KERALANEWSTrending

ആറ്റുകാല്‍ പൊങ്കാല: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ഉത്സവം അവസാനിക്കുന്നതുവരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല ഇടാന്‍ അനുവദിക്കില്ല. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കും. കാപ്പുകെട്ടി കുടിയിരുത്തുന്നതു മുതലുള്ള എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടമില്ലാതെ ക്ഷേത്ര ചടങ്ങുകള്‍ മാത്രമായാണു നടത്തുന്നതെന്നു ക്ഷേത്ര ഭരണ സമിതി അറിയിച്ചിട്ടുണ്ട്. പൊങ്കാല ദിവസം വീടുകളില്‍ പൊങ്കാലയിടുമ്പോഴും സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. പൊങ്കാലയുമായി ബന്ധപ്പെട്ട ക്ഷേത്ര ചടങ്ങുകള്‍ ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിലൂടെ ഭക്തര്‍ക്കു കാണാവുന്നതാണ്. പൊങ്കാലയിട്ടശേഷം ഭക്തര്‍ ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തുന്നതും നിര്‍ബന്ധമായി ഒഴിവാക്കണം.

തിരക്കു നിയന്ത്രിക്കുന്നതിനു ക്ഷേത്ര പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണം. ക്ഷേത്രത്തിലേക്ക് ഭക്തര്‍ പ്രവേശിക്കുന്നതിനു മുന്‍പായി തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. സാനിറ്റൈസറും നല്‍കും. കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച് ക്ഷേത്ര പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റേജ് കെട്ടിയുള്ള പരിപാടികളും അനുബന്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. ക്ഷേത്ര പരിസരത്ത് നിലവിലുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു പുറമേ പുതുതായി കടകള്‍ തുറക്കാന്‍ അനുവാദം നല്‍കില്ല. ഉത്സവം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘം ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യും. മരുന്ന്, ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ശുചിമുറികള്‍ സജ്ജമാക്കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിനോടകം പൂര്‍ത്തിയായി. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും ഉത്സവ കാലയളവില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close