KERALANEWS

ആയൂര്‍ സ്വദേശിനികളുടെ മരണം , ഫെയ്‌സ്ബുക്ക് പോസ്റ്റുമായി യുവ അധ്യാപിക

കൊല്ലം :ആയൂര്‍ സ്വദേശികളായ ആര്യയും അമൃതയും ജീവനൊടുക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇരുവരും വേര്‍പിരിയാന്‍ പോലും സാധിക്കാത്ത ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഒരാളുടെ വിവാഹം ഉറപ്പിച്ചതോട് പിരിയേണ്ടി വരുമോ എന്ന ഭയത്താലാണ് യുവതികള്‍ ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് എത്തിയതോടെ ഇവരുടെ സൗഹൃദത്തെ മോശമാക്കി ചിത്രീകരിച്ച് ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. ഇത്തരക്കാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യുവ അധ്യാപിക ഡോ. അനൂജ ജോസഫ്.

അനൂജ ജോസഫിന്റെ കുറിപ്പ് :

കൊല്ലം ആയൂര്‍ സ്വദേശിനികളായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയും തുടര്‍സംഭവങ്ങളുമാണ് ഈ ഒരു കുറിപ്പെഴുതുന്നതിന് നിദാനം.21വയസ്സുള്ള അമൃതയും ആര്യയും എന്തിനായിരുന്നു, അല്ലെങ്കില്‍ മരിക്കാന്‍ മാത്രം എന്തായിരുന്നു അവരുടെ വിഷയം. ഇതാലോചിച്ചിട്ടു ഉറക്കമില്ലാത്ത പോലെ തോന്നി പലരുടെയും അഭിപ്രായപ്രകടനം കാണുമ്പോള്‍!’ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ, മരിക്കുമ്പോള്‍ രണ്ടാളും കൈകോര്‍ത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ ഉറപ്പിച്ചു മൂന്നു തരം’,രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടതല്ല ഇവിടെ വിഷയം, അവരുടെ സുഹൃദ് ബന്ധത്തില്‍ ലെസ്ബ്, ലെസ്ബ് എന്നു മുറവിളി കൂട്ടുന്ന കപട സദാചാര വാദികളോടായിട്ടു ‘നിന്റെയൊക്കെ മനസ്സിലെ കുഷ്ടം മറ്റുള്ളവരുടെ മേല്‍ എന്തിനാ അടിച്ചേല്പിക്കുന്നെ, ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സില്‍, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു, ‘കാമം’ അതിനപ്പുറത്തേക്ക് ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലേ’ ഉറ്റ സുഹൃത്തുക്കള്‍, പിരിയാന്‍ കഴിയാത്ത വിധമുള്ള സ്നേഹം, അതില്‍ ഒരു കലര്‍പ്പില്ലാന്ന് ഉറപ്പിച്ചു പറയാം, ഉണ്ടായിരുന്നേല്‍ കപടതയുടെ മുഖം മൂടി ധരിച്ചു അവര്‍ നടന്നേനെ, ഏറെ വിഷമം തോന്നിയത് ‘ആരും ആരെയും പിരിയുന്നില്ല, കാലം കുറച്ചു മുന്നോട്ടാകുമ്പോള്‍ ഈ വേര്‍പാടൊക്കെ സുഖമുള്ള ഓര്‍മകളായി മാറുമെന്നും’ പറഞ്ഞു കൊടുക്കാന്‍ ഒരാള്‍ ഇല്ലാതായി പോയല്ലോ അന്നേരം!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ ഡിഗ്രി പഠന കാലം ഓര്‍മ വരുന്നു, നാലു കൊല്ലം ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനമത്രയും, ആ കാലയളവില്‍ കിട്ടിയ ഉറ്റ സുഹൃത്തുക്കളെ പിരിയാന്‍ കഴിയില്ലെന്ന് തോന്നിയ ദിനങ്ങള്‍, അവസാന സെമെസ്റ്റര്‍ ആ വേദനയില്‍ ആയിരുന്നു ഞങ്ങള്‍, കുറച്ചു നാളുകള്‍ക്കിപ്പുറം പലരും കുടുംബമായി തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറിയപ്പോള്‍, മുന്‍പത്തെ, പിരിയാന്‍ നേരമുള്ള ഞങ്ങളുടെ ആ കരച്ചില്‍ സീന്‍ ഒക്കെ ഓര്‍ത്തു ഇന്നും ചിരിക്കാറുണ്ട്. അന്നത്തെ ആ മണ്ടത്തരങ്ങളും ചിന്തകളും ആലോചിച്ചിട്ട്, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതൊക്കെ വെറും തമാശകളായി മാറുമെന്നതാണ് വാസ്തവം, നിര്‍ഭാഗ്യവാശാല്‍, ഈ കാര്യങ്ങളൊക്ക പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ ഒരാളും ആ കുട്ടികള്‍ക്കില്ലാതെ പോയി.ചിലപ്പോഴൊക്കെ വിവേകത്തിനു പകരം ഇമോഷണല്‍ ആയി പലരും മാറും, ആ സമയം അവരെടുക്കുന്നത് തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നാലും അതുമായി മുന്നോട്ടു പോകും. അത്തരത്തില്‍ ഒരു അവിവേകം ആയിട്ടേ മേല്‍പ്പറഞ്ഞ സംഭവത്തെ കാണാന്‍ കഴിയു. നമ്മുടെ കുട്ടികളുടെ സൗഹൃദങ്ങളെ എല്ലാം മോശമാണെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ നിലപാട് നല്ലതല്ല. മാറാല പിടിച്ച മനസ്സിനെ ആദ്യം ചികില്‍സിക്കു, അല്ലെങ്കില്‍ കാണുന്ന എല്ലാറ്റിലും മോശം പറയുന്നതായി തീരും സ്വഭാവം.ഇവിടെ രണ്ടു കുടുംബങ്ങളില്‍ അവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആര്‍ക്കും കഴിയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close