CULTURAL

ആധുനികതയുടെ നെടുമ്പാത

കോഴിക്കോട്ടെ അച്യുതന്‍ഗേള്‍സ് ഹൈസ്‌കൂളിന്റെ മുന്നിലൂടെ കടന്നുപോകുന്നൊരാള്‍ ഇത് സ്ഥാപിച്ചത് കേരളത്തിലെ ലൈബ്രറികളിലെ ചില്ലലമാരയില്‍തലയുയര്‍ത്തിനില്‍ക്കുന്ന കുന്ദലത എന്ന നോവല്‍ എഴുതിയ ആള്‍തന്നെയാണെന്ന് അറിയണമെന്നില്ല.ബാങ്കുടമയും അധ്യാപകനും വക്കീലും വസ്ത്രവ്യാപാരിയും പത്രമെഴുത്തുകാരനും മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളം പരീക്ഷാബോര്‍ഡ് അംഗവും കോഴിക്കോട്ടെ മുനിസിപ്പില്‍ കൗണ്‍സില്‍ അംഗവുമായിരുന്നുവെന്നും മനസ്സിലാക്കണമെന്നില്ല. എത്രമാത്രം വൈവിധ്യമാര്‍ന്നതായിരുന്നു അപ്പു നെടുങ്ങാടിയുടെ വ്യവഹാരമണ്ഡലങ്ങള്‍.ഇന്ന് ആ മഹത്വ്യക്തിയുടെ ഓര്‍മ്മ ദിവസമാണ്.

കൊളോണിയല്‍ ആധുനികതയുടെ സമസ്തമണ്ഡലങ്ങളെയും കേരളീയപൊതുമണ്ഡലത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയ വ്യക്തിത്വമാണ് റാവുബഹദൂര്‍ തലക്കൊടി മഠത്തില്‍ അപ്പു നെടുങ്ങാടി.ജന്മബന്ധംവഴി സാമൂതിരി കോവിലക സംസ്‌കാരവും കര്‍മ്മബന്ധം വഴി പാശ്ചാത്യ സംസ്‌കരവും ഒരുപോലെ മേളിച്ച വ്യക്തി.അതിന്റെ പ്രതിഫലനങ്ങള്‍ അദ്ദേഹത്തിന്റെ എല്ലാസാമൂഹികപ്രവര്‍ത്തനങ്ങളിലും കാണാനാകും.കേരളത്തെ ആധുനികവ്യവഹാരമണ്ഡലമാക്കിമാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.കേരളത്തിലെ അച്ചടിവിപണിയെ ജനകീയവത്കരിക്കാനുതകുന്ന സാഹിത്യോത്പന്നം നോവലാണെന്ന് മനസ്സിലാക്കിയതായിരുന്നു അപ്പുനെടുങ്ങാടിയുടെ പ്രതിഭ.സാഹിത്യം എന്നാല്‍ കവിതയാണെന്നും അത് ആസ്വദിക്കണമെങ്കില്‍ ചില യോഗ്യതകളൊക്കെവേണമെന്നുമായിരുന്നു അക്കാലത്തെ വിശ്വാസം.ഓരോ കാവ്യവിഭാഗത്തിന്റെയും സങ്കേതങ്ങള്‍ മനസ്സിലാക്കിയാല്‍മാത്രം ആസ്വദിക്കാന്‍ പറ്റുന്നരീതിയിലായിരുന്നു സാഹിത്യാസ്വാദനത്തിന്റെ പോക്ക്.ഗദ്യമാണ് ബഹുജനസാഹിത്യം വിശേഷ്യാ നോവല്‍സാഹിത്യം എന്ന് പാശ്ചാത്യസംസ്‌കാരവുമായുള്ള പരിചയത്തില്‍നിന്ന് അപ്പുനെടുങ്ങാടി മനസ്സിലാക്കിയിരുന്നു.എന്നാല്‍, മലയാളത്തിലെ ‘ആദ്യനോവല്‍’ അദ്ദേഹം വര്‍ത്തമാനകാല ജീവിതയാഥാര്‍ഥ്യത്തെ വരച്ചുകാട്ടാനല്ല ഉപയോഗിച്ചത്.മറിച്ച് ഗദ്യസാഹിത്യാസ്വാദനത്തിന് അടിപ്പടവിടുകയായിരുന്നു.നവഭാവുകത്വത്തിലേക്കുള്ള ആഹ്വാനമാണ് കുന്ദലതയിലൂടെ അപ്പു നെടുങ്ങാടി നടത്തുന്നതെന്ന് ആമുഖത്തില്‍നിന്ന് മനസ്സിലാക്കാനാകും.

