ആരവമുയരാത്ത ഗ്യാലറികള്‍ സാക്ഷി, ആരവത്തോടെ ഗ്രൗണ്ടുകള്‍ സജീവം

വിമല്‍കുമാര്‍
കൊറോണവൈറസ് സമ്മാനിച്ച കെടുതികളില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല ലോകം. പക്ഷേ, കൊറോണയ്ക്കൊപ്പം ജീവിക്കാനുള്ള പാഠങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. കായികലോകവും വ്യത്യസ്തമല്ല ഇക്കാര്യത്തില്‍. ആരവമുയരാത്ത ഗ്യാലറികളെ സാക്ഷി നിര്‍ത്തി ഫുട്ബോള്‍ മൈതാനങ്ങളും ക്രിക്കറ്റ് ഗ്രൗണ്ടുകളുമെല്ലാം വീണ്ടും ഉണര്‍ന്നു കഴിഞ്ഞു. ഇന്നത്തേതിനു സമാനമായ പ്രതിസന്ധി ലോകം നേരിട്ട 1919ലെ സ്പാനിഷ് ഫ്ളൂവിന്റെ കാലത്തും ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷയുണര്‍ത്തിയത് യൂറോപ്പ് ആതിഥ്യം വഹിച്ച ഇന്റര്‍ അലൈഡ് ഗെയിംസായിരുന്നല്ലോ. ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികളില്‍ നിന്നു കൂടിയുള്ള മോചനമായിരുന്നു അന്നത്തെ ലോകത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ഗ്രനേഡ് ഏറ് വരെ മത്സരയിനമായിരുന്ന ഇന്റര്‍ അലൈഡ് ഗെയിംസ് പുതിയൊരു ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ വാതിലുകള്‍ കൂടിയാണ് തുറന്നിട്ടത്. ഇന്നത്തെ സാഹചര്യങ്ങളിലും കായിക മേഖലയുടെ ഉണര്‍വ് ലോകത്തിനു നല്‍കുന്നത് പുതിയ പ്രതീക്ഷകള്‍ തന്നെ.
യൂറോപ്പിലെ പ്രമുഖമായ ഫുട്ബോള്‍ ലീഗുകളെല്ലാം സജീവമായിക്കഴിഞ്ഞു. ഇതിനിടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു തോല്‍വിയുടെ എഴുപതാം വാര്‍ഷികം കൂടി കടന്നു പോയി. വിശേഷിച്ച് ബ്രസീലിയന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മാരക്കാന ദുരന്തത്തിന്റെ വാര്‍ഷികം. 1950 ജൂലൈ പതിനാറിന് റിയോ ഡി ജനീറോയിലെ ഐതിഹാസികമായ മാരക്കാന സ്റ്റേഡിയത്തിലെ നിര്‍ണായക മത്സരം. നാല് ഗ്രൂപ്പ് ജേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രാജ്യത്തിന് ലോകകപ്പ് എന്നതായിരുന്നു മത്സരക്രമം. രണ്ടു മത്സരം ജയിച്ച ബ്രസീലും ഒരു ജയവും ഒരു സമനിലയും നേടിയ ഉറുഗ്വെയും നേര്‍ക്കു നേര്. സമനില പോലും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കും. അജയ്യരായ ബ്രസീലിനെ തോല്‍പ്പിച്ചാല്‍ മാത്രം ഉറുഗ്വെയ്ക്ക് കപ്പ്. ഫലത്തില്‍ ഫൈനലിനു തുല്യമായ ആ മത്സരത്തില്‍ പക്ഷേ, അസാധ്യമെന്നു കരുതിയത് സംഭവിച്ചു. രണ്ടു ലക്ഷത്തോളം ആരാധകര്‍ക്കു മുന്നില്‍ ബ്രസീല്‍ ആദ്യ ഗോളടിച്ചെങ്കിലും മത്സരഗതി മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. യുവാന്‍ ഷഫിനോയും അല്‍സിഡസ് ഗിഗയയും നേടിയ ഗോളുകള്‍ക്ക് ഉറുഗ്വെ ജയിച്ചു. ലോക ഫുട്ബോളില്‍ അന്നും ഇന്നും സമാനതകളില്ലാത്ത അട്ടിമറി.
ലോക ക്രിക്കറ്റിലും ഇതുപോലെ മറക്കാനാവാത്ത ഒരു മത്സരത്തിന്റെ പതിനെട്ടാം വാര്‍ഷികമായിരുന്നു ജൂലൈ 13. ആതിഥേയരായ ഇംഗ്ലണ്ട് മുന്നോട്ടു വച്ച 326 റണ്‍സ് വിജയ ലക്ഷ്യം മുഹമ്മദ് കൈഫിന്റെയും യുവരാജ് സിങ്ങിന്റെയും ബാറ്റിങ് മികവില്‍ ഇന്ത്യ മറികടന്നതിനെക്കാള് ആരാധകരുടെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി ലോര്‍ഡ്സിന്റെ ചരിത്രപ്രസിദ്ധമായ പവലിയനില്‍ ജെഴ്സിയൂരി വീശിയ ആഹ്ലാദ പ്രകടനമാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ ജെഴ്സിയൂരി ആഹ്ലാദ പ്രകടനം നടത്തി ആന്‍ഡ്രൂ ഫ്ളിന്റോഫിനുള്ള മറുപടിയായിരുന്നു ദാദ അന്നു നല്‍കിയത്. അതു ചെയ്തത് ക്രിക്കറ്റിന്റെ മെക്കയിലാണെന്ന് അന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന് പില്ക്കാലത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ഗാംഗുലി നല്കിയ മറുപടിയും പ്രശസ്തമാണ്- ഇന്ത്യയ്ക്ക് വാംഖഡെയാണ് ക്രിക്കറ്റിന്റെ മെക്ക എന്നായിരുന്നു ആ മറുപടി.
കളി മതിയാക്കിയെങ്കിലും ക്രിക്കറ്റുമായി അഭേദ്യമായ ബന്ധം തുടരുകയാണ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ മുടങ്ങാതിരിക്കാനുള്ള കഠന പരിശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മാറ്റിവച്ചാല്‍ ആ സമയത്ത് യുഎഇയില്‍ വച്ച് ഐപിഎല്‍ നടത്താനാണ് ഇപ്പോഴത്തെ ആലോചന. എന്നാല്‍, ഇതിനിടെ സഹോദരന് സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സൗരവും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് മഹാമാരിക്കാലത്തെ ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനു തുടക്കമായത്. ജര്മെയ്ന് ബ്ലാക്ക്വുഡിന്റെ ബാറ്റിങ് കരുത്തിന്റെയും മനക്കരുത്തിന്റെയും ബലത്തില്‍ ആദ്യ ടെസ്റ്റ് ജയിച്ച വെസ്റ്റിന്‍ഡീസ് ടീം പ്രതാപകാലത്തെ ബൗളിങ് വീര്യത്തിന്റെ ഓര്മകളുമുണര്ത്തി. അതേസമയം, രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരവ് സ്വപ്നം കണ്ട ഇംഗ്ലണ്ടിന് ജോഫ്ര ആര്‍ച്ചറുടെ അഭാവം തിരിച്ചടിയുമായി. കടുത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ നടത്തുന്ന പരമ്പരയ്ക്കിടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്നു പുറത്താക്കുകയായിരുന്നു.
ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ മറ്റൊരു സുവര്‍ണ മുഹൂര്‍ത്തം കൂടി സമ്മാനിച്ചിട്ടുണ്ട് ജൂലൈ. രാജ്യത്തിന്റെ പേരില്‍ ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ കുറിക്കപ്പെടുന്നതും ഒരു ജൂലൈയിലായിരുന്നു- 1900 ജൂലൈ 22ന്. പാരീസ് ഒളിമ്പിക്സിലെ 200 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷുകാരന് മത്സരിച്ചത് ഇന്ത്യയുടെ ലേബലിലായിരുന്നു. ഇന്ത്യയുടെ മാത്രമല്ല, ഏഷ്യയുടെ തന്നെ ആദ്യത്തെ ഒളിമ്പിക് മെഡല്‍ ജേതാവാണ് പ്രിച്ചാര്‍ഡ്. പിന്നീട് 200 മീറ്റര്‍ ഓട്ടത്തിലും പ്രിച്ചാര്‍ഡ് വെള്ളി നേടി. പിന്നീടൊരിക്കലും ഇന്ത്യയുടെ പേരില്‍ ഒരു ഒളിമ്പിക് മെഡല്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലഎ ന്നതാണ് ദുഃഖരമായ വസ്തുത. 2004ല്‍ പ്രിച്ചാര്‍ഡിന്റെ മെഡലുകള്‍ക്ക് ബ്രിട്ടന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് കാരണം അംഗീകരിക്കപ്പെട്ടിരുന്നില്ല.
ഇന്ത്യന്‍ അത്ലറ്റിക് രംഗത്തുനിന്നുള്ള പുതിയൊരു വിശേഷം സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ കാര്‍ വില്‍പ്പനയാണ്. സമ്മാനമായി കിട്ടിയ ബിഎംഡബ്ല്യു കാര്‍ ദ്യുതി വില്‍പ്പനയ്ക്കു വച്ചത് പരിശീലനത്തിനു പണമില്ലാഞ്ഞിട്ടാണെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍, പരിശീലനത്തിനു പണമില്ലാഞ്ഞിട്ടല്ല, ആഡംബര കാറിന്റെ മെയ്ന്റനന്‍സ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാലാണ് വില്‍ക്കുന്നതെന്നായിരുന്നു ദ്യുതിയുടെ വിശദീകരണം. ഇതിനിടെ, ദ്യുതിക്ക് നാലു കോടിയിലധികം രൂപ സാമ്പത്തിക സഹായമായി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന മൈനിങ് കോര്‍പ്പറേഷനില്‍ അര ലക്ഷത്തിലധികം മാസ ശമ്പളത്തില്‍ ജോലി നല്‍കിയിട്ടുണ്ടെന്നുമുള്ള വിശദീകരണവുമായി ഒഡീഷ സര്‍ക്കാരും രംഗത്തെത്തി.
