Uncategorized

ആരു തളയ്ക്കും ഈ കോവിഡിനെ?

കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവത്തില്‍ ഭീതിയുടെ നാളുകളില്‍ കഴിഞ്ഞു കൂടുകയാണ് ലോകജനത. ഏറെ വികസിച്ച നമ്മുടെ ഒരു ശാസ്ത്രത്തിനും ഇതിനെ തളയ്ക്കാനുള്ള വഴികള്‍ അജ്ഞാതമാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ നിശബ്ദ കൊലയാളിയെ തളച്ചിടാനുള്ള മാര്‍ഗ്ഗം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എല്ലാ ലോകരാജ്യങ്ങളും. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഈ അസുഖത്തിനുള്ള മരുന്നു കണ്ടെത്തുവാനുള്ള അക്ഷീണ പരിശ്രമത്തിലാണ്. ചില പരീക്ഷണങ്ങള്‍ വിജയത്തോട് അടുത്തു നില്‍ക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. 2013 ല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച സാര്‍സ് രോഗത്തിന് ഇതുവരെയും മരുന്നു കണ്ടു പിടിച്ചിട്ടില്ല. എച്ച്.ഐ.വിയുടെ കാര്യവും ഇങ്ങനെ തന്നെ. എന്ന വസ്തുതയും നമുക്കു മുന്നിലുണ്ട്. നിരന്തരം ഡി. എന്‍. എയ്ക്കു മാറ്റം വരുന്ന ഈ വൈറസിനു മരുന്നു കണ്ടുപിടിക്കുക എന്നത് ഏറെ ശ്രമകരമാണ്. അസുഖം വരാതിരിക്കാനുള്ള വാക്‌സിന്റെ പരീക്ഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു മനുഷ്യ ജീവനപഹരിച്ച, കോടിക്കണക്കിനു മനുഷ്യ ജീവനുകളെ മരണത്തിന്റെ വക്കോളമെത്തിച്ച ഈ രോഗത്തിനു മരുന്നു കണ്ടുപിടിക്കുന്ന രാജ്യം ലോകത്തിനു മുന്നില്‍ രക്ഷകര്‍ തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ശ്രമങ്ങള്‍ ആശാവഹമായി പുരോഗമിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധമരുന്ന് ഗവേഷണവും തുടര്‍പ്രവര്‍ത്തനങ്ങളും ചൈനയിലും യു എസിലും ജര്‍മനിയിലും വിപുലീകരണ ഘട്ടത്തിലാണ്. ചിലയിടത്ത് ഇത് മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിത്തുടങ്ങി. ഏറ്റവും കുറഞ്ഞത് പതിനെട്ട് മാസമാണ് ഒരു വാക്‌സിന്‍ വിപുലീകരിക്കാന്‍ വേണ്ടത്. അത് യുദ്ധകാലാടിസ്ഥാനത്തില്‍ ആണെങ്കില്‍പോലും. പക്ഷെ കോവിഡ് 19 പടരുന്നത് അതിവേഗത്തില്‍ ആയതിനാല്‍ മിക്കവാറും ലോകജനതയുടെ വലിയ ശതമാനത്തിനെ ഇതു ബാധിക്കുമെന്നത് നിസ്സംശയമാണ്. അതുകൊണ്ടുതന്നെ ഗവേഷണങ്ങളും അതി വേഗമാണ്. യു എസിലെ സിയാറ്റിലില്‍ ഉള്ള കൈസര്‍ പെര്‍മനന്റെ വാഷിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് ക്‌ളിനിക്കല്‍ ട്രയലിനായി ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഭാഗമാണിത്. 18- മുതല്‍ 55 വരെ പ്രായമുള്ളവരിലാണ് ആദ്യത്തെ പരീക്ഷണങ്ങള്‍ നടക്കുക. എം ആര്‍എന്‍എ 1273 എന്ന ഈ വാക്‌സിന്‍ മോഡേണ എന്ന ബയോടെക് സ്ഥാപനവുമായി ചേര്‍ന്നാണ് വിപുലീകരിച്ചത്. എന്നാല്‍ ഇത് വിപണിയില്‍ ലഭ്യമാകണമെങ്കില്‍ കടമ്പകള്‍ ഏറെ. അത്രപെട്ടെന്നൊന്നും ലഭ്യമാകില്ല എന്നര്‍ഥം.