ഇംഗ്ലീഷ് പോലുള്ള ആധുനികസാഹിത്യം മലയാളി മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും ആ ഭാഷയിലുള്ളതുപോലുള്ള കൃതികള്‍ മലയാളികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്നുമുള്ള ചിന്തയാണ് കുന്ദലത എന്ന കാല്പനികചരിത്രാഖ്യായികയുടെ നിര്‍മിതിക്കുപിന്നില്‍.’ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവരായ അധികപക്ഷക്കാര്‍ക്ക് ആവക പുസ്തകങ്ങളിലെ കഥാരസത്തെയും ഭാഷാചാതുര്യത്തെയും ലേശംപോലും അറിവാന്‍ കഴിയാതെ ചെറുപ്പകാലങ്ങളില്‍ മാതാപിതാക്കന്മാര്‍ പറഞ്ഞു അറിയുവാന്‍ സാധ്യതയുള്ള ചില പുരാണകഥകള്‍ രാമായണം,മഹാഭാരതം,നളചരിതം,മുതലായ ചുരുക്കം ചില പുസ്തകങ്ങളില്‍നിന്നു വായിച്ചറിഞ്ഞ് അവയെതന്നെ പിഷ്ടപേഷണംപോലെ ഒട്ടും രസംകൂടാതെ പിന്നെയും പിന്നെയും പലവുരു ആവര്‍ത്തിച്ച് കുറച്ചു കാലം തള്ളിമാറ്റുന്നതകിന് ഒരു ശമനം എന്ന നിലയ്ക്കാണ് കുന്ദലത രചിക്കുന്നതെന്നു ആമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.പുതുതായതെല്ലാം മലയാളിക്ക് വേണം എന്ന ശാട്യം നമ്മുക്ക് ഇവിടെയും കാണുവാന്‍ സാധിക്കും.അവരെ പിടിച്ചു നിര്‍ത്താനെന്നോണം മലയാളികള്‍ക്ക് ശീലമുള്ള ക്ലാസിക് ശൈലിയിലാണ് അദ്ദേഹം നോവല്‍ രചിക്കുന്നത്.

1887-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കുന്ദലത മലയാളഭാഷയില്‍എഴുതപ്പെട്ടിരിക്കുന്നുവെന്നേയുള്ളൂ.കേരളീയജീവിതത്തിന്റെ സവിശേഷതകളോ സമഗ്രാനുഭൂതി നല്‍കുന്ന ഇതിവൃത്തമോ കഥാപാത്രങ്ങളോ ഒന്നുംതന്നെയില്ല എന്ന് വിമര്‍ശകര്‍.ആശ്ചര്യകരമായ അവസ്ഥകളും രസപ്രദായകങ്ങളായ അനുഭൂതികളും അനുഭവങ്ങളും മാത്രമേ സാഹിത്യകൃതികളെ ആസ്വാദ്യകരമാക്കൂ എന്ന വിശ്വാസം പ്രബലമായ സാഹിത്യപൊതുമണ്ഡലത്തെയാണ് കുന്ദലത എന്ന നോവലിലൂടെ അപ്പു നെടുങ്ങാടി അഭിസംബോധന ചെയ്തത്.കലിംഗരാജാവിന്റെ പുത്രിയായ കുന്ദലതയും താരാനാഥനും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് പ്രമേയം. ഷേക്‌സ്പിയര്‍ കൃതികളെപോലെ പ്രണയവും യുദ്ധവും.ആന്തരികസംഘര്‍ഷങ്ങളും ചേര്‍ന്ന സാഹിത്യം മലയാളത്തിലും ആവാം എന്ന തോന്നലായിരിക്കണം കുന്ദലത എന്ന നോവലിന്റെ ജന്മത്തിനാധാരം.പ്രതീകാത്മകമായി നാടുവാഴിത്തത്തിന്റെ കഥപറയുകയാണ് അപ്പു നെടുങ്ങാടി ചെയ്യുന്നത്.