മെഡല്‍ നേട്ടത്തിലുപരി ഇത്തരം വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാനാണ് പലപ്പോഴും ഇന്ത്യന്‍ കായികരംഗത്തിന്റെ വിധി. എന്നും വിവാദങ്ങളുടെ രാജകുമാരിയായിരുന്ന ജ്വാല ഗുട്ടയാണ് ഈ ഗണത്തില്‍ ഈയാഴ്ച കണ്ട മറ്റൊരാള്‍. രാജ്യാന്തര ബാഡ്മിന്റണിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്ന ലിന് ഡാന്റെ വിരമിക്കലിന്റെ പശ്ചാത്തലത്തിലാണ് ജ്വാലയുടെ പ്രതികരണം. വികൃതിപ്പയ്യനായിരുന്ന ലിന് ഡാന്‍ ഇന്ത്യയിലായിരുന്നെങ്കില്‍ രക്ഷപെടാന്‍ സാധിക്കില്ലായിരുന്നു എന്നാണ് ജ്വാലയുടെ വാദം. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് തന്നെ ചിലര്‍ ഒതുക്കുകയായിരുന്നു എന്ന ആരോപണവും ജ്വാല ആവര്‍ത്തിച്ചു.
ഫുട്ബോളിലേക്കു തിരിച്ചു പോയാല്‍, പ്രധാന വിശേഷങ്ങളൊക്കെ യൂറോപ്യന്‍ ലീഗില്‍ തന്നെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചെങ്കിലും 100 പോയിന്റ് എന്ന റെക്കോഡ് നേട്ടം മറികടക്കാന്‍ ലിവര്പൂളിനാകില്ലെന്ന് ഉറപ്പായി. ആഴ്സനലിനോട് ഒന്നിനെതിരേ രണ്ടു ഗോളിനു തോറ്റതോടെയാണിത്. ഇനിയുള്ള രണ്ടു കളികള്‍ ജയിച്ചാലും 99 പോയിന്റിലെത്താനേ ടീമിനു സാധിക്കൂ. കഴിഞ്ഞ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം ടീമുകളും വിജയം കണ്ടു.
ഇറ്റലിയില്‍ കിരിടത്തോടടുക്കുന്ന യുവന്റസ് തുടരെ മൂന്നാം മത്സരവും ജയമില്ലാതെ അവസാനിപ്പിച്ചു. രണ്ടു ഗോളിനു മുന്നിലെത്തിയ ശേഷം സാസ്വോളോയോടും സമനില വഴങ്ങുകയായിരുന്നു ക്രിസ്റ്റിയാനാ റൊണാള്‍ഡോയുടെ ടീം. ലീഗില്‍ അഞ്ച് കളികള്‍ ശേഷിക്കെ പോയിന്റ് പട്ടികയില്‍ ഏഴ് പോയിന്റ് ലീഡാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്.
അതേസമയം, പോര്‍ച്ചുഗീസ് ഫുട്ബോള്‍ ലീഗില്‍ പോര്‍ട്ടോ ഇരുപത്തൊമ്പതാം വട്ടവും ചാംപ്യന്മാരായി. സ്പോര്‍ട്ടിങ് ലിസ്ബണിനെതിരായ ജയത്തോടെ രണ്ടു കളികള്‍ ബാക്കി നില്‍ക്കെയാണ് അവര്‍ കിരീടമുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്കയെക്കാള്‍ എട്ട് പോയിന്റ് കൂടുതലാണ് പോര്‍ട്ടോയ്ക്ക് ഇപ്പോഴുള്ളത്.
സ്പാനിഷ് ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ച ശേഷം അജയ്യമായ കുതിപ്പാണ് റയല്‍ മാഡ്രിഡ് നടത്തിവരുന്നത്. തുടരെ പത്താം ജയവുമായി അവര്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്കു മേല്‍ അവര്‍ അപരാജിത് ലീഡ് സ്വന്തമാക്കി.
കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യാന്തര, ക്ലബ് ഫുട്ബോളുകളില് അഞ്ച് സബ്സ്റ്റിറ്റിയൂഷനുകളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ അടുത്ത സീസണിനും ഇതു തുടരാനാണ് തീരുമാനം. പുതിയ കാലത്തിനൊത്ത് പുതിയ രീതികള്‍ സ്വീകരിക്കുകയാണ് കായികലോകം. ഗ്യാലറികള്‍ നിറയ്ക്കാന്‍ മഹാമാരി ഒഴിഞ്ഞു പോകുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളുമായി വീണ്ടും അടുത്ത ആഴ്ച.