മെസ്സെഞ്ചര്‍ ആര്‍എന്‍എ എന്ന ജനിതക പ്ലാറ്റ്ഫോമിലാണ് ഇതിന്റെ വിപുലീകരണം. ഈ സംയുക്തം മനുഷ്യശരീര കോശങ്ങളില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു പ്രോട്ടീന്‍ നിര്‍മിതിക്ക് കാരണമാകും. നേരത്തേ സാര്‍സ്, മെര്‍സ് എന്നിവയ്ക്കു കാരണമാകുന്ന മറ്റു കൊറോണാ വൈറസുകളെക്കുറിച്ച് നല്ല അറിവുള്ളതുകൊണ്ടാണ് ഇത്ര വേഗത്തില്‍ ഇത് വിപുലീകരിക്കാനായതെന്ന് അതിന്റെ വക്താക്കള്‍ പറയുന്നു. ഇതുകൂടാതെ ഫൈസര്‍ എന്ന യു എസ് ബയോടെക് ഭീമനും ജര്‍മനിയിലെ ബയോ എന്‍ ടെക് എന്ന സ്ഥാപനവും മറ്റൊരു രീതിയില്‍ വാക്‌സിന്‍ വിപുലീകരണം നടത്തിവരുന്നു. ക്‌ളിനിക്കല്‍ ട്രയല്‍ എന്ന പരീക്ഷണം തുടങ്ങിയതായും അവകാശവാദമുണ്ട്. വൃത്താകൃതിയുള്ള കൊറോണ വൈറസുകളുടെ ഉപരിതലത്തില്‍ അവയ്ക്ക് മനുഷ്യകോശങ്ങളില്‍ പറ്റിപ്പിടിക്കാനായി പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന മുള്ളു പോലെയുള്ള ഭാഗങ്ങളുണ്ട്. ഇതിന്റെ അഗ്രം കൂര്‍ത്തതല്ല. ഇവ വൈറസിന് ഒരു കിരീടത്തിന്റെ രൂപം നല്‍കുന്നു. കൊറോണ എന്നാല്‍ കിരീടം എന്നര്‍ഥം. 28 ദിവസം കൂടുമ്പോള്‍ കൈകളിലെ പേശികളിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 15 പേരില്‍ 25 മുതല്‍ -250 മൈക്രോഗ്രാം പ്രയോഗിച്ച് നിരീക്ഷിക്കും. വാക്‌സിനേഷനുശേഷം ഇതില്‍ പങ്കെടുത്തവരെ സസൂക്ഷ്മം നിരീക്ഷിക്കും. വാക്‌സിന്‍ ശരീരത്തില്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ എന്നും ശരീരം പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയോ എന്നും പരിശോധിക്കും. അതേസമയം ഇസ്രയേലിലെ മിഗാല്‍ ഗലീലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പത്തു മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കും എന്ന അവകാശവാദവുമായി രംഗത്തുണ്ട്. പടരുന്ന ബ്രോങ്കൈറ്റിസിനുള്ള വാക്‌സിന്‍ അവര്‍ വിപുലീകരിക്കുകയായിരുന്നു. അതിനാല്‍ പെട്ടന്നു തന്നെ കോവിഡ് 19നുള്ള വാക്‌സിന്‍ പുറത്തിറക്കാം എന്നവര്‍ പറയുന്നു. ക്യൂബയും റഷ്യയും ഓസ്ട്രേലിയയുമടക്കമുള്ള രാജ്യങ്ങളും ഫലപ്രദമായ പ്രതിരോധ മരുന്നിനുളള തീവ്ര ഗവേഷണത്തിലാണ്. ചൈനീസ് ഗവേഷകരാണ് ഈ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയത്. ഇത് ലോകത്തെ എല്ലാ ഗവേഷണ സ്ഥാപനങ്ങള്‍ക്കും അവര്‍ ലഭ്യമാക്കി. പ്രതിരോധ മരുന്നു ഗവേഷണരംഗത്തെ ഫേസ് 1 എന്ന ആദ്യഘട്ടം ചൈനയില്‍ അടുത്ത മാസം തുടങ്ങും.

