാളികൾക്ക് അഭിമാനമുണ്ട് ടീച്ചറുടെ പ്രവർത്തനങ്ങൾക്കെന്നും മറ്റും ചോദിക്കുന്ന മഞ്ജു വാര്യർ! കൂടെ മഞ്ജു ചോദിച്ച ഒരു ചോദ്യം ഞങ്ങൾ എന്ന കേരളക്കരയാകയുള്ള മനുഷ്യരുടെ മനസ്സിലും ഉണ്ടാകുന്നുണ്ട്” ഞങ്ങൾക്കുവേണ്ടിയുള്ള ഈ പ്രവർത്തനങ്ങൾക്കിടയിൽ ടീച്ചർക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടുന്നുണ്ടോ?

ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ് വരുന്നത്. അതൊക്കെ അഭിമുഖീകരിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സമയത്തിനിടക്ക് ടീച്ചർക്ക് ഉറങ്ങാൻ സമയം കിട്ടുന്നുണ്ടോ എന്നും ആയിരുന്നു ഞങ്ങൾ ഒരോരുത്തരുടെയും ആശങ്കകൾ. എന്നാൽ ടീച്ചറിന്റെ മറുപടി ഇതൊന്നും ആയിരുന്നില്ല.” നൂറുകണക്കിനു സാമൂഹ്യ പ്രവർത്തകർ, വൊളെന്റിയർമാർ, ഡോക്ടർമാർ, നഴ്സുകാർ,ക്ലീനർമാർ, ഐസുലേഷൻ വാർഡുകളിൽ പ്രവർത്തിക്കുന്നവരൊന്നും ഉറങ്ങാറില്ല. അവരുടെ ജോലിസമയവും കഴിഞ്ഞ്, 14 ദിവസത്തെ കോറന്റൈനും കഴിഞ്ഞു മാത്രമെ അവരുടെ കുടുംബത്തെകാണാനും ,വീട്ടിൽ പോകാനും സാധിക്കാറുള്ളൂ. ഇവർ മാത്രമല്ല, പോലീസുകാർ, എമർജെൻസി പ്രവർത്തകർ എന്നിങ്ങനെ പലരുടെയും ഊർജ്വസ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ് നമ്മൾ ഇന്നീ അനുഭവിക്കുന്ന സുരക്ഷിതാവസ്ഥ. ധാരാളം ആൾക്കാരുടെ ‘എണ്ണയിട്ട ഒരു യന്ത്രം” പോലെയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ഇതിന്റെ പിന്നിൽ, കൂടെ എന്റെ പ്രൈവെറ്റ് സെക്രട്ടറി മുതൽ എന്റെ എല്ലാ സ്റ്റാഫും, എന്റെ കൂടെ പ്രവർത്തിക്കുന്നവരും ഉറങ്ങാറില്ല എന്നും കൂട്ടിച്ചേർത്തു.

ഒരു മെഴുകിതിരി കൂടി കത്തിച്ചാൽ വെളിച്ചം കൂടുതൽ കിട്ടും എന്നു പറയുന്നതുപോലെ, പരസ്പരം നമ്മൾ ഒരോരുത്തരെയും പുകഴ്ത്തുകയും അനുകരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് തീർച്ചയായും ഒരു പ്രേരണ തന്നെയാണ് എല്ലാവർക്കും. ”എന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നു പറയുമ്പോൾ അത് എന്റെ മൊത്തം ടീമിനെക്കുറിച്ചാണവർ പ്രശംസിക്കുന്നത് ‘.വളരെ സൂഷ്മതയോടെ ഒരു കുടക്കീഴിൽ എല്ലാവരെയും ചേർത്തു നിർത്തി, മന്ത്രിമാർ തൊട്ട്, എല്ലാ സ്റ്റാഫുകൾ അടക്കം, സാമൂഹ്യപ്രവർത്തകർ പോലും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ മാത്രമെ നമ്മുടെ ഉദ്ദേശം പൂർണ്ണമാവുകയുള്ളു. ഇപ്പറഞ്ഞ ഒരോ ലക്ഷ്യത്തോടെയുള്ള പ്രവർത്തനം എങ്ങേനെയായിരിക്കണം എന്ന് പറയുകയല്ല, മറിച്ച് ഷൈലജ ടീച്ചർ പ്രവർത്തിച്ചു കാണിച്ചുതന്നു നമുക്കോരോരുത്തർക്കുമായി!

രാഷ്ട്രീയം

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.1996 ൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006 ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. കേരളനിയമസഭയിൽ 1996ൽ കൂത്തുപറമ്പിനേയും 2006ൽ പേരാവൂരിനേയും പ്രതിനിധീകരിച്ചു.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഭൂരിപക്ഷത്തോടെയാണ് ശൈലജ വിജയിച്ചത്.2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാളും,ഇരിട്ടി സ്വദേശിയും കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. പിണറായി മന്ത്രിസഭയിൽ ആരോഗ്യം,സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.കെ.കെ ശൈലജ ഇനി കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമല്ല, വിസിറ്റിങ് പ്രൊഫസർ കൂടിയാണ്. നിപ പ്രതിരോധം ഉൾപ്പെടെ ആരോഗ്യമേഖലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഈ രാജ്യാന്തര ബഹുമതി.

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബർ 20ന് കെ. കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ മാടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജിൽ നിന്ന് 1980 ൽ ബിഎഡ് വിദ്യാഭ്യാസവും നേടി.തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്‌കരനും അദ്ധ്യാപകനായിരുന്നു. ശോഭിത്ത് (എൻജിനീയർ, ഗൾഫ്), ലസിത്ത് (എൻജിനീയർ, കിയാൽ). മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close