ആരോപണം അടിസ്ഥാനരഹിതം : ഗതാഗതമന്ത്രി

ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചു ലക്ഷം രൂപ അനുവദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സെക്രട്ടേറിയറ്റും അനുബന്ധ ഓഫിസുകളും അണുവിമുക്തമാക്കാനാണ് തുക അനുവദിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരാരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
2020 മാർച്ച് 30ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം കോവിഡ്19 സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്താനും ഓഫീസുകൾ ഉൾപ്പെടെ പൊതുവിടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്നതിനുമായി രണ്ടുകോടി പതിനൊന്നായിരത്തിതൊള്ളായിരത്തി അമ്പതു രൂപ ഗതാഗത കമ്മീഷണറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. തുക ഈ ആവശ്യത്തിനായി കമ്മീഷണർ 03/04/2020 ൽ എ5/25/2020 നമ്പർ ഉത്തരവ് പ്രകാരം വിവിധ ഓഫീസുകളിലേക്ക് അനുവദിച്ചിരുന്നു. ഈ തുക വകമാറ്റുകയോ ഈ ഓഫീസിൽ എതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം ആവശ്യത്തിനുളള തുകകൾ സംബന്ധിച്ച ഉത്തരവുകൾ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ലഭിച്ചാൽ അത് പൊതുഭരണ വകുപ്പിന്് കൈമാറുകയാണ് ചെയ്യാൻ കഴിയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഇത്തരത്തിലുളള പ്രസ്താവനകളെന്നും മന്ത്രി അറിയിച്ചു.