
ഡോഡോമ: മലയാളികള്‍ക്കെന്നും ആന ഒരു വികാരമാണ്. അതുകൊണ്ട് തന്നെ എവിടെ ആന വന്നാലും അവിടെ ഒരു ജനക്കൂട്ടത്തെ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. നമ്മുടെ നാട്ടില്‍ നിരവധി ഗജവീരന്മാരുണ്ട്. ആരാധകര്‍ അവരുടെ ആരാധനാപാത്രത്തെ വിവിധ പേരുകളിലാണ് വിളിക്കുന്നതും. എന്നാല്‍ ഇവരുടെ എല്ലാം രാജാവ് ആരായിരിക്കും. ഒരു ചോദ്യം തന്നെയാണ് അല്ലേ. എന്നാല്‍ ഇവരുടെ രാജാവിനെ കണ്ടെത്തിയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. കേരളത്തിലല്ല ഈ രാജാവ് വിഹരിക്കുന്നത്. അങ്ങ് ടാന്‍സാനിയയില്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ ഭീമാകാരന്‍ ആഫ്രിക്കന്‍ ആനയുടെ വീഡിയോ തന്റെ ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം പങ്കിടുകയും ചെയ്തു. ആനകളിലെ രാജാവിനെ കണ്ടെത്തിയിരിക്കുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുള്ള ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. 8000 കിലോയിലധികമാണ് ആനയുടെ ഭാരമെന്ന് അദ്ദേഹം കുറിച്ചു.