
ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വിവാദപരമായ നടപടികള്‍ സ്വീകരിച്ചയാളാണ് ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ പ്രവീണ്‍ കുമാര്‍ ലക്സ്കര്‍. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷവും നിരന്തരം ആവശ്യപ്പെട്ടിട്ടും എസ്പി ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ സ്ഥലം മാറ്റിയതല്ലാതെ ലക്സ്കറിനെ തൊട്ടിട്ടില്ല യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലോക് ഡൗണിന്റെ മറവില്‍ മുമ്പ് പള്ളിയിലെ ബാങ്ക് മുഴക്കുന്നത് നിരോധിച്ച ചരിത്രവും ഉണ്ട് ഇയാള്‍ക്ക്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ 2010 ബാച്ച് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇയാള്‍. ചരിത്രത്തിലും ഹിന്ദിയിലും എംഎയും ബി.എഡുമാണ് മറ്റ് വിദ്യാഭ്യാസ യോഗ്യതകള്‍. 2013-ല്‍ റായ്ബറെലിയിലാണ് ഇയാള്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി പദവികള്‍ വഹിച്ച ശേഷം ലക്നൌവില് പഞ്ചായത്തീരാജ് വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമനം. ഒരു വര്‍ഷത്തിനു ശേഷം 2019 മാര്‍ച്ചില്‍ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റായി നിയമനം,
ലോക്ക് ഡൗണിന്റെ മറവില്‍ മുസ്ലീം സമുദായം ബാങ്ക് വിളിക്കുന്നത് (azan) നിരോധിച്ച ജില്ല മജിസ്ട്രേറ്റ് കൂടിയാണ് ലക്സ്കര്‍. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഏപ്രില്‍ പകുതിയോടെ ഹത്രാസ്, ഫാറൂഖാബാദ്, ഗാസിയാബാദ് ജില്ലകളില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കുകയായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്കായി (namaz) ഒത്തു ചേരുന്നതിന് മാത്രമാണ് ലോക്ക് ഡൗണ്‍ സമയത്ത് വിലക്കുണ്ടായിരുന്നത്. ഇതിന്റെ മറവില്‍ ഇല്ലാത്ത ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. ഇക്കാര്യം അലഹബാദ് ഹൈക്കോടതി മുമ്പാകെ എത്തിയപ്പോഴാകട്ടെ, മാര്‍ച്ച് മുതല്‍ തങ്ങള്‍ ബാങ്ക് വിളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്നായിരുന്നു ജില്ല ഭരണകൂടം നിലപാടെടുത്തത്. ഇത് തെറ്റായിരുന്നു എന്ന് പിന്നീട് തെളിയുകയും ബാങ്ക് വിളിക്കുന്നത് നിരോധിച്ച നടപടി ഹൈക്കോടതി മെയ് മാസത്തില്‍ റദ്ദാക്കുകയും ചെയ്തു.
മേല്ജാതിക്കാര് കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ സംസ്കാരിച്ച നടപടിയെ ന്യായീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത് മൃതദേഹം കാണുന്നത് മനോവിഷമമുണ്ടാക്കുമെന്ന് പറഞ്ഞ്.മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വെട്ടിമുറിച്ചെന്നും അത് കണ്ടാല്‍ പത്തു ദിവസത്തേക്ക് ഉറങ്ങാന്‍ പോലും സാധിക്കില്ലെന്നും അതിനാലാണ് മൃതദേഹം ആരേയും കാണിക്കാതെ സംസ്കരിച്ചതെന്നും ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് തങ്ങളോട് പറഞ്ഞെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി എയിംസില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ ഹത്രാസിലെത്തിച്ച് വീട്ടില്‍ നിന്ന് 600 മീറ്റര്‍ മാറി ദഹിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതിരിക്കാന്‍ അവരെ ബലമായി പൂട്ടിയിട്ട ശേഷമായിരുന്നു ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് തിരക്കിട്ട് മൃതദേഹം കത്തിച്ചത്. മൃതദേഹത്തിനൊപ്പം ഗ്രാമത്തിലെത്തിയ മാധ്യമങ്ങളെയും അവിടേക്ക് കടത്തി വിട്ടില്ല. പിറ്റേന്ന് രാവിലെ മുതല്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 300-ഓളം പോലീസുകാരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ലക്സ്കര്‍ ആയിരുന്നു ഇതിനെല്ലാം നേതൃത്വം നല്‍കിയത്. വീട്ടുകാരെ കാണിക്കാതെ തിടുക്കത്തില്‍ കത്തിച്ചു എന്ന് മാത്രമല്ല, പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തുടക്കം മുതല്‍ തന്നെ പ്രവീണ്‍ കുമാറിന്റെ ലക്സ്കറിന്റെ
നടപടികള്‍ വിവാദത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരോട് നിലപാട്
മയപ്പെടുത്താനും ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗൗരവകരമാകുമെന്നും ഇയാള്‍ പറയുന്ന വീഡിയോ
ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ‘പകുതി മാധ്യമങ്ങള്‍ പോയി.
ബാക്കിയുള്ളവര്‍ കൂടി ഇന്നങ്ങ് പോകും. പിന്നെ ഞങ്ങള്‍ മാത്രമേ നിങ്ങള്‍ക്കൊപ്പം
നില്ക്കാന് ഇവിടെ കാണൂ എന്ന് ഓര്‍ക്കണം, അതുകൊണ്ട് പറഞ്ഞ കാര്യങ്ങള്‍
മാറ്റിപ്പറയണോ എന്ന് നിങ്ങള്‍ തീരുമാനിച്ചു കൊള്ളണം’ എന്നായിരുന്നു ലക്സ്കര്‍
വീഡിയോയില്‍ പറഞ്ഞിരുന്നത്.ഇതിനു പുറമെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍
വെട്ടിമുറിച്ച മൃതദേഹം കാണുന്നത് വിഷമമുണ്ടാക്കും എന്നതിനാലാണ് പെട്ടെന്ന്
ദഹിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞത്.പെണ്‍കുട്ടി കോവിഡ് ബാധിച്ചാണ്
മരിച്ചിരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 25 ലക്ഷം
രൂപ നഷ്ടപരിഹാരം ലഭിക്കില്ലായിരുന്നു എന്നും അത് കിട്ടണമെങ്കില്‍ നിലപാട്
മയപ്പെടുത്തണം തുടങ്ങിയ വിവാദ പ്രസ്താവനയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍
ശ്രമിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ ഇയാള്‍ തല്ലിയെന്നും ബന്ധുക്കള്‍
ആരോപിച്ചിരുന്നു. അടിയേറ്റ് നിലത്തു വീണ പിതാവിന് ബോധക്ഷയം ഉണ്ടാവുകയും
ചെയ്തു.സെപ്റ്റംബര്‍ 14-ന് അമ്മയ്ക്കൊപ്പം പുല്ലരിഞ്ഞു കൊണ്ടിരുന്ന 19-കാരിയെയാണ്
അതേ ഗ്രാമത്തില്‍ തന്നെയുള്ള മേല്‍ജാതി താക്കൂര്‍ വിഭാഗത്തിലെ നാല് പേര്
വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും.
നട്ടെല്ല് ഒടിയുകയും കഴുത്തിന് പരിക്കേറ്റ് ശ്വാസമെടുക്കാന്‍ സാധിക്കാതാവുകയും
ചെയ്ത പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനോ കേസെടുക്കാനോ പോലും പോലീസ്
തുടക്കത്തില്‍ തയാറായില്ല. ആദ്യം ആഗ്രയിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയില്‍
സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 30-ന്
മരിക്കുകയായിരുന്നു.