KERALANEWS

ആശങ്കയിലാകുന്ന ആരോഗ്യ രംഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഭവിക്കുന്നതെന്ത്?

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിന്റെ എല്ലാം ഭാഗമായിട്ട് ഒമ്പത് മാസമായി. മഹാമാരിയുടെ പ്രാരംഭകാലത്ത് സര്‍ക്കാര്‍കൈകൊണ്ട പ്രതിരോധ നടപടികളെല്ലാം രോഗവ്യാപനം അതിരൂക്ഷമായപ്പോള്‍ കൈ വിട്ട് പോകുന്ന ചിത്രമാണ് നാം കണ്ടത്. നമ്മുടെ ആരോഗ്യരംഗം ലോക മാതൃകതന്നെ സൃഷ്ടിച്ചു. പക്ഷേ അതിനു വിരുദ്ധമായി ആരോഗ്യരംഗത്തെ മോശമാക്കുന്ന കാഴ്ചകളാണ് പിന്നിട് കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തുണ്ടായ കാര്യങ്ങല്‍ തന്നെ ഉദാഹരണം.
രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് മിക്കപ്പോഴും ആയിരം കടക്കുന്നു. എന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ 400ല്‍പ്പരം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതിന് ഇരട്ടിയേലേറെ വരും, ഇവിടെ കിടപ്പുരോഗികള്‍. ഇപ്പോഴത്തെ ജീവനക്കാരെ മാത്രംവച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കിടപ്പുരോഗികളെ ചികിത്സിക്കാന്‍ പറ്റില്ല. കൂട്ടിരിപ്പുകാരെ പൂര്‍ണമായി ഒഴിവാക്കിയതിനാല്‍ രോഗികളെ സഹായിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ. രോഗികളെ സഹായിക്കാന്‍ അധിക ജീവനക്കാരെ ഡ്യൂട്ടിക്കിട്ടാല്‍ കിടപ്പുരോഗികള്‍ക്ക് പോലും കൃത്യമായി ചികിത്സ കിട്ടാത്ത അവസ്ഥായാകും. ഇങ്ങനെ ജീവനക്കാരുടെ കുറവ് മൂലം ശ്വാസം മുട്ടുകയാണ് മെഡിക്കല്‍കോളേജ്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ 10 തവണ കത്തെഴുതി, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. 10 ദിവസം മുമ്പ് വീണ്ടും ഒരു കത്തുകൂടി നല്‍കി. ഇതിനും ഇതുവരെ ഒരു മറുപടി ഉണ്ടായിട്ടില്ല. പകരം ചികിത്സാ വീഴ്ച സംഭവിച്ചപ്പോള്‍ കൃത്യമായ അന്വേഷണം പോലും നടത്താതെ മൂന്ന്പേരെ സസ്പെന്‍ഡു ചെയ്തു എന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അധികജോലി ചെയ്ത് മെഡിക്കല്‍ കോളേജിലെ പല ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെല്ലാം ഇടയിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി നല്കിയത്. കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെയും വെണ്ണിയൂര്‍ സ്വദേശിയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറിയില്‍ ഓരോ മൃതദേഹത്തിനും നമ്പരിട്ടാണ് സൂക്ഷിക്കുക. എന്നാല്‍ വെള്ളിയാഴ്ച അജ്ഞാതന്റെ മൃതദേഹമാണ് വെണ്ണിയൂര്‍ സ്വദേശിയുടേതെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൂടിക്കെട്ടിയ മൃതദേഹം മാറിയതായി വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ ശവസംസ്‌കാര സമയത്തും ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍, ശനിയാഴ്ച ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം മാറി നല്‍കിയതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍.എം.ഒ. ഡോ.മോഹന്‍ റോയി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സാറാ വര്‍ഗീസ് പറഞ്ഞു.
ആരോഗ്യ രംഗത്തെ വീഴ്ചകള്‍ വാര്‍ത്തയായപ്പോഴാണ് മറ്റൊരു വീഴ്ച. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരെടുത്ത അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്സുമാരും റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് സമരത്തിന് കാരണം. 6നകം ഒത്തുതീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. സമരം ചെയ്യുന്ന സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാര്‍ക്ക് ഒപ്പമാണ്. പ്രത്യേക അവധി റദ്ദാക്കല്‍ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സമരം ശക്തമായാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഇരട്ടിയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close