INSIGHT

ആരു ഭയക്കണം പ്രവാസികളുടെ തിരിച്ചു വരവ്?

കാണാപ്പൊന്നും തേടി കടലിനക്കരെ പോയവന്റെ ജീവിതം പരിചിതമല്ലാത്ത മലയാളിയില്ല. ആധുനിക കേരളം അടിക്കല്ലുവയ്ക്കുന്നതു തന്നെ കടലിനക്കരെ പ്രവാസിയൊഴുക്കിയ വിയര്‍പ്പിലാണ്. പ്രവാസവും പ്രവാസിയും ഇന്നും നമ്മുടെ സമ്പത്തിന്റെ അക്ഷയ പാത്രമാണ്. പ്രവാസിക്കപ്പുറം ദേശസ്‌നേഹത്തെ വര്‍ണിക്കാന്‍ ഏതു മഹാ തൂലികയ്ക്ക് സാധിക്കും? മരുഭൂമിയില്‍ ആടുജീവിതം തീര്‍ത്ത നജീബിനേയും പത്തേമാരിയില്‍ അറബിപ്പൊന്നു തേടി യാത്രയായ പള്ളിക്കല്‍ നാരായണനേയും മലയാളി നേഞ്ചേറ്റിയത് അത്തരം ജീവിതങ്ങളെ ആഖ്യാനം ചെയ്തതുകൊണ്ടാണ്. പ്രവാസത്തോടും പ്രവാസിയോടും മലയാളിക്കു വൈകാരികമായ അടുപ്പമുണ്ട്. കോവിഡ് മഹാമാരിയുടെ അതിതീഷ്ണതയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ നാം നമ്മുടെ പ്രവാസികളെ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും അതേ വൈകാരികതയോടെയാണ്.
പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വിവേചനപരമായ ചെയ്തികള്‍ക്കെതിരെ ഘോരം ഘോരം പ്രസംഗമാണ് നമ്മുടെ പ്രതിപക്ഷം. അവരെ കൈവിടാതെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടു തന്നെ ഇരു സര്‍ക്കാരും സ്വീകരിച്ചു എന്നതും നിസംശയമാണ്. എങ്കിലും രാജ്യത്തെ പ്രവാസികളുടെ മടങ്ങി വരവും രാജ്യത്തിന്റെ കോവിഡ് നിരക്കിലെ വര്‍ധനവും ആശങ്കാ ജനകമാണ്. ചിലപ്പോള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു എന്നു തന്നെ പറയേണ്ടി വരും.

കോവിഡ് വ്യാപനവും പ്രവാസികളുടെ മടങ്ങി വരവും
കോവിഡ് എന്ന രോഗത്തെ കുറിച്ചും അതിനെ വഹിക്കുന്ന കൊറോണ എന്ന വൈറസിനെ കുറിച്ചും ലോകത്തിനാദ്യം അറിവു ലഭിക്കുന്നത് ചൈനയിലേ വുഹാനില്‍ നിന്നുമാണ്. അധികം താമസിക്കാതെ, 2020 ജനുവരി മുപ്പതിന് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്തു. അതും കേരളത്തിലെ തൃശ്ശൂരില്‍. വുഹാന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നും എത്തിയ മലയാളി വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. അധികം സമ്പര്‍ക്ക രോഗങ്ങളൊന്നുമില്ലാതെ രാജ്യവും കേരളവും പ്രതിരോധിച്ചു നില്‍ക്കുമ്പോഴാണ് ഇറ്റലിയില്‍ നിന്നും മടങ്ങിയ ദമ്പതിമാരും അവരുടെ മകനും കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. രോഗബാധിതരായ ഇവരുടെ സമ്പര്‍ക്ക ലിസ്റ്റില്‍ കോട്ടയവും പത്തനംതിട്ടയുമായി രണ്ടു ജില്ലകള്‍ തന്നെയുണ്ടായിരുന്നു. അങ്ങനെ കേരളത്തിനു രോഗവ്യാപനത്തിന്റെ ഹൈ അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നു. മലബാറിലെ മുഴുവന്‍ ജനജീവിതത്തെയും പ്രതിസന്ധിയിലാക്കിയാണ് ഗള്‍ഫില്‍ നിന്നും ഒരു പ്രവാസിയെത്തി നാട്ടില്‍ വിലസിയത്. എം.എല്‍.എ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ടാതായി വന്നു. ആദ്യ രോഗ റിപ്പോര്‍ട്ടിനു ശേഷം മാസം ഏഴു കഴിയുമ്പോള്‍ ഇന്നു രോഗികളുടെ ആകൈ എണ്ണം 6,543, കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 27മാണ്.

