INSIGHT

ആത്മപ്രതിരോധങ്ങളുടെ നൊമ്പരങ്ങള്‍

എ.ചന്ദ്രശേഖര്‍

തന്നേക്കാള്‍ ശ്രദ്ധിക്കപ്പെടുന്ന സഹോദരങ്ങളും ബന്ധുക്കളുമുള്ള കൂട്ടുകുടുംബത്തില്‍ ഒരു രണ്ടാമൂഴക്കാരന്റെ മനോനിലയ്ക്ക് ഏപ്പോഴും ലേശം ആത്മവിശ്വാസക്കുറവും അരക്ഷിതത്വബോധവുമുണ്ടാവാം. മഹാഭാരതത്തില്‍ മഹാബലശാലിയായിരുന്ന ഭീമസേനനുപോലും ഒരു രണ്ടാമൂഴക്കാരന്റെ അപകര്‍ഷതയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ താരകുടുംബത്തിലെ മൂന്നാം തലമുറയിലെ ആണ്‍തരികളില്‍ രണ്ടാമനായ ഋഷി കപൂറിനും ഈയൊരു അപകര്‍ഷം വലിയൊരളവിലുണ്ടായിരുന്നെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇന്ത്യ കണ്ട മാസ്റ്റര്‍ ഷോമാന്മാരില്‍ അഗ്രഗണ്യനായ സാക്ഷാല്‍ രാജ് കപൂറിന്റെ തിരപ്രതിച്ഛായയുടെ ഐതിഹാസികത സത്യത്തില്‍ ഒരു ഭാരമായിട്ടാണ് മക്കള്‍ രണ്‍ധീറിനും ഋഷിക്കും ചിംപു എന്ന രാജീവിനും ബാധിച്ചിട്ടുള്ളതെന്ന് അവരുടെ ചലച്ചിത്രചരിത്രം സൂക്ഷ്മമായി അവലോകനം ചെയ്താല്‍ തിരിച്ചറിയാം.
പിതാവിന്റെ സിനിമകളിലൂടെ തന്നെ നായകന്മാരായി അരങ്ങേറിയ ഈ മൂവരിലും കുറേയെറെ സിനിമകളില്‍ വേഷമിട്ട രണ്‍ധീറും, രാം തേരി ഗംഗാ മൈലി പോലെ സൂപ്പര്‍ ഹിറ്റുണ്ടായിട്ടും കൂടുതലൊന്നും കാഴ്ചവയ്ക്കാനാവാത്ത രാജീവും വൈകാതെ കളമൊഴിഞ്ഞിട്ടും അഭിനയവേദിയില്‍ പിടിച്ചു നില്‍ക്കാനായത് ഋഷിക്കു മാത്രമാണ്. പിതാവിന്റെ മഹത്വത്തിന്റെ ദിവ്യപ്രഭ അവര്‍ക്കെല്ലാം ഒരേ പോലെ ബാധ്യതയായിരുന്നു എന്നതാണ് വസ്തുത. തന്താങ്ങളുടെ സ്വന്തം കഴിവു വച്ചോ അവരുടെ പ്രകടനം വച്ചോ അല്ല, പിതാവിന്റെ ശൈലിയുമായി ഉരച്ചു നോക്കിയാണ് പ്രേക്ഷകര്‍ അവരെ വിലയിരുത്തിയത്. ജന്മനാ വലിയ റെയ്ഞ്ച് ഒന്നുമില്ലാത്ത രണ്‍ധീറും രാജീവും പരാജിതരായി പിന്‍വാങ്ങിയയിടത്ത് നാലു പതിറ്റാണ്ടിലേറെ വേറിട്ട കഥാപാത്രങ്ങളുമായി, പിതാവിന്റേതില്‍ നിന്നു വിഭിന്നമായൊരു തിരസ്വത്വവുമായി പിടിച്ചു നില്‍ക്കാനായെങ്കില്‍ നടന്‍ എന്ന നിലയ്ക്ക് അതു ഋഷി കപൂറിന്റെ വിജയമായി തന്നെ കണക്കുകൂട്ടേണ്ടിയിരിക്കുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള വ്യാജപ്രതിച്ഛായകളുടെ അമിതപ്രതീക്ഷകളുടെ പ്രഭാവലയത്തിനെതിരേ ഏറെ ശ്രമപ്പെട്ട് ഒരു ആത്മപ്രതിരോധം തന്നെ സൃഷ്ടിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്.
