TECH

ആപ്പിളും ആമസോണും ഗൂഗിളും കൈകോർക്കുന്നു;വൻ മാറ്റത്തിനൊരുങ്ങി സ്മാർട്ട് ലോകം

സ്മാര്‍ട് ഉപകരണങ്ങള്‍ക്ക് ഏകീകൃത നിലവാരം കൊണ്ടുവരാനായി ആപ്പിളും ആമസോണും ഗൂഗിളും കൈകോര്‍ക്കുന്നു. ഒരേ നെറ്റ്‌വര്‍ക്കിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ സ്മാര്‍ട് ഉപകരണങ്ങള്‍ വിശ്വാസ്യത ഉറപ്പുവരുത്തി വാങ്ങാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഹോം ഉപകരണങ്ങളില്‍ പുതിയ കോമണ്‍ സ്റ്റാന്‍ഡേഡ് സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ടെക് ലോകത്തെ വമ്പന്മാരായ ഗൂഗിളും ആമസോണും ആപ്പിളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

സ്മാര്‍ട് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ പേരുകേട്ട മറ്റൊരു കമ്പനിയായ സിഗ്ബി അലയന്‍സും ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. IKEA, ലിഗ്രാന്‍ഡ്, സാംസങ്, സിഗ്നിഫൈ, NXP സെമി കണ്ടക്ടറുകള്‍ തുടങ്ങി പ്രമുഖ കമ്പനികള്‍ക്ക് സ്മാര്‍ട് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ സഹകരിച്ചിട്ടുള്ളവരാണ് സിഗ്ബി അലയന്‍സ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ, ആപ്പിള്‍ സിരി തുടങ്ങിയവയുടെയെല്ലാം ഡിസൈന്‍ മുതല്‍ നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങളില്‍ സിഗ്ബിക്ക് പങ്കുണ്ട്.

സ്മാര്‍ട് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഡെവലപ്പര്‍മാരേയും ഇതില്‍ പങ്കാളികളാകാനും ഇവര്‍ ക്ഷണിച്ചിട്ടുണ്ട്. സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും പൊതു നിലവാര സൂചിക ഇല്ലെന്നത് പലപ്പോഴും ഉപഭോക്താക്കളില്‍ സുരക്ഷയുടെ ആശങ്ക കൂട്ടുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് വമ്പന്‍ കമ്പനികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

തങ്ങള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട് ഹോം ഉത്പന്നങ്ങളുടെ തന്നെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്തുകയെന്നതും ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളെ കൂട്ടായി നീങ്ങാന്‍ പ്രേരിപ്പിച്ചു. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IoT(Internet Of Things) ഉപകരണങ്ങള്‍ നമ്മുടെ വീടുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടന്നുവരാനുള്ള വാതിലുകളാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിട്ടുണ്ട്. എതെങ്കിലും അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ സ്മാര്‍ട് ഉപകരണങ്ങളുടെയും സുരക്ഷ ഭീഷണിയിലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പരമാവധി സുരക്ഷ ഉറപ്പുവരുത്താന്‍ ഈ കൂട്ടായ്മ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആമസോണിന്റെ അലക്‌സ സ്മാര്‍ട് ഹോം, ആപ്പിളിന്റെ ഹോം കിറ്റ്, ഗൂഗിളിന്റെ വേവ്, സിഗ്ബിയുടെ ഡോട്ട് ഡോട്ട് എന്നിവയെല്ലാം ഇനി മുതല്‍ പൊതു നിലവാരത്തില്‍ അടിസ്ഥാനമാക്കിയാകും സ്മാര്‍ട് ഉപകരണങ്ങള്‍ പ്രോഗ്രാം ചെയ്യുക. ആഗോളതലത്തില്‍ തന്നെ ഇത്തരം പൊതു നിലവാരം ഉറപ്പുവരുത്തുന്നത് ഉപഭോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കും. ഈ സംവിധാനം വഴി ഏതെല്ലാം സ്മാര്‍ട് ഉപകരണങ്ങള്‍ തങ്ങളുടെ വീടുകളില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പിക്കാനും സാധിക്കും. 

പുതിയ സംവിധാനം വരുന്നതോടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും പണി കുറയും. ഏത് രീതിയില്‍ വീടുകളില്‍ സ്മാര്‍ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കാന്‍ വ്യത്യസ്ഥ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. 2020 അവസാനത്തോടെ ഗൂഗിള്‍ ആമസോണ്‍ ആപ്പിള്‍ എന്നിവയുടെ കോമണ്‍ സ്റ്റാന്‍ഡേഡിന് അവസാന രൂപമാകുമെന്നാണ് പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close