KERALANEWS

ആയൂരിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ

കൊല്ലം: ആയൂരിലെ പെണ്‍കുട്ടികളെ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ തീവ്രമായ സൗഹൃദത്തിന് പുറമെ മറ്റ് കാരണങ്ങളും പോലീസ്പരിശോധിക്കുന്നു. അഞ്ചല്‍ ഇടയം അനിവിലാസനത്തില്‍ അനില്‍കുമാറിന്റെ മകള്‍ അമൃത (21),ആയൂര്‍ അഞ്ജു ഭവനില്‍ അശോകന്റെ മകള്‍ ആര്യ ജി അശോക് (21) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ വൈക്കം കായലില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി 7.45 ന് വൈക്കം എറണാകുളം റോഡിലെ ചെമ്പു മുറിഞ്ഞ പുഴ പാലത്തില്‍ നിന്നാണ് ഇരുവരും കായലിലേക്ക് ചാടിയത്. പെണ്‍കുട്ടികള്‍ ചാടുന്നത് കണ്ട യുവാവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ പിടിച്ചു വലിച്ചു മറ്റെയാള്‍ കായലിലേക്ക് ചാടുക ആയിരുന്നു. ചെരുപ്പും തൂവാലയും ഇവിടെ കണ്ടെത്തിയിരുന്നു. തിരച്ചിലിന്റെ മൂന്നാം നാളിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

അഞ്ചലിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ഥികളായ ഇരുവരും സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഉച്ച ആയിട്ടും ആര്യ തിരികെ വരാതിരുന്നപ്പോള്‍ അമ്മ ഗീത ഫോണില്‍ വിളിച്ചപ്പോള്‍ കടയില്‍ കയറിയെന്നും ഉടന്‍ എത്തുമെന്നും ആയിരുന്നു മറുപടി. എന്നാല്‍ കുറെ കഴിഞ്ഞിട്ടും ആര്യ എത്താതിരുന്നതിനെ തുടര്‍ന്നു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് അമൃതയുടെ വീട്ടില്‍ അന്വേഷിച്ചത്. പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്നു പോലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമൃത തന്റെ ഫോണെടുത്തിരുന്നില്ല. അന്ന് രാവിലെ 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു പയ്യന്റെ ഫോണ്‍ വാങ്ങിയാണ് ആര്യയെ വിളിച്ചത്. അന്നുരാവിലെ 11ഓടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ഇവിടെ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവര്‍ ബസ് മാര്‍ഗം പോയെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയില്‍ ഏതാനും മിനിട്ട് ആര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച്ഡ് ഓഫായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവര്‍ എവിടെ തങ്ങിയെന്നത് സംബന്ധിച്ച് പൊലീസിനും വ്യക്തതയില്ല.

ആര്യയുടെയും അമൃതയുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇവര്‍ തമ്മില്‍ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്. സഹപാഠികളായ പെണ്‍കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഇവര്‍ക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തോടെ ഗള്‍ഫില്‍ നിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയ അഞ്ചല്‍ അറയ്ക്കല്‍ അനുവിലാസത്തില്‍ അനില്‍കുമാറിന് മകളുടെ വിയോഗം താങ്ങാനാവാത്ത നഷ്ടമാണ്. മേശിരിപ്പണിക്കാരനായ അനില്‍കുമാര്‍ കഴിഞ്ഞമാസം 28നാണ് നാട്ടിലെത്തിയത്. ഡിഗ്രി കഴിഞ്ഞ മൂത്തമകള്‍ അമൃതയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മനസുനിറയെ. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ വാസത്തിന് ശേഷം പുറത്തിറങ്ങി ഗ്രഹനില തയ്യാറാക്കി വിവാഹാലോചനകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മകളുടെ വിയോഗം അനില്‍കുമാറിനും കശുഅണ്ടി തൊഴിലാളിയായ ഭാര്യ ഓമനയ്ക്കും കനത്ത ആഘാതമായത്. മകള്‍ ജീവനോടെയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ അനിലും ഭാര്യ ഓമനയും ഇളയമകളായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി അഖിലയും ഞെട്ടലിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close