മലയാള സാഹിത്യത്തില്‍ നോവല്‍ വിഭാഗത്തില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അപ്പു നെടുങ്ങാടി.കോഴിക്കോട് മാങ്കാവ് പുതിയപറമ്പില്‍ തലക്കൊടിമഠത്തില്‍ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂര്‍വാഴ്ചയായ മാനവിക്രമന്‍ തമ്പുരാന്റെയും മകനായി 1860 ഒക്ടോബര്‍ 11-നു് ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് സ്‌കൂളിലും കേരളവിദ്യാശാലയിലും പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസില്‍നിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്‌കൂള്‍ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടിയുടെ മകള്‍ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ട്യൂട്ടറായിരിക്കെ ബി.എല്‍. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എല്‍. പരീക്ഷയില്‍ ആദ്യമുണ്ടായ പരാജയത്തില്‍നിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം.അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് എജുക്കേഷന്‍ ഓഫ് വിമന്‍) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തില്‍ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്‌കൂള്‍ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി , വിദ്യാവിനോദിനി എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു.

കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ.1887-ല്‍ ഇംഗ്ലീഷ് നോവല്‍ രീതിയില്‍ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തില്‍ ശാശ്വതപദവി നേടിക്കൊടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച പെണ്‍പള്ളിക്കൂടമാണ് പിന്നീട് ഗവ അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളായി മാറിയത്. കോഴിക്കോട് നഗരസഭയില്‍ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ല്‍ റാവുബഹദൂര്‍ ബഹുമതി ലഭിച്ചു. മലയാളനോവലിന്റെ പൂര്‍വ്വരൂപങ്ങളില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറില്‍ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തില്‍നിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയില്‍ പറയുന്നു.
റൊമാന്‍സ് എന്ന കഥാശാഖയില്‍പ്പെടുന്ന കൃതിയാണ് കുന്ദലത. നോവലിന്റെ അടിസ്ഥാനസവിശേഷതയായ കാലദേശാധിഷ്ഠിതമായ ജീവിതചിത്രീകരണം കുന്ദലതയിലില്ല. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങള്‍ക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാന്‍സുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങള്‍, പശ്ചാത്തലം, വര്‍ണ്ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാംറൊമാന്‍സിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവയാണ് കുന്ദലതയില്‍ പരാമര്‍ശിക്കുന്നത്. ശ്ലോകങ്ങളും സംസ്‌കൃതപദങ്ങളും ഇടകലര്‍ത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്. കൃത്രിമമായ ഭാഷയും നിര്‍ജ്ജീവമായ സംഭാഷണങ്ങളും കൃതിയെ റൊമാന്‍സിനോട് ബന്ധിപ്പിക്കുന്നു. ഷേക്സ്പിയറുടെ സിംബലിന്‍ നാടകത്തോടും വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ഐവാന്‍ഹോയോടും കുന്ദലതയ്ക്കുള്ള കടപ്പാട് എം.പി. പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും സിംബലിനോടുള്ള സാമ്യം പ്രകടമാണ്. കുന്ദലതയുടെ ആത്മഗതം ഐവാന്‍ഹോയുടെ റബേക്കയുടേതിനോടുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രഘുവംശത്തിലെ ദിലീപവര്‍ണ്ണനയോട് ഇതിലെ യോഗീശ്വരവര്‍ണ്ണനയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്.കുന്ദലത യുക്തിബദ്ധത, പ്രമേയവൈപുല്യം ഇവയില്‍ ഏറെക്കുറേ വിജയിക്കുന്ന കൃതിയാണ്. കാര്യകാരണബദ്ധമായ ഇതിവൃത്തവും പരിണാമഗുപ്തിയും കുന്ദലതയുടെ സവിശേഷതയാണ്. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവര്‍മ്മ കേരളപത്രികയില്‍ കുന്ദലതയെ പ്രശംസിച്ച് എഴുതുകയുണ്ടായി. തുടര്‍ന്ന് നിരവധി പേരുടെ പ്രശംസകള്‍ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയില്‍ സി.പി. അച്യുതമേനോന്‍ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി. തിരു-കൊച്ചി മലബാര്‍ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ കുന്ദലത പാഠപുസ്തകമായി.

