
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ക്ക് അവരുടെ ജോലി ചെയ്യാനുണ്ട്. എനിക്ക് എന്റെയും. അക്കാര്യത്തില്‍ അസ്വസ്ഥനാകേണ്ടതില്ല. എനിക്ക് യാതൊരു അസ്വസ്ഥതയുമില്ല. വലിയ രാഷ്ട്രീയ പോരാട്ടം നടത്തേണ്ടതുണ്ട്. ഫാറൂഫ് അബ്ദുള്ള മരിച്ചാലും ജീവിച്ചിരുന്നാലും പോരാട്ടം തുടരുകതന്നെ ചെയ്യും – ഇ.ഡി. ഓഫീസിനു മുന്നില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റിയാല്പ്പോലും തന്റെ നിലപാടില്‍ മാറ്റംവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ചെയര്മാന് ആയിരുന്ന കാലത്തെ 43 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീനഗറില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍.