
ന്യൂഡല്‍ഹി: ഹത്രാസ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.യു പി യില്‍ ആരും പീഡനത്തിനിരയായിട്ടില്ല എന്ന വാദത്തിനെതിരെയാണ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റുമായി രംഗത്തെത്തിയത്.
ഇന്ത്യക്കാരായ പലരും രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നത് ലജ്ജാകരമായ സത്യമാണ്. യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ അവര്‍ക്കും അവള് ആരുമായിരുന്നില്ല എന്ന് തന്നെയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് യു.പി പോലീസ് ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും,പെണ്‍കുട്ടിയുടെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.എന്നാല്‍ ഇതും യു.പി പോലീസ് എതിര്‍ക്കുകയായിരുന്നു.ഈ മൊഴി പെണ്‍കുട്ടി നല്‍കിയില്ലെന്നാണ് പോലീസ് പറഞ്ഞത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ പോലും അന്വേഷണം നീങ്ങുന്ന അവസ്ഥയാണുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തുകയും സന്ദര്‍ശകരെ തടയുകയും ചെയ്തിരുന്നു.