NEWSWORLD

ആമസോണ്‍ ആവര്‍ത്തിക്കുന്നു, കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു


കാലിഫോര്‍ണിയ: ആയിരക്കണക്കിന് ആളുകളുടെ ജീവിതം സ്തംഭിപ്പിച്ച് കാലിഫോര്‍ണിയയില്‍ പടരുന്ന കാട്ടുതീ. ഇനിയും ശമിക്കാത്ത കാട്ടുതീ പത്തുലക്ഷം ഏക്കര്‍ വനം ഇതിനകം വിഴുങ്ങിക്കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ആയിരക്കണക്കിനു വീടുകളും കോടികള്‍ വിലമതിക്കുന്ന വസ്തുവകകളും കത്തിയമര്‍ന്നിട്ടുണ്ട്. രണ്ടരലക്ഷത്തോളം ആളുകളെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കാട്ടുതീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ അഗ്‌നിസുരക്ഷാ സേന തുടരുകയാണ്.പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തോളം ഇടിമിന്നലും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. വനാന്തരങ്ങള്‍ കത്തിയമര്‍ന്നതിനെത്തുടര്‍ന്ന് പുകയുടെ ഒരു വലിയ പാളിതന്നെ ആകാശത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,00,000 ഹെക്ടര്‍ വനമാണ് അഗ്‌നിക്കിരയായത്.2,600 അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തുണ്ട്. 200ലധികം ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഒരാഴ്ചയായിട്ടും തീ അണയ്ക്കാനായിട്ടില്ല. കാട്ടുതീയുടെ വ്യാപനം മന്ദഗതിയിലാക്കാന്‍ അഗ്‌നിശമന സേനയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് അവകാശവാദം. 13,700ഓളം അഗ്‌നിശമന സേനാ ജീവനക്കാരാണ് തീ നിയന്ത്രിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നത്. ദേശീയ ഗാര്‍ഡുകളും യുഎസ് സൈന്യവുമെല്ലാം സഹായിക്കുന്നുണ്ട്.ഞായറാഴ്ച കൂടുതല്‍ ഇടിമിന്നലിനും അതുവഴി അഗ്‌നിബാധയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഇതു ഭീഷണിയാണെന്ന് അഗ്‌നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റവും മോശമായ അവസ്ഥ പിന്നിട്ടു എന്നു പറയാറായിട്ടില്ലെന്നാണ് കാലിഫോര്‍ണിയയിലെ വനം മന്ത്രാലയം ചീഫ് തോം പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് ഇടിവെട്ടേറ്റാണ് വനത്തില്‍ തീപിടുത്തമുണ്ടായത്. പല സ്ഥലങ്ങളിലായി തീ പടര്‍ന്നു പിടിക്കുകയായിരുന്നു.മൂന്നാലു ദിവസത്തിനിടെ പതിനായിരത്തിലേറെ തവണ കനത്ത ഇടിമിന്നലേറ്റത് പല ഭാഗങ്ങളിലായി തീ പിടുത്തമുണ്ടാക്കുകയായിരുന്നു. ഓഗസ്റ്റ് 15നു ശേഷം വനത്തില്‍ 585 സ്ഥലങ്ങളില്‍ തീ പിടുത്തമുണ്ടായി എന്നാണു കണക്കാക്കുന്നത്. ഇതില്‍ പലതും വിദൂര പ്രദേശങ്ങളിലായിരുന്നു. അഗ്‌നിനാളങ്ങളുടെ വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് അത് എങ്ങും വ്യാപിക്കുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള ഗ്രാമീണ മേഖലകളിലേക്കും തീനാളങ്ങള്‍ പടര്‍ന്നെത്തി. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ സഹായം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close