എന്നിട്ടും, തന്നെ വെറും ചോക്കലേറ്റ് കാമുകനായും മരംചുറ്റി പ്രണയിതാവായും ആവര്‍ത്തിക്കുന്നതില്‍ മനം മടുത്താണ് കരിയറിന്റെ ഒന്നാം പാതിക്കൊടുവില്‍ ജ്യേഷ്ഠനെപ്പോലെ അദ്ദേഹവും ഒന്നാംതരം ഒരു മദ്യപനായിത്തീര്‍ന്നത്. ഭര്‍ത്താവിനെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വിവാഹശേഷം എന്നും ഒരു നിഴലെന്നോണം ഋഷിക്കൊപ്പം താങ്ങായി തണലായി കഴിഞ്ഞ മുന്‍കാല നടികൂടിയായ നീതു സിങ് ആവുംവിധം ശ്രമിച്ചിരുന്നു. അതിന് അവര്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി നീതുവും ഋഷിയും തന്നെ ചിലപ്പോള്‍ കളിയായും പലപ്പോഴും കാര്യമായും തുറന്നുപറഞ്ഞിട്ടുമുണ്ട്.
കുടുംബത്തിലെല്ലാവരുടെയും ”ള്ളേ കുട്ടി”യായതുകൊണ്ടായിരിക്കണം ‘ചിന്റു’വിന് എപ്പോഴും അങ്ങനെയൊരു ഛബ്ബി ഇമേജായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കലും ഒരു മാച്ചോ വേഷത്തിന് ഇണങ്ങാത്ത ശരീരപ്രകൃതവും ഭാഷയും. സ്വാഭാവികമായും രാജ് കപൂറിന്റെ ബോബിക്കു ശേഷം ഋഷിയെ തേടിവന്ന വേഷങ്ങളില്‍ ബഹുഭൂരിപക്ഷവും അത്തരത്തില്‍ ബംബ്ളിമാസ് കാമുകന്റെയും നിഷ്‌കളങ്ക ഭര്‍ത്താവിന്റെയും ബബ്ളി വേഷങ്ങളായിരുന്നു. സര്‍ഗാത്മകമായ ഈ തനിയാവര്‍ത്തനത്തിലും ഒരിക്കലും ഭേദിക്കാനാവാത്ത പിതാവിന്റെ തിരപ്രതിച്ഛായയും ഇതൊക്കെക്കൂടി നിര്‍മിച്ചെടുത്ത വ്യര്‍ത്ഥതാബോധവുമൊക്കെക്കൊണ്ടാവാം ഉള്ളില്‍ മികച്ചൊരു നടനുണ്ടായിട്ടും ഋഷി സ്വയം ഉള്‍വലിഞ്ഞ് മദ്യത്തില്‍ ആശ്രയം കണ്ടെത്തിയത്. അതേ സമയം, സിനിമാവേദിയിലും പുറത്തും വ്യക്തിയെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ ഏവര്‍ക്കും സ്വീകാര്യമായ, ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തും സഹപ്രവര്‍ത്തകനും അമ്മാവനും ചെറിയച്ഛനും അച്ഛനും ഭര്‍ത്താവുമൊക്കെയാവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. മനുഷ്യന്‍ എന്ന നിലയ്ക്ക് താരപ്രതിച്ഛായയുടെ ചെങ്കോലും കിരീടവും മാറ്റിവച്ച്, മണ്ണില്‍തൊട്ടു നില്‍ക്കുന്ന പ്രകൃതമായിരുന്നു ഋഷിയുടേത്. ഒരു പരിധിവരെ, എന്നും അങ്ങനെതന്നെയായിരുന്ന നീതു സിങ് എന്ന സ്ത്രീയുടെ സ്വാധീനം കൂടി ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നിരിക്കാം.
തന്റെ ജീവിതനേട്ടങ്ങളുടെ എല്ലാം ക്രെഡിറ്റ് ആത്യന്തികമായി അദ്ദേഹം പതിച്ചു കൊടുത്തിരുന്നതും നീതുവിനാണ്. അമ്മയ്ക്കു ശേഷം തന്നെ സ്വാധീനിച്ച സ്ത്രീ എന്നാണദ്ദേഹം നീതുവിനെ വിശേഷിപ്പിച്ചത്. അവര്‍ക്കു മുന്നില്‍ താനൊരു അനുസരണയുളള കുട്ടിയാണെന്ന് സോണി ടിവിയിലെ കപില്‍ ശര്‍മ്മ ഷോയില്‍ സകുടുംബം പങ്കെടുക്കവേ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. മദ്യത്തില്‍ നിന്ന് മോക്ഷം എന്ന് ലക്ഷ്യം കൈവരിക്കുന്നതിനും നീതു സിങ് തന്നെയാണ് അദ്ദേഹത്തിന് പ്രേരണയും പ്രേരകവുമായിത്തീര്‍ന്നത്. മദ്യത്തെ കൈവിട്ടില്ലെങ്കിലും അതിന്റെ അടിമത്തത്തില്‍ നിന്നു മോചിതനാവാനും സിനിമയില്‍ ഒരു രണ്ടാമൂഴം വിജയിപ്പിക്കാനുമായത് അങ്ങനെയാണ്. ആ രണ്ടാം ഇന്നിങ്സില്‍ അദ്ദേഹത്തെ കാത്തിരുന്നതോ, പ്രണയനായകനിലുപരി ഉള്‍ക്കാമ്പുള്ള വേറിട്ട വേഷങ്ങളും. ആ മാറ്റത്തിന് പ്രധാന കാരണം, സിനിമയില്‍ അതിനോടകം നടന്നുകഴിഞ്ഞ പുതുതലമുറയുടെ സ്ഥാനാരോഹണമാണ്. പുതുതലമുറ ചലച്ചിത്രകാരന്മാര്‍ക്ക് പഴന്തലമുറയെപ്പോലെ ഋഷികപൂര്‍ എന്ന നടനെ രാജ് കപൂറുമായോ ശശി കപൂറുമായോ ഒത്തുനോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ച് അദ്ദേഹം കഴിവുറ്റൊരു നടന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് അമര്‍ അക്ബര്‍ ആന്റണി, സാഗര്‍, നസീബ്, കൂലി തുടങ്ങിയ കൂട്ടുതാരചിത്രങ്ങളില്‍ നിന്നു വിടുതല്‍ നല്‍കി മുള്‍ക്, രജ്മാ ചാവല്‍, കപൂര്‍ ആന്‍ഡ് സണ്‍സ് പോലുള്ള വേഷങ്ങളിലേക്ക് ഋഷിയെ സങ്കല്‍പിക്കാന്‍ നവതരംഗത്തിനു സാധിച്ചത്. മലയാളത്തില്‍ നിന്നു വിട്ട് ഹിന്ദിയില്‍ സ്വതന്ത്രമായൊരു സിനിമയെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫിനു പോലും ദി ബോഡിയിലെ ഏറെ സങ്കീര്‍ണവും ദൂരൂഹതകളുള്ളതുമായ എസ്.പി.ജയ് രാജ് റാവലിനു വേണ്ടി ഇത്രയേറെ താരങ്ങള്‍ക്കിടയില്‍ നിന്ന് ഋഷി കപൂറിനെ തന്നെ തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയ അംഗീകാരം തന്നെയാണ് ഒരു കഥാപാത്രത്തിന് താന്‍ അനിവാര്യമാണ് എന്ന ഈ അവസ്ഥ. വൈകിയാണെങ്കിലും ഒടുവില്‍ ആ അനിവാര്യത നേടിയെടുക്കാന്‍ അഭിനേതാവെന്ന നിലയ്ക്ക് ഋഷി കപൂറിന് സാധിച്ചു.
സ്വയം പരിഹസിച്ചുകൊണ്ട് പറയാനുള്ളത് മറകൂടാതെ പറയുകയും മനസില്‍ യാതൊന്നും വച്ചുകൊണ്ടുനടക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ഋഷിയുടേത്. തിരപ്രതിച്ഛായ അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നതില്‍ നിന്ന് ഒരിക്കലും അദ്ദേഹത്തെ പിന്നോട്ടുവലിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ, കേരളത്തില്‍ ഒരു ഇരുപതുകാരി പുരികം ചുളിച്ച് കണ്ണിറുക്കിയത് വൈറലായപ്പോള്‍ അവരെ അഭിനന്ദിച്ച് ട്വീറ്റിടാന്‍ മടിയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ചിലപ്പോഴെങ്കിലും ഈ തുറന്ന പ്രകൃതം ചില തെറ്റിദ്ധാരണയ്ക്കു പോലും വഴിവച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ. കപൂര്‍ ഖാന്‍ധാനിലെ മൂന്നാം തലമുറ ആണുങ്ങളില്‍ ഇനി ഒരാള്‍ മാത്രം ബാക്കി. കുടുംബത്തിന്റെ ഐതിഹാസികത മകന്‍ രണ്‍ബീറിലൂടെയും പ്രതിഭാനം അനശ്വരകഥാപാത്രങ്ങളിലും ബാക്കിയാക്കി മടങ്ങുമ്പോള്‍ ഋഷികപൂര്‍ ലോകത്ത് അവശേഷിപ്പിക്കുന്നത് തീര്‍ച്ചയായും നല്ല മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.

Tags
Show More

Related Articles

Back to top button
Close