വന്ദേഭാരത് ആര്‍ക്കുവേണ്ടി?
മറ്റെല്ലാ ലോക രാജ്യങ്ങള്‍ക്കും മാതൃകയായി വന്ദേഭാരത് മിഷന്‍ വിജയകരമായി മൂന്നാം ഘട്ടത്തിലേക്കു കടക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ കൊറോണ ഭീതിമൂലം കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യമാണ് വന്ദേഭാരതം. നാവിക സേനയും എയര്‍ ഇന്ത്യയുമാണ് ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നകത്. നാല്‍പത്തി മൂന്നു രാജ്യങ്ങളില്‍ നിന്നായി 386 സര്‍വ്വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അതില്‍ എഴുപത്തിയാറും കേരളത്തിലേക്കാണ്. ഈ മൂന്നു ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ 45% ആളുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതില്‍ ഇന്ത്യയിലേക്കെത്തുന്നത്. വിവിധരാജ്യങ്ങളില്‍ നിന്നായി 3.6 ലക്ഷം പ്രവാസികള്‍ ഇന്ത്യയിലേത്തിയിട്ട്ുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി സംസ്ഥാനത്തു മാത്രം 2,07,194 പേര്‍ എത്തി. മെയ്മാസം 7-ാം തിയതിയാണ് വന്ദേഭാരതിന്റെ ആദ്യ ദൗത്യം നടന്നത്. അന്നുവരെ ആയിരത്തില്‍ താഴെമാത്രം കോവിഡ് രോഗികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് പ്രതിദിനം 25,000 രോഗികള്‍ വീതം ഉണ്ടാക്കുന്നുണ്ട്. സമ്പര്‍ക്ക രോഗികളും അതിലേറേ.

പ്രവാസികള്‍ക്കായി നാം ഒരുക്കിയതും അവര്‍ ചെയ്തതും
പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചു നാടുചുറ്റിയ പ്രവാസിയെ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സമൂഹം ഭീഷണിയുടെ മുന്നില്‍ നില്‍ക്കുമ്പോഴുണ്ടാ ഈ അനാസ്ഥ മാപ്പര്‍ഹിക്കാത്തതാണ്. മറ്റു ദേശങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ക്വാറെന്റന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യം തികച്ചും സൗജന്യമായി ചെയ്ത ഇത് പിന്നീട് ചെറിയ തുക ഈടാക്കിയും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ രണ്ടര ലക്ഷം കിടക്കകളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ 90% കിടക്കകളും ശൂന്യമായി തന്നെ കിടക്കുകയാണ്. ക്വാറെന്റനായി കൂടുതല്‍ പ്രവാസികളും സ്വന്തം വീടു തന്നെയാണ് തിരഞ്ഞെടുക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ മാത്രം ആശുപത്രിയില്‍ എത്തുകയും ചെയ്യുന്നു. ഇതു സാമൂഹ്യ വ്യാപനത്തിനു ഇടവെയ്ക്കുകയും ചെയ്യുന്നു.

കോവിഡിന്റെ അതിരുകള്‍
കോവിഡ് മഹാമാരിയ്ക്കു മുമ്പില്‍ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ഒരുപോലെ ആശങ്കയുടെ നിഴലിലാണ്. ലോകരാജ്യങ്ങളിലൊന്നും ഈ രോഗത്തിനു കൃത്യമായ ചികിത്സാ രീതികളോ മരുന്നോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. സമ്പന്ന രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ ഇവടേക്കു വരുമ്പോള്‍ പ്രതിരോധത്തിലാവുന്നത് നമ്മുടെ ആരോഗ്യ മേഖലയാണ്. മാത്രവുമല്ല അവിടെയുള്ളതിനേക്കാള്‍ മികച്ച ചികത്സ നല്‍കാനും കഴിയില്ല. മെച്ചപ്പെട്ട ആരോഗ്യ ചികത്സാ സംവിധാനങ്ങളോ ആവശ്യമായത്ര ആരോഗ്യ പ്രവര്‍ത്തകരോ നമ്മുടെ രാജ്യത്തിനില്ല. പ്രവാസികളുടെ കുത്തൊഴുക്കുണ്ടാകുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നിലനില്‍പ്പ് താളംതെറ്റും.

കോവിഡിനു മുമ്പില്‍ കാലിടറും ഇന്ത്യ
കോവിഡ് മഹാമാരി പടര്‍ന്നാല്‍ ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ഉയര്‍ന്ന ജനസാന്ദ്രതയും വര്‍ധിച്ച ജന സംഖ്യയുമാണ്. ഇത്തരമൊരു സ്ഥിതിയില്‍ കോവിഡ് സാമൂഹ്യ വ്യാപനത്തോളമെത്തിയാല്‍ അതിനെ അതിജീവിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയാകും.

