KERALANEWS

ആരോഗ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം ; ഡോ. എസ്.എസ്.ലാൽ

തിരുവനന്തപുരം; കളമശ്ശേരി മെഡിക്കൽ കോളേജ് സംഭവത്തിൽ ആരോഗ്യമന്ത്രി തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡോ: എസ്.എസ്. ലാൽ ആരോപിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ വീഴ്ചകളുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന ഡോ.നജ്മ ചൂണ്ടിക്കാണിച്ചപ്പോൾ ഒരു ആരോഗ്യ മന്ത്രിയിൽ നിന്നും പൊതുജനം പ്രതീക്ഷിച്ചത് ജനങ്ങളുടെ ആരോഗ്യത്തിലുള്ള താല്പര്യവും ഭരണ നിപുണതയും വെളിവാക്കുന്ന നടപടികളാണ്. എന്നാൽ അത്തരം നടപടികൾ ഉണ്ടായില്ല എന്ന് മാത്രമല്ല, അതിന് ഘടകവിരുദ്ധമായി യുവ വനിതാ ഡോക്ടറെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ കൂട്ടുനിൽക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്തത്.

കൊവിഡ് ചികിത്സക്കായി മാറ്റിവച്ച കളമശ്ശേരിയിലേതുൾപ്പെടെയുള്ള കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കാര്യമായ കുറവുകളുണ്ട്. ഇത് ജനങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും നേരിട്ട് ബാധിക്കുകയാണ്. ആശുപത്രികളിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അധികജോലി ചെയ്ത് ക്ഷീണിതരാണ്. മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ജീവനക്കാർ ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികളിലെ സാരമായ കുറവുകൾ കാരണം വീഴ്ചകൾക്കുള്ള സാദ്ധ്യതകൾ ഇനിയും നിലനിൽക്കുന്നു. അതുകാരണമാണ് രോഗികളെ പുഴുവരിക്കുന്നതും ഗർഭിണികൾക്ക് ചികിത്സ കിട്ടാതെ വരുന്നതും നവജാത ശിശുക്കൾ മരിക്കുന്നതും കൊവിഡ് രോഗി പീഡിപ്പിക്കപ്പെടുന്നതും. ഈ കുറവുകൾക്ക് ഉത്തരവാദി ആരോഗ്യവകുപ്പും അതിൻറെ ചുമതലക്കാരി എന്ന നിലയിൽ ആരോഗ്യ മന്ത്രിയുമാണ്.

ആശുപത്രിയിലെ സംവിധാനങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ച വനിതാ ഡോക്ടറെയും നഴ്സിങ് ഓഫീസറെയുമായിരുന്നു ആരോഗ്യമന്ത്രി ആദ്യം ബന്ധപ്പെടേണ്ടിയിരുന്നത്. ഡോ: നജ്മയ്ക്കും നഴ്സിങ് ഓഫീസർ ജലജാ ദേവിക്കും പറയാനുള്ളത് ആരോഗ്യമന്ത്രിയുൾപ്പെടെ ഉത്തരവാദിത്വമുള്ളവർ ക്ഷമയോടെ കേൾക്കണമായിരുന്നു. വിശദശാംശങ്ങൾ രേഖപ്പെടുത്താൻ ആരോഗ്യ സെക്രട്ടറിയെപ്പോലെ ഉത്തരവാദപ്പെട്ടവരെ ആരെയെങ്കിലും ചുമതലപ്പെടുത്തണമായിരുന്നു. അത് ചെയ്‌തില്ലെന്ന് മാത്രമല്ല നഴ്സിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയാണുണ്ടായത്. ഡോ: നജ്‌മയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. ഡോക്ടർ നജ്‌മയ്‌ക്കെതിരെ വ്യാപകമായ അധിക്ഷേപം ഉണ്ടായിട്ടും വനിതാക്ഷേമത്തിൻറെ മന്ത്രികൂടിയായ ആരോഗ്യ മന്ത്രി കണ്ട ഭാവം നടിച്ചിട്ടില്ല. സ്ത്രീകളെ ബാധിക്കുന്ന ഏത് വിഷയത്തിലും പ്രതികരിക്കുന്ന ഇടത് വനിതാ സംഘടനകളുടെ മൗനം ദുരൂഹമാണ്. കൊവിഡ് തുടങ്ങിയതിനു ശേഷം ഇതുവരെ ആരോഗ്യ രംഗത്തെ സർക്കാരിതര പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒരു മേശയ്ക്കു ചുറ്റും ചർച്ചയ്ക്കു ക്ഷണിക്കാത്ത ആരോഗ്യ മന്ത്രി ഡോക്ടർ നജ്‌മയ്‌ക്കെതിരെ നിലപാടെടുക്കാൻ നേതാക്കളോട് അഭ്യർത്ഥിക്കുന്നത് പ്രതിഷേധാർഹമാണ്. സംസ്ഥാന ആരോഗ്യ നയത്തിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ ഓഡിറ്റിങ് സംവിധാനവും പരാതി പരിഹാര സെല്ലും എവിടെയാണെന്ന് ആർക്കും അറിയില്ല. പരാതി പരിഹാര സെല്ലിന് പകരം പരാതിക്കാരെ കൈകാര്യം ചെയ്യാൻ സി.പി.എം. സൈബർ സെല്ലിനെ ഏല്പിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.

മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ആശുപത്രികൾക്ക് മതിയായ പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തത് ഇത്തരം വീഴ്ചകൾ തുടരെ തുടരെ ആവർത്തിക്കുന്നതിൻറെ പ്രധാന കാരണമാണ്. മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണം നൽകണമെന്ന സർക്കാരിൻറെ നയരൂപീകരണ സമിതി പ്രാഥമിക നിർദ്ദേശം ഉടൻ നടപ്പാക്കുകയാണ് വേണ്ടത്. ചില വികസിത നാടുകളിൽ ഉള്ളതുപോലെ, ചികിത്സാ പിഴവുകൾ പഠിക്കാനും നിഷ്പക്ഷമായി കൈകാര്യം ചെയ്യാനും ഉതകുന്ന മെഡിക്കൽ ഓംബുഡ്സ്മാൻ പോലുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന ആരോഗ്യ വിദഗ്‌ദ്ധരുടെ നിർദ്ദേശത്തിന് ഇതുവരെ പരിഗണന നൽകാത്തത് ചികിത്സകാര്യത്തിൽ സർക്കാർ മികവ് ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണ്.
കൊവിഡിനെ നേരിടാൻ ഇനിയും കൃത്യമായ ഒരു തന്ത്രം ആവിഷ്കരിക്കാത്ത സർക്കാർ കുറവുകൾ ചൂണ്ടിക്കാണിക്കുന്നവരെ ആരോപണങ്ങൾ ഉന്നയിച്ചും ആക്ഷേപിച്ചും നിശബ്ദരാക്കുകയാണ്. സർക്കാരിനെ പ്രശംസിക്കാൻ വേണ്ടി അഭ്യർത്ഥിക്കാൻ മാത്രമാണ് ആരോഗ്യ സംഘടനകളുടെ നേതൃത്വത്തെപ്പോലും മന്ത്രിയും മന്ത്രിയുടെ ഓഫീസും ബന്ധപ്പെടുന്നത്. കേരളത്തിൽ വ്യാപകമായി കൊവിഡ് പടരുമെന്ന മുന്നറിയിപ്പുകൾ തുടക്കകാലത്ത് തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നപ്പോൾ അതെല്ലാം അവഗണിച്ചും ഇല്ലാത്ത കണക്കുകൾ കാണിച്ചും ആഘോഷം നടത്തുന്നതും അവാർഡുകൾ നേടുന്നതുമായിരുന്നു കണ്ടത്. കൊവിഡ് നിയന്ത്രണത്തിലുണ്ടായ വലിയ പരാജയങ്ങൾക്കും ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾക്കും ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണംമെന്നും ഡോ. എസ്.എസ് ലാൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close