ജില്ലാ സഹകരണ ബാങ്കുകളെയെല്ലാം കൂട്ടിച്ചേര്‍ത്ത് കേരളബാങ്ക് രൂപവത്കരിക്കണമെന്ന ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കേരളീയസാഹചര്യത്തില്‍ അപ്പുനെടുങ്ങാടി എന്ന ഉത്പതിഷ്ണുവായ സാമൂഹിക പ്രവര്‍ത്തകനെ നാം ഓര്‍ത്തുപോകുന്നു സ്വാഭാവികം.നെടുങ്ങാടി ബാങ്കിന്റെ ജനനവും ലയനവും മലയാളിമനസ്സില്‍ എന്നുമുണ്ടാകും.1895-ലാണ് പത്തൊമ്പതിനായിരം രൂപ നിക്ഷേപിച്ച് തന്റെ വീടിന്റെ മേല്‍നിലയില്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1913-ലാണ് ബാങ്ക് രജിസ്റ്റര്‍ചെയ്യുന്നത്.മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനും പി.എസ്. വാരിയരും ഷെയര്‍ ഉടമകളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ബാങ്കുകളില്‍ ഒന്നായി ഇതുമാറി.അലഹാബാദ് ബാങ്ക്, ഔദ് ബാങ്ക്, അയോധ്യാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയായിരുന്നു ദക്ഷിണേന്ത്യയിലെ മറ്റ് ബാങ്കുകള്‍.അദ്ദേഹത്തിന്റെ കാലശേഷം, പ്രധാനപ്പെട്ട ഇന്ത്യന്‍നഗരങ്ങളിലെല്ലാം ശാഖകളുണ്ടായിരുന്ന ഈ ബാങ്ക് 2003-ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു.’പുതുതായി ഉടലെടുക്കുന്ന കേരളസംസ്ഥാനത്തിന് ഞങ്ങളുടെ മംഗളാശംസകള്‍.ഞങ്ങളുടെ സേവനം എപ്പോഴും നിങ്ങളുടെ ചൊല്പടിയില്‍’ എന്നായിരുന്നു നെടുങ്ങാടി ബാങ്ക് ലിമിറ്റഡിന്റെ ആദ്യപരസ്യം.ഒരു ബാങ്കുടമ എന്നതിനെക്കാള്‍ നവ കേരളശില്പിയുടെ ദീര്‍ഘവീക്ഷണത്തെയും ദേശീയബോധത്തെയുമാണ് ഈ വാക്യങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് കാണാം.ഐക്യകേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ബാങ്കിനുള്ള പ്രാധാന്യം നെടുങ്ങാടി തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കാം.കോഴിക്കോട്ടെ ആദ്യത്തെ മോട്ടോര്‍ ഉടമ,ആദ്യത്തെ പാല്‍ബൂത് തുടങ്ങിയ ആള്‍,എന്നിങ്ങനെ പലകാര്യത്തിലും അപ്പു നെടുങ്ങാടിയായിരുന്നു തുടക്കക്കാരന്‍.കോഴിക്കോട്ടെ ബി.ഇ.എം. സ്‌കൂളില്‍ അധ്യാപകനായും മദ്രാസ് ക്രിസ്ത്യന്‍കോളേജില്‍ ട്യൂട്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.ചാലപ്പുറത്തെ സ്‌കൂള്‍ (അപ്പു നെടുങ്ങാടി സ്ഥാപിച്ച ഈ സ്‌കൂള്‍ സുഹൃത്തായ അച്യുതന്റെ പേരിലാണ് അറിയപ്പെടുന്നത്) കൂടാതെ സ്ത്രീവിദ്യാഭ്യാസത്തിനായി സൊസൈറ്റി ഫോര്‍ വിമന്‍ എന്ന സംഘടനയും രൂപവത്ക്കരിച്ചു.ജാതി-ലിംഗഭേദം പരിഗണിക്കാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉന്നം.

സാമൂഹികവും ധൈഷണികവുമായ കേരളത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഓട്ടപ്രദക്ഷിണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ഇരുപത് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ കുന്ദലതയില്‍ കലിംഗ, കുന്തള രാജ്യങ്ങളുമായും അവിടുത്തെ ജനവിഭാഗങ്ങളുമായും ബന്ധപ്പെട്ട കഥകളാണ് വിവരിക്കുന്നത്.717 വര്‍ഷം പിന്നിട്ട കുന്ദലത മലയാളിക്ക് ചരിത്ര സ്മാരകം തന്നെയാണ്. ഇന്ദുലേഖ ഉള്‍പ്പടെ പിന്നീട് വന്ന നോവലുകള്‍ക്ക് മാര്‍’ദര്‍ശിയാണ് കുന്ദലത.നോവലെന്ന സാഹിത്യരൂപം മലയാളത്തിന്റെ അവിഭാജ്യഘടകമാക്കാന്‍ കഴിഞ്ഞ അപ്പു നെടുങ്ങാടി ആദരവ് അര്‍ഹിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close