ഫേസ് 2 ട്രയല്‍ വേളയില്‍ നല്‍കാനുള്ള ബാക്കി ഭാഗവും വിപുലീകരിക്കുന്നു. പ്രതിരോധ മരുന്നു കണ്ടെത്താന്‍ ഏതറ്റം വരെയും പോകാനാണ് ചൈനയിലെ ഗവേഷകരുടെ തീരുമാനം. കൊറോണ വൈറസ് വ്യാപനം, ജനിതകമാറ്റം തുടങ്ങിയവയെപ്പറ്റി വിപുലമായ ഗവേഷണപദ്ധതികളും പുരോഗമിക്കുകയാണ്. കേരളത്തിലെ ചില ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ഇത്തരം ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. വാക്‌സിനുകള്‍ ലഭ്യമായാലും ഇത് വേഗം എല്ലാവരിലും എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക നില നില്‍ക്കുന്നുണ്ട്. വൈറസ് വ്യാപനം കമ്യൂണിറ്റി സ്‌പ്രെഡ് എന്ന അവസ്ഥയില്‍ എത്തിയാല്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളെ ബാധിക്കും. കോവിഡ്19നു ശേഷമുള്ള ലോകത്ത് വളരെയധികം സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടി വരും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒപ്പം നിതാന്ത ജാഗ്രതയും. ശരീരത്തിന്റെ പ്രതിരോധശേഷിയാണ് പ്രധാനം. പ്രതിരോധ ശക്തി വര്‍ധിച്ചാല്‍ തന്നെ ഇപ്പോള്‍ സാധാരണ വൈറല്‍ പനിയെ നേരിടുന്നതു പോലെ ഇതും വലിയ ഹാനി വരുത്താതെ നോക്കാനാകും.

പക്ഷെ കോവിഡ്19 വൈറസ് ബാധിക്കുമ്പോള്‍ മറ്റു രോഗങ്ങങ്ങളുള്ള ആളുകളില്‍ അതൊക്കെ തീവ്രമാകുന്നതായി കാണുന്നുണ്ട്. ഏറ്റവും ഉചിതമായത് ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കാനുള്ള ജീവിതശൈലി സ്വീകരിക്കുക എന്നതാണ്. ഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഓരോരുത്തര്‍ക്കും അറിയാം. കുഴപ്പമുണ്ടാക്കും എന്നുള്ളവ ഒഴിവാക്കണം. സമീകൃതാഹാരം ശീലിക്കുക. പോഷകങ്ങളുടെ കുറവ് പരിഹരിക്കുക. നല്ല ഉറക്കം, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വീട്ടിലും ജോലിസ്ഥലത്തും വാഹനങ്ങളിലും ശുചിത്വം ഉറപ്പു വരുത്തുക. വ്യക്തി ശുചിത്വത്തിനൊപ്പം സാമൂഹ്യ ശുചിത്വവും പരമപ്രധാനമാണ്. ഒപ്പം സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുക. എന്തായായാലും സമീപഭാവിയില്‍ തന്നെ കോവിഡ്19 നെ നേരിടുന്നതിനുള്ള ശക്തമായ വാക്സിന്‍ ലഭ്യമാകുമെന്നു തന്നെ പ്രത്യാശിക്കാം.

Tags
Show More

Related Articles

Back to top button
Close