HEALTHKERALANEWSTop News

ആയുര്‍വേദ ശസ്ത്രക്രിയ തള്ളണോ കൊള്ളണോ ? എന്തായാലും രോഗികള്‍ വലയരുത്

അശ്വതി ബാലചന്ദ്രന്‍

നാളുകള്‍ക്ക് ശേഷം രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ ഒരു സമരദിനം കൂടി കടന്നു പോയി. ഇത്തവണ സേവന വേതന വ്യവസ്ഥകളൊന്നുമല്ല മറിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സര്‍ക്കാര്‍-സ്വകാര്യ മേഖല വ്യത്യാസമില്ലാതെ അലോപ്പതി ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചതോടെ നിരവധി രോഗികളാണ് ആശുപത്രിയിലെത്തി നിരാശയോടെ മടങ്ങിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയുണ്ടാകില്ലെന്നു നേരത്തെ പറഞ്ഞതിനാല്‍ അധികമാരും എത്തിയിരുന്നില്ല. പക്ഷേ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അതായിരുന്നില്ല. അടിയന്തരശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐസിയു കെയര്‍ എന്നിവയില്‍ മാത്രമായിരുന്നു ഡോക്ടര്‍മാരുടെ സേവനമുണ്ടായിരുന്നത്.

സമരകാരണമായി പറയുന്ന വിഷയത്തില്‍ ഇനിയും തര്‍ക്കം തുടരുമ്പോള്‍ ഇരുവിഭാഗത്തിനും പറയാനുള്ളത് അന്വേഷിക്കുകയാണ് മീഡിയ മംഗളം.

ആയുര്‍വേദത്തിന്റെ വാദം

ഒരു മുറിവിന് സ്റ്റിച്ച് ഇടുന്നതും ഒടിവിന് പ്ലാസ്റ്റര്‍ ഇടുന്നതും അലോപ്പതിയുടെ മാത്രം കുത്തകയല്ല. എക്സ്‌റേ, എംആര്‍ ഐ സ്‌കാന്‍ പോലെ ഫിസിക്സ് പുതിയ തലമുറയ്ക്ക് തന്ന സംഭാവനയാണിത്. 58 തരം ശസ്ത്ര ക്രിയകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ആയുര്‍വ്വേദത്തിലെ എട്ടു ഭാഗങ്ങളില്‍ രണ്ടുഭാഗമായ ചാലൂക്യതന്ത്രത്തിലും ശല്യ തന്ത്രത്തിലും ശസ്ത്രക്രിയകളെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ബിഎഎംഎസിന് ശേഷം ഈ രണ്ടില്‍ ഏതെങ്കിലും ഒന്നില്‍ പിജി ചെയ്തവര്‍ക്കു മാത്രമാണ് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ ഇതില്‍ തെറ്റില്ല. ബനാറസ് സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ഇത് പഠിപ്പിക്കുന്നുമുണ്ട്. മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇതിപ്പോള്‍ തന്നെ നടപ്പിലുള്ളതുമാണ്. ഗ്രാമപ്രദേശങ്ങളിലും മറ്റും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത പ്രശ്നത്തിനും ഇതിലൂടെ പരിഹാരമാകും. മാത്രമല്ല ആയുര്‍വേദ ചികിത്സയ്ക്ക ചിലവുകുറവുമാണ്. കോവിഡ് കാലത്ത് ആന്റി ബയോട്ടിക്കുകളുടെയും മറ്റും വില്‍പന കുറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പോള്‍ ആവശ്യമില്ലാത്ത പലതും അലോപ്പതിയില്‍ ഉപയോഗിക്കുന്നതായും ഇതിലൂടെ മനസ്സിലാക്കാം. അലോപ്പതിയുടെ കുത്തക തകരുന്നതിലെ വേദനയാകാം ഇത്തരത്തിലുള്ള ഒരു പ്രതിഷേധത്തിലേക്ക് അവരെ നയിച്ചത് .

അലോപ്പതിക്കാരുടെ എതിര്‍പ്പ്

ഇന്ത്യയില്‍ ചികിത്സകള്‍ക്ക് ഒരു വ്യവസ്ഥാപിത രൂപമുണ്ട്. അതിനു വില കൊടുക്കാത്തതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഈ നിയമം. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലാണ് അനുമതി നല്‍കേണ്ടത്. ഇവിടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അല്ല തീരുമാനം എടുക്കേണ്ടത്. ഒഫ്താല്‍മോളജി, യൂറോളജി പോലുള്ള മേഖലകളിലെ ശസ്ത്രക്രിയകള്‍ സങ്കീര്‍ണവും നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനുശേഷം ചെയ്യേണ്ടതുമാണ്. കൃത്യമായ പരിശീലനം ഇന്നത്തെ സാഹചര്യത്തില്‍ ആയുര്‍വ്വേദ കോളേജുകളില്‍ നല്‍കാനാകുമെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല അനസ്തേഷ്യ പോലുള്ള കാര്യങ്ങള്‍ എന്തുതരത്തില്‍ ഇവര്‍ ചെയ്യും ? അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാനാണെങ്കില്‍ അതിനെ ആയുര്‍വ്വേദമെന്ന് വിളിക്കാനാകില്ല. കാലഘട്ടത്തിനനുസരിച്ച് മാറാത്ത രീതികളുമായി ജനങ്ങള്‍ക്കിടയിലേക്കെത്തുന്നത് തീര്‍ത്തും അംഗീകരിക്കാനാകാത്ത ഒരു കാര്യമാണ്. കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളും ആരോഗ്യരംഗത്ത് വളരെ പിന്നിലാണ്. അവിടെ വ്യാജ ഡോക്ടര്‍മാരും കൂടുതലാണ്. വാതപിത്തകഫ ദോഷങ്ങചെ അടിസ്ഥാനപ്പെടുത്തി നിഗമനങ്ങളിലെത്തി ചികിത്സിക്കുന്ന രീതി ഇന്നത്തെ കാലത്ത് ശസ്ത്രക്രിയ വേണ്ട പ്രശ്നങ്ങളില്‍ പ്രാവര്‍ത്തികമാക്കാനാകില്ല. അതുകൊണ്ടുതന്നെ ഇത് അംഗീകരിക്കുന്നില്ല.

ചര്‍ച്ചകള്‍ മുറുകുമ്പോള്‍ സമൂഹത്തിലും ഭിന്ന അഭിപ്രായങ്ങള്‍ സ്വഭാവികം. എന്തുതരത്തിലുള്ള ചികിത്സയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് രോഗിക്ക് തെരഞ്ഞെടുക്കാനും സ്വാതന്ത്യമുണ്ട്. കാരണം ഒന്ന് കാലാതിവര്‍ത്തിയായി നില്‍ക്കുന്ന സത്യവും മറ്റൊന്ന് കാലത്തിനു മുന്നില്‍ സഞ്ചരിക്കുന്ന ശാസ്ത്രവുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close