സ്വഭാവം മാറും കൊറോണ
കൊറോണ വൈറസിന്റെ ഉറവിടമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നും നിഗൂഡമാണെങ്കിലും ശാസ്ത്ര ലോകത്തെ ഏറ്റവും കുഴയ്ക്കുന്ന കാര്യം ചൈനയിലുത്ഭവിച്ച ഈ വൈറസിനു ഭൂഖണ്ഡങ്ങള്‍ തോറും ഓരോ സ്വഭാവം വരുന്നു എന്നതാണ്. ജനറ്റിക് മ്യൂട്ടേഷനെന്നു ശാസ്ത്രം വിളിക്കുന്ന ഈ ജനിതക മാറ്റം കൊറോണാ വൈറസിന്റെ സ്വഭാവ വ്യതിയാനത്തിനു കാരണമാകുന്നു. ശരിയായ മരുന്നു കണ്ടു പിടിക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളിലൊന്നാണ് ഈ മാറ്റം. പ്രവാസികളുടെ വരവ് ഇന്ത്യയുടെ കോവിഡ് വ്യാപനത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ മറ്റൊരു കാരണമിതാണ്. വ്യത്യസ്ത സ്വഭാവമുള്ള കൊറോണ വൈറസുകളുടെ സംഗമ ഭൂമിയായി ഇന്ത്യ മാറും. രോഗ ചികത്സയെ ഇതു പ്രതികൂലമായി ബാധിക്കും.

പ്രവാസികളുടെ നിലനില്‍പ്പും ദേശ സ്‌നേഹവും
ഗള്‍ഫുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കോവിഡ് മഹാമാരിക്കു മുമ്പില്‍ കാലിടറി നിന്നപ്പോഴാണ് നമ്മുടെ പ്രവാസികള്‍ക്ക് നാട്ടിലേക്കു തിരികെ വരണം എന്ന ആവശ്യം ഉന്നയിച്ചത്. പ്രളയമുള്‍പ്പെടെയുള്ള വന്‍ദുരന്തനാളുകളില്‍ നമ്മുടെ നാടിന്റെ ഉയര്‍ച്ചയെ അവര്‍ സഹായിച്ചിട്ടുമുണ്ട്. ദുരന്തനാളുകളില്‍ നമുക്കൊപ്പം നിന്നവരെ ചേര്‍ത്തു പിടിക്കുക തന്നെ വേണം എങ്കിലും, സ്വന്തം സുരക്ഷ മാത്രം നോക്കുന്ന പ്രവാസികള്‍ നാടിന്റെ സുരക്ഷയും സ്ഥിതിയും പാടെ അവഗണിച്ചിരുന്നോ? സ്വയ രക്ഷയ്ക്കായി നാട്ടിലെത്തണമെന്നു പറഞ്ഞവരിലധികവും യൂറോപ്പുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ കോവിഡിന്റെ തീഷ്ണതയെ അതിജീവിച്ചു സ്വസ്ഥത കൈവരിച്ചപ്പോള്‍ തിരികെ വരണമെന്നുള്ള വാദത്തെ പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. കോവിഡ് ബാധിതയുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളില്‍ മൂന്നാമതെത്തിയപ്പോള്‍ ഈ മാറ്റം പ്രഥമ ദ്യഷ്ട്യാ മനസിലാക്കാം, വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിലെത്തുമ്പോള്‍ ഇവടേക്കു വരുന്ന വിമാനങ്ങളിലെ 40% കാലിയാണ്. യാത്രയ്ക്കായി ബുക്കു ചെയ്തവരില്‍ പകുതിയോളം പേര്‍ക്കും ഇന്നാവശ്യമില്ല. കാരണം അവര്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ സുരക്ഷിതരാണ് അവിടെ. ദേശ സ്‌നേഹം പടിയിറങ്ങിപ്പോകുന്ന ഓരോ വഴികളേ!

പ്രവാസികളുടെ മടങ്ങി വരവും പ്രതിസന്ധികളും
തൊഴില്‍ രഹിതരായി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും, പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സഹായവും സര്‍ക്കാര്‍ ജോലികളില്‍ പ്രവാസികള്‍ക്കായി തസ്തിക സൃഷ്ടിക്കും ഉള്‍പ്പെടെ എണ്ണപ്പെടാത്ത അത്രയും പദ്ധതികളാണ്. വിരോധാഭാസമായി തോന്നുന്നത് തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കേരളമിപ്പോള്‍. കൊവിഡ് കാലത്തു തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ കൂടാതെ തന്നെ അവസ്ഥയിതാണ്. അപ്പോള്‍ പ്രവാസികളായവര്‍ക്കു തൊഴിലവസരം സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പടെ നല്‍കുമെന്ന വാഗ്ദാനം എത്രമാത്രം സഫലമാകുമെന്നു കണ്ടറിയണം.
ദേശസ്‌നേഹത്തിന്റെയും ഗൃഹാതുരചിന്തകളെക്കാളും നാടിനാവശ്യം നല്ല നിലനില്‍പ്പാണ്. സ്വന്തം മണ്ണിനെയും അവിടുത്തെ മനുഷ്യരെയും സ്‌നേഹിക്കുന്ന ഓരോ പ്രവാസിയും ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും അതിനായാണ്. നാടിന്റെ അടിത്തറ പാകിയവര്‍ തന്നെ അടിക്കല്ലിളക്കുന്ന അവസ്ഥയോളം എത്താതിരിക്കട്ടെ ഈ ദുരന്തകാലം.

Tags
Show More

Related Articles

Back to top button
Close