KERALANEWS

ആയിഷയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചലച്ചിത്ര സംവിധായക ആയിഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അശോക് മേനോന്റെ പരാമര്‍ശം. ആയിഷയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന് എതിരെയല്ല, ഭരണകൂടത്തിന് എതിരെയാണ് ആയിഷ സംസാരിച്ചത്.

ആയിഷയ്ക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. അവര്‍ നിയമ വ്യവസ്ഥയില്‍നിന്ന് ഒളിച്ചോടുമെന്നു കരുതാനാവില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടു കോടതി പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുല്‍ത്താനയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കവരത്തി പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആയിഷയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയുമായിരുന്നു .

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്. ഇവരുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും വിശദമായി പരിശോധിക്കുയും ചെയ്തു. ഇന്നലെയും ചോദ്യം ചെയ്യലിനു ഹാജരായപ്പോൾ അറസ്റ്റ് ചെയ്തില്ല. ചോദ്യം ചെയ്യാൻ ആവശ്യമുള്ളപ്പോൾ വിളിപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചതെന്നും അതുകൊണ്ടു താൻ കൊച്ചിയിലേയ്ക്കു മടങ്ങുകയാണെന്നും ആയിഷ സുൽത്താന അറിയിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മാവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആയിഷയുടെ അഭ്യര്‍ഥന പരിഗണിച്ചാണു മടങ്ങാന്‍ അനുമതി നല്‍കിയത്.

രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ലക്ഷദ്വീപിലെത്തിയ ആയിഷ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ലക്ഷദ്വീപ് ഭരണകൂടവും പൊലീസും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നല്‍കിയ സംരക്ഷണം ആയിഷ ദുരുപയോഗം ചെയ്‌തെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നുമായിരുന്നു ഭരണകൂടത്തിന്റെയും പോലീസിന്റെയും വാദം.




Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close