Breaking NewsNEWSTop News

ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാം; സംസ്ഥാനങ്ങൾക്ക് പുതിയ മാർ​ഗനിർദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെ‌ടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് പുതിയ മാർ​ഗങ്ങനിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ലോക് ഡൗൺ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതിൽ കൂടുതലോ ആകുന്ന സാഹചര്യത്തിലും ആശുപത്രി കിടക്കകൾ 60 ശതമാനത്തിലധികം ഉപയോ​ഗിക്കപ്പെടുന്ന അവസരങ്ങളിലും ലോക്ക്ഡൗണ്‍ വരെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ആകാമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു.

ഒരു പ്രദേശത്തു ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ ‘വലിയ കണ്ടെയ്ന്‍മെന്റ് സോണ്‍’ പ്രഖ്യാപിക്കുമ്പോള്‍, രോഗികളുടെ കണക്ക്, മറ്റു വിശകലനങ്ങള്‍, ഭൂമിശാസ്ത്രം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി, അതിര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കണം. കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ

രാത്രി കര്‍ഫ്യൂ – അവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെ രാത്രിയില്‍ എല്ലാം നിരോധിക്കണം. കര്‍ഫ്യു കാലാവധി പ്രാദേശിക ഭരണകൂടത്തിനു തീരുമാനിക്കാം.

അവശ്യ സേവനങ്ങള്‍ മാത്രമേ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അനുവദിക്കാവൂ.

അവശ്യവസ്തുക്കളുടെ ഗതാഗതം ഉള്‍പ്പെടെയുള്ള അന്തര്‍-സംസ്ഥാന സര്‍വീസുകള്‍ക്കു നിയന്ത്രണങ്ങള്‍ പാടില്ല.

സാമൂഹികം, രാഷ്ട്രീയം, കായികം, വിനോദം, അക്കാദമിക്, സാംസ്‌കാരികം, മതം, ഉത്സവ സംബന്ധിയായ മറ്റ് ഒത്തുചേരലുകള്‍ തുടങ്ങിയവ നിരോധിക്കണം.

റെയില്‍വേ, മെട്രോ, ബസ്, ക്യാബുകള്‍ തുടങ്ങിയ പൊതുഗതാഗതം അവയുടെ ശേഷിയുടെ പകുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാം.

വിവാഹങ്ങളില്‍ 50 പേരെ പങ്കെടുപ്പിക്കാം. ശവസംസ്‌കാര ചടങ്ങുകള്‍ 20 പേര്‍ക്കായി പരിമിതപ്പെടുത്തണം.

ഷോപ്പിങ് കോംപ്ലക്‌സുകള്‍, സിനിമ തിയറ്ററുകള്‍, റസ്റ്ററന്റുകളും ബാറുകളും, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ജിം, സ്പാ, നീന്തല്‍ക്കുളം, ആരാധനാലയങ്ങള്‍ എന്നിവ അടയ്ക്കണം.

വ്യവസായിക, ശാസ്ത്ര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കണം

ഓഫിസുകള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close