INDIANEWSTrending

ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു

എല്ലൂരു: കോവിഡ് ഭീതി വിട്ടൊഴിയുന്നതിനു മുമ്പ് ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി റിപ്പോര്‍ട്ട് . ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വേ നടത്തിയിട്ടുണ്ട്. ജലമലിനീകരണമാണോ രോഗബാധയ്ക്ക് കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടത്തുന്നതായി ഉപ മുഖ്യമന്ത്രി എകെകെ ശ്രീനിവാസ് അറിയിച്ചു.അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് വിജയവാഡ ആശുപത്രിയില്‍ അമ്പതോളം കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close