
ന്യുഡല്‍ഹി: ടിക് ടോക്കും വിചാറ്റും ഹലോയും ഉള്‍പ്പെടെ 59 ആപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ പഠിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജിയാസ് പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചൈനീസ് ബിസിനസുകള്‍ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേര്‍ത്തു.
ബൈറ്റഡെന്സിന്റെ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കും ടെന്സെനിന്റെ വിചാറ്റിനുമൊപ്പം അലിബാബയുടെ യുസി ബൗസറും ഷവോമിയുടെ രണ്ട് ആപ്പുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്. നിരോധിച്ച 59 ആപ്പുകളും ഇതിനെത്തുടര്‍ന്ന് ഗൂഗിളും ആപ്പിളും പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.
കൂടുതല്‍ വിശദീകരണം നല്കാന് സര്‍ക്കാര്‍ പാനല്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. നിരോധനം തുടരുമോ ഇല്ലയോ എന്നുള്ളത് ഇതിനുശേഷം തീരുമാനിക്കും. ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത ഇപ്പോഴും സുരക്ഷിതമാണെന്ന് ടിക്ടോക് അറിയിച്ചിട്ടുണ്ട്. ചൈനീസ് ഗവണ്മെന്റ് ഉള്‍പ്പെടെയുള്ള ഏത് വിദേശ സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും വിവരങ്ങള്‍ കൈമാറില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യതാലംഘനം നടന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടന്നാണ് വിവര-സാങ്കേതിക മന്ത്രാലയം അറിയിച്ചു. ടിക് ടോക്ക് ഉപയോക്താക്കളില്‍ സിംഹഭാഗവും ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ബൈറ്റഡെന്സിന് ഇത് വലിയൊ നഷ്ടമാണ്. ഇന്ത്യയില്‍ ഇവര്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനിരിക്കെയാണീ നിരോധനം.