KERALANEWS

ആദ്യം രാജി വയ്‌ക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാസ്തവത്തില്‍ ഇതാദ്യം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്.   സി പി എം ഇപ്പോള്‍ നേരിടുന്ന ഈ ഗുരുതരമായ  പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍   പാര്‍ട്ടി സെക്രട്ടറിയുടെ രാജികൊണ്ട് മാത്രം കഴിയില്ല. മുഖ്യമന്ത്രി രാജിവച്ച് മാതൃക കാട്ടുകയാണ് വേണ്ടത്. അത് ചെയ്തില്ലങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ച്  പുറത്ത്   പോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ പിസി സി ഓഫീസില്‍ മാധ്യമ  പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള  സ്വര്‍ണ്ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും  ഡോളര്‍ കൈമാറ്റമുള്‍പ്പെടെയുള്ള  ഇടപാടുകളും നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.  ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ  സിരാകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. അത് കൊണ്ട് ആദ്യം രാജിവക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍  തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി  നേരത്തെ ചികല്‍സക്ക് പോയപ്പോള്‍ ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല. അദ്ദേഹം തുടരുകയാണ് ചെയ്തത്. ഇപ്പോള്‍  പൊടുന്നനവേ  പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയുന്നത്   പാര്‍ട്ടിക്കകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് എന്ന് വ്യക്തമാകുന്നു.   ഇതുപോലൊരു പ്രതിസന്ധി സി പി എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മയക്ക് മരുന്ന് കച്ചവടമായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ നടത്തിക്കൊണ്ടിരുന്നത്.  പാര്‍ട്ടി വേറെ മകന്‍ വേറെ എന്നായിരുന്നു നേരത്തെ പറഞ്ഞ് കൊണ്ടിരുന്നത്. അത് പൊളിഞ്ഞു. അങ്ങനെ അല്ല രണ്ടും ഒന്നു തന്നെയാണ് എന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. മകന്‍  തെറ്റ് ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്വമെന്നാണ് ചോദിച്ചിരുന്നത്. ഇപ്പോള്‍ അത് മാറി.  പാര്‍ട്ടി സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ടെന്ന് സമ്മതിക്കുകയാണ്  ഇതിലൂടെ ചെയ്തിരിക്കുന്നത്.

ഇതുപോലെ പാര്‍ട്ടിയും സര്‍ക്കാരും ദുഷിച്ചനാറിയ സംഭവം കേരള ചരിത്രത്തിലുണ്ടായിട്ടില്ല.  ഇനിയും ജനങ്ങളെ കബളിപ്പിക്കാന്‍ സാധ്യമല്ലന്ന് സി പിഎം ഓര്‍ക്കണം. ഈ അധോലോക പ്രവര്‍ത്തനങ്ങളുടെ  ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് ജനവധി തേടാന്‍  തയ്യാറാവുകയാണ് വേണ്ടത്. അതിന്  പകരം മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് മുന്നോട്ട് പോകാനാണ്   പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുന്നത്.  കോടിയേരിയുടെ രാജി പ്രതിപക്ഷം  നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. ആ ആവശ്യത്തിന് സാംഗത്യമുണ്ടായിരുന്നുവെവന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം മയക്ക് മരുന്ന് കച്ചവടവും അധോലോക പ്രവര്‍ത്തനങ്ങളുമാണ്   ഇവിടെ നടന്നത്. ഇതില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ട്.  ജനങ്ങളെ സമീപിക്കാന്‍ കഴിയാത്ത  അവസ്ഥയിലേക്ക് സി പിഎം എത്തിയിരിക്കുകയാണ്.  പാര്‍ട്ടി സെക്രട്ടറിയുടെ രാജികൊണ്ടെങ്കിലും ആ പരുക്കില്‍ നിന്ന്  രക്ഷപെടാന്‍ കഴിയുമോ എന്നാണ് സി പിഎം നോക്കുന്നതെന്നും  രമേശ് ചെന്നിത്തല   പറഞ്ഞു. കോടിയേരിയുടെ പാത പിണറായി വേഗം പിന്തുടരുമെന്നാണ് തന്റെ  പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close